ഇന്ത്യ ഉറ്റവരുടെ ചോര വീണ മണ്ണ്: സോണിയഗാന്ധി

ഇന്ത്യ എന്റെ രാജ്യമാണെന്നും എന്റെ ഉറ്റവരുടെ ചോരവീണ മണ്ണാണ് ഇന്ത്യയിലേതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
തിരുവനന്തപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണത്തിനെത്തിയ സോണിയാ ഗാന്ധി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പ്രസ്താവനകളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. രാജ്യത്തോടുള്ള തന്റെ കൂറ് ആരും പഠിപ്പിക്കേണ്ടതില്ലെന്നും ഇന്ത്യയോടുള്ള എന്റെ പ്രതിബദ്ധതയെ ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയില്ലെന്നും വികാരഭരിതയായി സോണിയാ ഗാന്ധി പ്രസ്താവിച്ചു.
ഇറ്റലിയില്‍ ജനിച്ചു എന്നതിന്റെ പേരില്‍ ബി.ജെ.പിയും ആര്‍.എസ്.എസും നിരന്തരം തന്നെ വേട്ടയാടുകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ജനത തന്നെ സ്വന്തം സഹോദരിയായി സ്വീകരിക്കുമ്പോള്‍ രാജ്യത്തോട് കൂറുപുലര്‍ത്തേണ്ടത് എന്റെ ധര്‍മമായി കാണുന്നു. ഞാന്‍ 48 വര്‍ഷക്കാലം ജീവിച്ചത് ഭാരതത്തിലെ മണ്ണിലാണ്. എന്റെ ഉറ്റ ബന്ധുക്കളുടെ ചോരവീണ മണ്ണാണ് ഭാരതത്തിന്റേത്. ഈ മണ്ണില്‍തന്നെയാണ് എന്റെ ചിതാഭസ്മവും അലിഞ്ഞുചേരേണ്ടത് എന്ന് സോണിയാ ഗാന്ധി പറയുമ്പോള്‍ വാക്കുകള്‍ ഇടറിയിരുന്നു.
അമ്പത് മിനിട്ടോളം നീണ്ട കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസംഗത്തില്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കാണിക്കുന്ന ജനദ്രോഹ നടപടികളെയും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും അവര്‍ അക്കമിട്ടുനിരത്തി. കേരളത്തിലെ ഇടതുപക്ഷത്തിന് എന്നും വികസനവിരുദ്ധ നിലപാടാണുള്ളത്. അക്രമരാഷ്ട്രീയത്തിലാണ് എന്നും അവര്‍ക്ക് താല്‍പര്യം. ഇത് തിരിച്ചറിയണമെന്ന് സോണിയ അഭ്യര്‍ത്ഥിച്ചു.
മദ്യനയത്തില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് ഇരുട്ടില്‍തപ്പുകയാണെന്ന് സോണിയാ ഗാന്ധി തൃശൂരില്‍ പറഞ്ഞു. പത്ത് വര്‍ഷം കൊണ്ട് കേരളത്തെ മദ്യവിമുക്തമാക്കുകയെന്ന സുവ്യക്തമായ നയമാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍ മദ്യനയത്തില്‍ പ്രതിപക്ഷത്തിന് ആശങ്കകള്‍ തീരുന്നില്ല.
ഒറ്റയടിക്ക് 730 ബാറുകള്‍ പൂട്ടാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളും മാതൃകയാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. തേക്കിന്‍കാട് മൈതാനിയിലെ നെഹ്‌റു മണ്ഡപത്തില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
നാശത്തിന്റേയും അക്രമത്തിന്റേയും പാതയിലൂടെയാണ് എല്‍.ഡി.എഫ് സഞ്ചരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് മുന്നോട്ടുനയിക്കുന്ന കേരളത്തെ അടുത്ത അഞ്ച് വര്‍ഷം ഭരിച്ച് പുറകോട്ടടിപ്പിക്കുകയാണ് എല്‍.ഡി.എഫിന്റെ പതിവ്. അക്രമപരമ്പരകളാണ് എല്‍.ഡി.എഫ് ഭരണത്തിന്റെ ബാക്കിപത്രം. നിഷേധാത്മക സാമ്പത്തിക അജണ്ടയാണ് എല്‍.ഡി.എഫിനുള്ളതെന്നും സോണിയ കുറ്റപ്പെടുത്തി.
ഭരണത്തിലേറുമ്പോള്‍ കേരളത്തിന്റെ പ്രത്യേക സാമ്പത്തിക ആവശ്യങ്ങളെ എന്നും അവഗണിക്കുകയാണ് അവര്‍ ചെയ്യുന്നത്. കേരളത്തിന്റെ അഭിവൃദ്ധിയുടെ തുടര്‍ച്ചയ്ക്ക് യു.ഡി.എഫ് സര്‍ക്കാരിനെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നു. അത് ഇക്കുറിയും തുടരണം. കേരളത്തിന്റെ തനതുപാരമ്പര്യം നിലനിര്‍ത്താന്‍ യു.ഡി.എഫ് ഭരണം തുടരേണ്ടത് അത്യാവശ്യമാണ്. യു.ഡി.എഫിന് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ ഐക്യത്തിനുള്ളതാണ്: ഭിന്നിപ്പിനുള്ളതല്ല. യു.ഡി.എഫിന് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ ജനാധിപത്യം നിലനിര്‍ത്തുന്നതിനുള്ളതാണ്, വികസനത്തിനുള്ളതാണ് സോണിയ ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്തെ കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്രമോദി അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ കുറ്റപ്പെടുത്തി. കര്‍ഷകര്‍ കഷ്ടപ്പാടുകളിലൂടെ കടന്ന് പോകുമ്പോള്‍ രാജ്യം ചുറ്റി പ്രഭാഷണ പരമ്പരകള്‍ നടത്തുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളോട് വിമുഖത പുലര്‍ത്തുകയാണ് മോദി സര്‍ക്കാര്‍. അവരുടെ പരാതി കേള്‍ക്കാന്‍ മോദി തയ്യാറല്ല. ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തടഞ്ഞ് വെളിച്ചെണ്ണ കര്‍ഷകരെ സംരക്ഷിക്കാനോ റബറിന്റെ വിലസ്ഥിരത ഉറപ്പ് വരുത്താനോ റബര്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരതാ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ച് യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ചരിത്രപ്രധാനമായ പദ്ധതിയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കേരളത്തിന്റെ കുടുംബശ്രീ മാതൃകയില്‍ യു.പി.എ സര്‍ക്കാര്‍ രൂപം നല്‍കിയ സ്വയംസഹായകസംഘങ്ങള്‍ക്കുള്ള പദ്ധതി വിഹിതവും വെട്ടിക്കുറച്ചു. പ്രവാസികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി തുടങ്ങിയ പ്രവാസികാര്യമന്ത്രാലയം നിര്‍ത്തലാക്കി ഇന്ത്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസി ഇന്ത്യക്കാര്‍ക്ക് നേരെ മുഖം തിരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും സോണിയ അഭിപ്രായപ്പെട്ടു.
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. അതിന്റെ ഉദാഹരണമാണ് അരുണാചല്‍ പ്രദേശില്‍ കണ്ടത്. എതിര്‍പ്പുകളുടെ സ്വരങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ മാതൃകയാണ് സര്‍വകലാശാലകളില്‍ കണ്ടത്. മോദി സര്‍ക്കാര്‍ കടുത്ത ശത്രുത പുലര്‍ത്തിയിട്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ എന്നും മുന്‍പന്തിയിലായിരുന്നുവെന്ന് സോണിയാ ഗാന്ധി പ്രശംസിച്ചു. വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ വമ്പിച്ച പുരോഗതിയാണ് ഇക്കാലയളവില്‍ കേരളം കൈവരിച്ചത്. ഇന്ത്യയില്‍ നെല്ലിന് കര്‍ഷകര്‍ക്ക് ന്യായമായ സംഭരണവില നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും സോണിയ പറഞ്ഞു.