ഉത്തരാഖണ്ഡ്: മോദി മാപ്പ് പറയണമെന്ന് സുധീരന്‍

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ സ്വേച്ഛാധിപത്യപരമായി പിരിച്ചുവിട്ട തെറ്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് ഭൂരിപക്ഷം നേടിയത് അക്ഷരാര്‍ത്ഥത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും സുധീരന്‍ പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ്ബിന്റെ ജനസഭ-2016ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസപ്രമേയം നേടാന്‍ സന്നദ്ധമായ ഒരു സര്‍ക്കാരിനെ ഏകാധിപത്യപരമായി പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് നഗ്നമായ ജനാധിപത്യ ലംഘനവും ഭരണഘടനാ വിരുദ്ധവും അധാര്‍മ്മികവുമായ നടപടിയാണ്. കോടതി ഇടപെട്ട് ജനാധിപത്യം സംരക്ഷിച്ചതോടെ ഹരീഷ് റാവത്തിന് ഭരണത്തില്‍ തുടരാനുള്ള അവകാശം പുനഃസ്ഥാപിപ്പെട്ടിരിക്കുകയാണ്. കാലുമാറ്റത്തെ പ്രോല്‍സാഹിപ്പിച്ച് ഭരണം പിടിച്ചെടുക്കാമെന്ന ബിജെപിയുടെ കുടിലതന്ത്രമാണ് ഇതോടെ പൊളിഞ്ഞത്.
ഒരു പ്രധാനമന്ത്രിയുടെ പദവിക്ക് ചേര്‍ന്ന പ്രസംഗമല്ല നരേന്ദ്രമോദി കേരളത്തില്‍ വന്ന് നടത്തിയത്. ഹരിയാനയില്‍ ചുട്ടുകരിക്കപ്പെട്ട കുട്ടികളെ പട്ടിയെന്നാക്ഷേപിച്ചയാള്‍ ഇപ്പോഴും മോദി മന്ത്രിസഭയില്‍ അംഗമാണ്. ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് പറഞ്ഞ് ആളെ തല്ലിക്കൊന്നതിനെതിരെ പ്രതികരിക്കാന്‍ മോദിയ്ക്ക് 16 ദിവസം വേണ്ടിവന്നു. കേരളത്തില്‍ ജിഷ വധക്കേസില്‍ പ്രധാനമന്ത്രിക്ക് ഇത്ര പെട്ടെന്ന് എന്തേ ആത്മരോഷം വന്നു. എന്തേ ഇത്ര ഉത്കണ്ഠ. കേരള പോലീസിന്റെ എല്ലാ കഴിവും ഉപയോഗിച്ച് കൊടുംകുറ്റവാളിയെ കണ്ടെത്താനുള്ള തീവ്രശ്രമം നടത്തുകയാണ്. ഈ അവസരത്തില്‍ ഒരു ഗവണ്‍മെന്റിനെ താറടിച്ച് നാല് വോട്ട് നേടാന്‍ നോക്കുന്നത് പ്രധാനമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല. കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണ്.
ബീഹാറിലും തിരഞ്ഞെടുപ്പ് വേളയില്‍ പച്ചക്കള്ളങ്ങള്‍ തട്ടിവിട്ട് ഭരണം നേടാന്‍ ബിജെപി ശ്രമിച്ചു. പക്ഷേ തിരിച്ചടിയാണ് കിട്ടിയത്. കേരളത്തിലും സംഭവിക്കാന്‍ പോകുന്നത് മറിച്ചല്ലെന്ന് സുധീരന്‍ പറഞ്ഞു. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കുന്നതില്‍ ഒരു പ്രധാനമന്ത്രി പങ്കാളിയാകുന്നത് അപഹാസ്യമാണ്.
ഹെല്‌കോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടത്തിയെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന എ.കെ ആന്റണിയുടെ വെല്ലുവിളി എന്തുകൊണ്ട് സ്വീകരിക്കുന്നില്ല. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ പറയേണ്ട കാര്യങ്ങള്‍ കേരളത്തിലെ തെരുവുകളില്‍ പറഞ്ഞ് നടക്കുന്നത് പ്രധാനമന്ത്രിയുടെ സ്ഥാനത്തിന് തന്നെ അപമാനമാണെന്നും സുധീരന്‍ പറഞ്ഞു.