ഇടത് ഭരണത്തില്‍ 61,000 ഹെക്ടര്‍ നെല്‍വയല്‍ കാണാതായി

വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ഭരണത്തില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്തിയെന്ന അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.
അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരക്കേ സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ 1,54,940 ഏക്കര്‍ (61,000 ഹെക്ടര്‍) വയലാണ് ഇല്ലാതായത്. ഇക്കാലത്ത് നെല്ലുല്‍പ്പാദനത്തിലും ഇടിവുണ്ടായി. വന്‍കിടക്കാരും സിനിമ നടന്മാരും പാടങ്ങളും തണ്ണീര്‍ തടങ്ങളും വാങ്ങിച്ചതിന് സര്‍ക്കാര്‍ കൂട്ടുനിന്നു. എക്കണോമിക്ക് സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന കയ്യേറ്റങ്ങള്‍ പുറത്തായത്. വി.എസ്സ് ഭരിച്ച അഞ്ചുകൊല്ലവും നെല്ലുല്‍പ്പാദനം കുറഞ്ഞു.
2006ല്‍ ഇടത് മുന്നണി അധികാരത്തില്‍ വരുമ്പോള്‍ നെല്‍കൃഷി വിസ്തൃതി 2,76,000 ഹെക്ടറായിരുന്നു. 2011ല്‍ ഭരണം അവസാനിപ്പിക്കുമ്പോള്‍ വിസ്തൃതി 2,13,000 ഹെക്ടറായി. പരിസ്ഥിതി വാദിയെന്ന് അവകാശപ്പെടുന്ന അച്യുതാനന്ദന്റെ അഞ്ച് വര്‍ഷ ഭരണം കൊണ്ട് വയല്‍ കയ്യേറ്റം വഴി കുറഞ്ഞത് 60,000 ഹെക്ടര്‍ നെല്‍കൃഷി. ഉമ്മന്‍ചാണ്ടി 2006ല്‍ അധികാരമൊഴിയുമ്പോള്‍ നെല്ലുല്‍പാദനം 6,30,000 ടണ്ണായിരുന്നത് സിപിഎം ഭരണത്തില്‍ 5,23,000 ടണ്ണായി. കുറവ് 1,13,000 ടണ്‍. ഉല്‍പാദനക്ഷമതയും ഇക്കാലത്ത് കൂടിയില്ല. യുപിഎ സര്‍ക്കാരിന്റെ കേന്ദ്ര രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ നിന്നും 30 കോടി രൂപയിലേറെ നെല്‍കൃഷി ബോധവല്‍ക്കരണത്തിനായി ധൂര്‍ത്തടിച്ചുവെന്നും വ്യക്തമായി.
2011ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്ന ആദ്യ നാലുകൊല്ലത്തിനുള്ളില്‍ നെല്‍കൃഷി വിസ്തൃതിയില്‍ വെറും 1,500 ഹെക്ടറിന്റെ കുറവാണുണ്ടായത്. എന്നാല്‍ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വന്‍ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ കൊല്ലം സംസ്ഥാനത്തെ നെല്‍ ഉല്‍പ്പാദനം 5,62100 ടണ്ണായിരുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലുണ്ട്.ഇടത് മുന്നണി ഭരണകാലം തീരുമ്പോഴുണ്ടായിരുന്നതിനേക്കാള്‍ 39,400 ടണ്‍ നെല്ല് കൂടുതല്‍.ഈ വര്‍ഷവും കാര്യമായ മാറ്റമില്ല. 2011ല്‍ അച്യുതാനന്ദന്റെ ഭരണം അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് ഒരു ഹെക്ടറില്‍ നിന്നുമുള്ള ശരാശരി നെല്‍ഉല്‍പ്പാദനം 2,452 കിലോഗ്രാമായിരുന്നു. ഇത് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ 2,837 കിലോഗ്രാമായി വര്‍ദ്ധിച്ചു.
റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന വസ്തുത വി.എസ് ഭരിക്കുമ്പോള്‍ വന്‍തോതില്‍ പാടം നികത്തി വന്‍കിടക്കാര്‍ ഷോപ്പിങ്ങ് മാളുകളും ഫഌറ്റുകളും വാട്ടര്‍ ഫ്രണ്ടേജ് അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിച്ചുവെന്നാണ്. ഇടത് ഭരണത്തില്‍ വ്യാപകകയ്യേറ്റം നടന്നുവെന്നതിന് വ്യക്തമായ തെളിവാണ് എക്കണോമിക്ക് സര്‍വേ പ്രസിദ്ധികരണത്തില്‍. ഇത് മറച്ച് വെച്ചാണ് മെത്രാന്‍ കായല്‍ കയ്യേറ്റമെന്നും മറ്റും പറഞ്ഞ് സിപിഎമ്മും അച്യുതാനന്ദനും കള്ളത്തരം പ്രചരിപ്പിക്കുന്നത്. അച്യുതാനന്ദന്റെ സുഹൃത്തായ ഡോ.വി.എസ് വിജയനാണ് 2009ല്‍ ഇടത് ഭരണത്തിന്റെ ജൈവകൃഷി നയത്തിന് നേതൃത്വം നല്‍കിയത്.
സംസ്ഥാനത്ത് കൃഷി അസാദ്ധ്യമാക്കുന്ന ചില നിര്‍ദ്ദേശങ്ങളടങ്ങിയ ഈ നയം മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. പരിസ്ഥിതി സംരക്ഷണത്തെ എതിര്‍ക്കുന്ന ഇടുക്കിയിലെ ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ സംരക്ഷണ സമിതിയും ഇടതുമുന്നണിയും കൈകോര്‍ക്കുന്നുവെന്ന വൈചിത്ര്യവും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു.