എന്നെ കൊല്ലാന്‍ അവര്‍, ചാവാതിരിക്കാന്‍ ഞാനും

നികേഷ് കുമാറിന് മറക്കാനാകുമോ എം.വി.ആറിന്റെ ഈ വാക്കുകള്‍

എന്നെ കൊല്ലാന്‍ ഇനിയും അവര്‍ ശ്രമിക്കും. മരിക്കാതിരിക്കാന്‍ ഞാനും. എന്തായാലും ഇവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ അവസാനംവരെ ഞാന്‍ പോരാടും. എന്തൊക്കെ സംഭവിച്ചാലും.” കൂത്തുപറമ്പ് വെടിവയ്പ്പ് കേസ് അന്വേഷിച്ച പത്മനാഭന്‍നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായിരുന്ന എം.വി രാഘവനെ കാണാനെത്തിയ മകന്‍ എം.വി നികേഷ് കുമാറിനോട് അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷവും സി.പി.എമ്മിന്റെ പീഡനങ്ങളുടെ നീണ്ടനിര തന്നെ തേടിയെത്തിയകാര്യവും എം.വി.ആര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ജയിലിലായിരുന്ന എം.വി രാഘവനെ കണ്ട് മകന്‍ നികേഷ്‌കുമാര്‍ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ എം.വി.ആര്‍ പറയുന്നത്. 1997 ജൂലൈ 27ലെ കലാകൗമുദിയുടെ 1141-മത് ലക്കത്തില്‍ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. കൂത്തുപറമ്പില്‍ മാത്രമല്ല, 12 കൊല്ലമായി തന്നെ സി.പി.എം വേട്ടയാടുകയായിരുന്നു.

സഹകരണ മന്ത്രിയായിരുന്നു എന്ന ഒറ്റക്കാരണം പറഞ്ഞ് നൂറോളം സഹകരണ സംഘങ്ങള്‍ അടിച്ചു തകര്‍ത്തില്ലേ.?. പെങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ എന്റെ കുടുംബ വീട് കത്തിച്ചു കളഞ്ഞില്ലേ. മെഡിക്കല്‍ കോളേജ് വാന്‍ തീവച്ചില്ലേ..? കല്ലെറിഞ്ഞ് കെട്ടിടം തകര്‍ത്തില്ലേ. പാമ്പ് പാര്‍ക്ക് കത്തിച്ചില്ലേ.? എത്ര പാവപ്പെട്ട ജന്തുക്കളുടെ ജീവന്‍ അന്നുപോയി…?. ആയുര്‍വേദ ആശുപത്രിയിലെ രോഗികളെ അടിച്ചോടിച്ച് മരുന്നുകള്‍ നശിപ്പിക്കുകയും, തീവയ്ക്കുകയും ചെയ്തില്ലേ. എന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന കാരണം പറഞ്ഞ് രണ്ടുപേരെ കൊന്നുകളഞ്ഞില്ലേ. ഒരാളുടെ കണ്ണ് ചൂഴ്‌ന്നെടുത്തില്ലേ. തുടങ്ങി വൈകാരികമായാണ് താന്‍ ഏറെ സ്‌നേഹിച്ച പാര്‍ട്ടിയെ പറ്റി അന്ന് മകനോട് അച്ഛന്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. കൂത്തുപറമ്പില്‍ അഞ്ചുപേര്‍ മരിച്ചത് സി.പി.എമ്മിനെയോ, ഡി.വൈ.എഫ്.ഐയേയോ ഒട്ടും ദുഃഖിപ്പിക്കുന്നില്ലെന്ന് പറയുന്ന എം.വി.ആര്‍ അത് സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും സന്തോഷിപ്പിച്ചതായും പറയുന്നു. കൂത്തുപറമ്പില്‍ പത്ത് സെന്റ് ഭൂമി സ്വന്തമാക്കാനും ലക്ഷക്കണക്കിന് രൂപ പിരിക്കാനും അവര്‍ ഇതൊരു അവസരമാക്കി. എ.കെ.ജി നിര്‍ദ്ദേശിച്ച പ്രകാരം താന്‍ രൂപം കൊടുത്ത ഡി.വൈ.എഫ്.ഐ എന്ന പ്രസ്ഥാനം തന്നെ സംബന്ധിച്ചിടത്തോളം ഭസ്മാസുരന് വരം കൊടുത്തപേലെയാണെന്നും പറയുന്നുണ്ട്. തന്റെയും കുടുബത്തിന്റെയും സംരക്ഷണം ഏറ്റെടുത്തത് യു.ഡി.എഫും കോണ്‍ഗ്രസുമാണെന്നും എം.വി.ആര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നിലവില്‍ അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് എം.വി നികേഷ്‌കുമാര്‍. എം.വി. രാഘവന്റെ ഈ വാക്കുകള്‍ എം.വി നികേഷ് കുമാര്‍ മറന്നുവോ…?

എം.വി രാഘവനെ ജയിലില്‍ വച്ച് അദ്ദേഹത്തിന്റെ മകന്‍ എം.വി. നികേഷ്‌കുമാര്‍ കലാകൗമുദിക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്യുന്നു. അതിന്റെ റിപ്പോര്‍ട്ട് ( 1141 കലാകൗമുദി ജൂലൈ 27, 1997 )
ചോദ്യം: (എം.വി നികേഷ് കുമാര്‍): കൂത്തുപറമ്പ് വെടിവയ്പ് അന്വേഷിച്ച പത്മനാഭന്‍നായര്‍ കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിക്കുന്നുണ്ടോ?. കമ്മീഷന്റെ വിലയിരുത്തലിനോടുള്ള പ്രതികരണം എന്താണ്?
എം.വി രാഘവന്‍: കമ്മീഷന്റെ വിലയിരുത്തല്‍ ശരിയല്ല. അന്നത്തെ പൊലീസ് സൂപ്രണ്ട് പത്മകുമാറിന്റെ അസത്യമൊഴിയാണ്, ഞാനാണ് കൂത്തുപറമ്പ് വെടിവയ്പ്പിന്റെ പ്രധാന ഉത്തരവാദി എന്ന നിഗമനത്തിലേക്ക് കമ്മീഷനെ എത്തിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ എസ്.പി പത്മകുമാര്‍ അങ്ങോട്ട് പോകരുതെന്ന് യാതൊരു നിര്‍ദ്ദേശവും തന്നിട്ടില്ല. എസ്.പിയെ അന്നത്തെ ദിവസം ഞാന്‍ കണ്ടിട്ടില്ല. അന്ന് ഞാന്‍ ഉപയോഗിച്ച കാറില്‍ വയര്‍ലെസ് സെറ്റും ഉണ്ടായിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളെജില്‍ ഒരു യോഗം കഴിഞ്ഞ് ഒന്നരമണിക്കൂര്‍ വൈകിയാണ് കൂത്തുപറമ്പിലേക്ക് തിരിച്ചത്. സി.പി.എമ്മിന്റെ നിരന്തരമായ വഴിതടയല്‍ സമരം കാരണം സംസ്ഥാനത്തെവിടെയും പൊലീസ് ബന്തവസ്സോടെ മാത്രമെ സഞ്ചരിക്കാന്‍ കഴിയാറുള്ളു. പരിയാരത്തെ യോഗത്തിനുശേഷം മുന്‍ നിശ്ചയപ്രകാരം കാറില്‍ കയറി കൂത്തുപറമ്പിലേക്ക് പോയി. വഴിക്കിടയില്‍ വച്ച് മെസേജ് തന്നു എന്നാണത്രേ എസ്.പി പറയുന്നത്. പരിയാരത്തുനിന്നും കൂത്തുപറമ്പ് എത്തുന്നതുവരെ എന്റെ കാര്‍ ഒരിടത്തും നിര്‍ത്തിയിട്ടില്ല. അകമ്പടി വന്ന ജീപ്പില്‍ വയര്‍ലെസ് അറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ , അവര്‍ കാര്‍ നിര്‍ത്തുകയും, മെസേജ് കൈമാറുകയും ചെയ്യേണ്ടിയിരുന്നില്ലേ.? പരിയാരം തൊട്ട് കൂത്തുപറമ്പുവരെയുള്ള യാത്രയില്‍ എവിടെയെങ്കിലും കാര്‍ നിര്‍ത്തിയതായി കമ്മീഷനു മുമ്പാകെ മൊഴിയുമില്ല. വയര്‍ലെസ് വഴിക്കിടയില്‍ മെസേജ് തന്നു എന്നു പറയുന്നതിന് പിന്നെ എന്തര്‍ത്ഥമാണുള്ളത്.
പ്രശ്‌നം അതൊന്നുമല്ല. എസ്.പി പത്മകുമാര്‍ സ്വന്തം വീഴ്ച മറച്ചുവയ്ക്കാന്‍ നടത്തുന്ന ശ്രമമാണിത്. കൂത്തുപറമ്പില്‍ വെടിവയ്പ് സൃഷ്ടിച്ച സംഭവം നടക്കുമ്പോള്‍ പത്മകുമാര്‍ കൂത്തുപറമ്പ് പൊലീസ് സേറ്റേഷനില്‍ കുത്തിയിരിക്കുകയായിരുന്നു. അയാള്‍ സ്‌പോട്ടിലേക്ക് വന്നില്ലെന്നു മാത്രമല്ല, ഉത്തരവാദിത്വത്തില്‍ നിന്നു രക്ഷപെടാന്‍ കള്ള പ്രചാരണവും നടത്തി. എം.വി രാഘവന് മുന്നറിയിപ്പു നല്‍കിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എന്റെ മുമ്പില്‍ വച്ച് അയാള്‍ പറഞ്ഞെങ്കിലും, കമ്മീഷന്റെ മുമ്പാകെ കള്ളത്തരം ആവര്‍ത്തിക്കുകയായിരുന്നു.

ചോദ്യം: എന്‍. രാമകൃഷ്ണന് അറിയിപ്പുകിട്ടി എന്ന് കമ്മീഷനു മുമ്പാകെ അദ്ദേഹത്തിന്റെ തന്നെ മൊഴിയുണ്ടല്ലോ.?
ഉത്തരം: കൂത്തുപറമ്പില്‍ താന്‍ പങ്കെടുത്ത പരിപാടിക്ക് ശേഷമാണ് എന്‍. രാമകൃഷ്ണന് പൊലീസ് അറിയിപ്പുകൊടുത്തതെന്നാണ് ഞാനറിയുന്നത്. പരിപാടി തീരുമ്പോള്‍ എന്‍. രാമകൃഷ്ണന്‍ പെരളശേരിയില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇവിടെവെച്ച് രാമകൃഷ്ണനെ എസ്‌കോര്‍ട്ട് വണ്ടി തടഞ്ഞു നിര്‍ത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം തിരിച്ചുപോയത്. കൂത്തുപറമ്പിലേക്ക് എം.വി രാഘവനും, എന്‍. രാമകൃഷ്ണനും ഒന്നിച്ചു പുറപ്പെട്ടുവെന്നും, വഴിക്കിടയില്‍ അറിയിപ്പ് കിട്ടിയതിനെ തുര്‍ന്ന് എന്‍. രാമകൃഷ്ണന്‍ പിന്‍വാങ്ങിയെന്നും, ഞാന്‍ മാത്രം യാത്ര തുടര്‍ന്നു എന്നുമുള്ള പ്രചാരണം ഖേദകരമാണ്. കൂത്തുപറമ്പില്‍ അഞ്ചുപേര്‍ മരിക്കാനിടയായ സംഭവം വേദനാജനകമാണ്. പക്ഷേ ഡി.വൈ.എഫ്.ഐക്കാരെ അക്രമ സമരങ്ങള്‍ക്കായി വടിയും, കല്ലും , കത്തിയും കൊടുത്തയക്കുന്ന നേതാക്കള്‍ക്കാണ് ഈ കുരുതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും. എനിക്കല്ല.

ചോദ്യം: ഒരു സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ മന്ത്രിയെന്ന നിലയില്‍ എം.വി രാഘവന്‍ ഉദഘാടനം ചെയ്തില്ലെങ്കില്‍ എന്തായിരുന്നു കുഴപ്പം?
ഉത്തരം: ഏതു പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്തില്ലെങ്കില്‍ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എല്ലാ പരിപാടികള്‍ക്കും മന്ത്രി പങ്കെടുക്കണമെന്നു നിര്‍ബന്ധിക്കുന്ന കീഴ് വഴക്കമാണു പ്രശ്‌നം. അന്ന് കൂത്തുപറമ്പ് അര്‍ബന്‍ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖകളുടെ ഉദ്ഘാടനം മാത്രമായിരുന്നില്ല എന്റെ പരിപാടി. കൂത്തുപറമ്പിനു തോട്ടടുത്തുള്ള മട്ടന്നൂരും മറ്റുമായി നാലുപരിപാടികള്‍ എനിക്കുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ എന്നെ എന്റെ ആദ്യകാല മണ്ഡലമായിരുന്ന കൂത്തുപറമ്പില്‍ വച്ചുതന്നെ കൊല്ലാന്‍ തീരുമാനിച്ചതുകൊണ്ടായിരിക്കും, മൂന്നു ജില്ലകളില്‍ നിന്നായി 4000 ക്രിമിനലുകളെ അവിടെ ഒരുക്കി നിര്‍ത്തിയത്. അന്ന് എന്നെ കൊല്ലാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പക്ഷേ ആഗ്രഹിച്ചതുപോലെ അഞ്ചു രക്തസാക്ഷികളെ അവര്‍ക്കുകിട്ടി. പൊലീസിന് എന്റെ ജീവന്‍ രക്ഷിക്കണമൊ, വെടിവയ്ക്കണമൊ എന്നുള്ള രണ്ടുപ്രശ്‌നങ്ങളാണ് മുമ്പിലുണ്ടായിരുന്നതെന്നാണ് അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മന്ത്രിയായിരുന്നതുകൊണ്ട് അവര്‍ എന്റെ ജീവന്‍ രക്ഷിച്ചു. മറിച്ചും സംഭവിക്കാമായിരുന്നു. കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസം കോടതിയിലേക്ക്, പൊലീസ് എന്നെ കൊണ്ടുപോയപ്പോള്‍ ഈ അവസ്ഥയെ മുഖാമുഖം കാണുകയായിരുന്നു ഞാന്‍. അക്രമികള്‍ തടിച്ചുകൂടി കോടതിയെ ആക്രമിക്കുന്നു. കോടതിയെ കല്ലെറിയുന്നു. വക്കീലിന്റെ കയ്യിലെ ജാമ്യാപേക്ഷ കീറിക്കളയുന്നു. അയാളുടെ കണ്ണട തല്ലിത്തകര്‍ക്കുന്നു. തെറിവിളിക്കുന്നു. കോടതി നടന്നുകൊണ്ടിരിക്കുമ്പോള്‍ വരാന്തയില്‍ ഇടിച്ചുകയറി വാതിലില്‍ ശക്തിയായി ഇടിക്കുന്നു. മുമ്പെവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയൊക്കെ?. എന്റെ കൂടെയുണ്ടായിരുന്ന എം.എല്‍.എമാരായ കെ.സി ജോസഫിനെയും കെ.സി വേണുഗോപാലിനെയും അവര്‍ ആക്രമിച്ചു. പൊലീസ് വാന്‍ കല്ലെറിഞ്ഞു തകര്‍ത്തു. എല്ലാം അവിടെ അവസാനിക്കേണ്ടതായിരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.

ചോദ്യം: കൂത്തുപറമ്പില്‍ അന്നു പോകാതിരുന്നെങ്കില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവം ഒഴിവാക്കാമായിരുന്നില്ലേ.? അങ്ങ് അന്ന് മന്ത്രിയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രതിപക്ഷ സംഘടനയും. അങ്ങ് ആയിരുന്നില്ലേ കൂടുതല്‍ ഉത്തരവാദിത്വബോധവും, പക്വതയും കാട്ടേണ്ടിയിരുന്നത്. ?
ഉത്തരം: ഞാന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നുപറയുന്നതാകും കൂടുതല്‍ വ്യക്തമായ ശരി. കൂത്തുപറമ്പുമാത്രമല്ല, 12 കൊല്ലമായി എന്നെ വേട്ടയാടാന്‍ അവര്‍ വരുത്തിയ നാശനഷ്ടമൊന്നും ഞാന്‍ ജനിച്ചില്ലെങ്കില്‍ ഉണ്ടാകുമായിരുന്നില്ലല്ലോ. ഞാന്‍ സഹകരണ മന്ത്രിയായിരുന്നു എന്ന ഒറ്റക്കാരണം പറഞ്ഞ് നൂറോളം സഹകരണ സംഘങ്ങള്‍ അടിച്ചു തകര്‍ത്തില്ലേ.?. പെങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ എന്റെ കുടുംബ വീട് കത്തിച്ചു കളഞ്ഞില്ലേ. മെഡിക്കല്‍ കോളേജ് വാന്‍ തീവച്ചില്ലേ..? കല്ലെറിഞ്ഞ് കെട്ടിടം തകര്‍ത്തില്ലേ. പാമ്പ് പാര്‍ക്ക് കത്തിച്ചില്ലേ.? എത്ര പാവപ്പെട്ട ജന്തുക്കളുടെ ജീവന്‍ അന്നുപോയി…?. ആയുര്‍വേദ ആശുപത്രിയിലെ രോഗികളെ അടിച്ചോടിച്ച് മരുന്നുകള്‍ നശിപ്പിക്കുകയും, തീവയ്ക്കുകയും ചെയ്തില്ലേ. എന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന കാരണം പറഞ്ഞ് രണ്ടുപേരെ കൊന്നുകളഞ്ഞില്ലേ. ഒരാളുടെ കണ്ണ് ചൂഴ്‌ന്നെടുത്തില്ലേ.

ചോദ്യം: പക്ഷേ അങ്ങ് ഉള്‍പ്പെടുന്ന മന്ത്രിസഭ നിശ്ചയിച്ച കമ്മീഷന്‍ ആണ് കൂത്തുപറമ്പിലേക്ക് എം.വി രാഘവന്‍ പുറപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എന്ന് വിലയിരുത്തിയിരിക്കുന്നത്..?
ഉത്തരം: ഞാന്‍ പറഞ്ഞല്ലോ എസ്.പി.യുടെ കള്ളമൊഴിയാണ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന് അന്വേഷണ കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെടാനെ കഴിയൂ. യു.ഡി.എഫ് ഗവണ്‍മെന്റ് അന്ന് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി ജഡ്ജിയെ വിട്ടുതരാനാവില്ലെന്നും, ജില്ലാ ജഡ്ജിയെ കമ്മീഷനാക്കാമെന്നും ഹൈക്കോടതിയാണ് നിര്‍ദ്ദേശിച്ചത്. വെടിവയ്പ്പുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മന്ത്രിക്കാണെന്ന് ചരിത്രത്തില്‍ ഇതുവരെ ആരും അംഗീകരിച്ചിട്ടില്ല. ഈ നായനാരുടെ കാലത്താണ് മലപ്പുറത്ത് മൂന്ന് മുസ്ലീം യൂത്തുലീഗുകാര്‍ വെടിവയ്പ്പില്‍ മരിച്ചത്. പൊലീസിനെ കല്ലെറിഞ്ഞാല്‍, ആക്രമിച്ചാല്‍ വെടിവയ്ക്കും എന്നായിരുന്നു നായനാര്‍ അന്നു നല്‍കിയ വിശദീകരണം. ഇതു സംബന്ധിച്ചുണ്ടായ അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്നു പറയുന്നുണ്ട്. അന്നെന്തു നടപടിയാണ് എടുത്തത്.? കാസര്‍കോട് ഡി.വൈ.എഫ്.ഐ സമരത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഒരു ബാലകൃഷ്ണന്‍ മരിച്ചു. അതിന്റെ എന്‍ക്വയറിയില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാത്തത് തെറ്റാണെന്നും, ഭരണഘടനാ വിരുദ്ധമാണെന്നുമാണ് പറഞ്ഞത്. ഡി.വൈ.എഫ്.ഐക്കാര്‍ക്കെതിരെ നായനാര്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചത്.
നായനാരുടെ ഭരണത്തില്‍ തന്നെ അന്നത്തെ മന്ത്രി എന്‍.എം ജോസഫ് നീണ്ടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ വെടിവയ്പ്പ ഉണ്ടാകുകയും, മൂന്നുപേര്‍ മരിക്കുകയും ചെയ്തില്ലേ. ഫാസിസ്റ്റ് നടപടിയെന്ന് മന്ത്രി ബേബി ജോണ്‍ പോലും കുറ്റപ്പെടുത്തുകയുണ്ടായില്ലേ.എന്തേ നടപടിയൊന്നുമുണ്ടായില്ല…? നൂറുകണക്ിനാളുകളെ വെടിവച്ചുകൊന്ന സര്‍ സിപിയുടെ ഭരണമായിരുന്നില്ലേ കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായമ അധ്യായം. എന്തുകൊണ്ട് സര്‍ സിപിക്കെതിരെ പിന്നീട് അധികാരത്തില്‍ വന്ന ഇ.എം.എസിന്റെ മന്ത്രിസഭ നടപടിയൊന്നുമെടുത്തില്ല.?
വെടിവയ്പ്പുണ്ടായാല്‍ മന്ത്രി കുറ്റവാളിയാകുന്നതിന്റെ അടിസ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുകയൊന്നുമല്ല. പന്ത്രണ്ടുകൊല്ലമായി എന്നെ വകവരുത്താനുള്ള ശ്രമത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴുള്ള കേസും. സ്റ്റാലിന്റെയും പോള്‍ വാട്ടിന്റെയും സന്തതികളാണിവര്‍. എതിര്‍ക്കുന്നവരെ കൊല്ലുക, തുറങ്കലില്‍ അടയ്ക്കുക. അത്രയേ ഇപ്പോഴും നടക്കുന്നുള്ളൂ.

ചോദ്യം: വെടിവയ്‌ക്കേണ്ടി വന്നതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കൊലക്കുറ്റം ചുമത്തി കേസെടുത്താല്‍ ഭാവിയില്‍ മന്ത്രിമാര്‍ക്ക് വഴിനടക്കാന്‍ കഴിയുമോ? മന്ത്രിമാരെ തടഞ്ഞാല്‍, ആക്രമിച്ചാല്‍ പൊലീസ് നിഷ്‌ക്രിയരാകണം എന്നാണോ നായനാര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ രാജ്യത്തെ ഏതെങ്കിലും സര്‍ക്കാരിന് ഭരണം നടത്താന്‍ കഴിയുമോ?
ഉത്തരം: ഏറ്റവും കൂടുതല്‍ വെടിവയ്പ്പ് നടത്തിയ ഇ.എം.എസും രാഷ്ട്രീയ വിരോധികളെ അറുകൊല ചെയ്യിക്കുന്ന നായനാരുടെ ഭരണവും രക്തത്തില്‍ കുളിച്ചു നില്‍ക്കുകയാണ്. നാദാപുരത്ത് കഴിഞ്ഞ ദിവസമാണ് ഉറങ്ങിക്കിടക്കുന്ന രണ്ടുപേരെ സുഹൃത്തുക്കളാണെന്ന് തെറ്റിദ്ധരിച്ചത് വെട്ടി നുറുക്കിയത്. ഏതാണ്ട് കൂത്തുപറമ്പ് സംഭവം നടന്നത്തിന്റെ അതേസമയത്താണ് ബംഗാളിലെ റൈറ്റേഴ്‌സ് ബില്‍ഡിംഗിനടുത്ത് 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെടിവച്ച് കൊന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ട് കൂടി അത് അന്വേഷിക്കാന്‍ ജ്യോതി ബസു ഒരു കമ്മീഷനെ നിശ്ചയിച്ചില്ല. അതുകൊണ്ട് ഇവര്‍ക്ക് കമ്മീഷനെ പേടിക്കുകയേ വേണ്ട.

ചോദ്യം: കൂത്തുപറമ്പില്‍ അഞ്ചുപേര്‍ മരിക്കാനിടയായ സംഭവമല്ലേ അങ്ങയോടുള്ള ദേഷ്യം സി.പി.എമ്മില്‍ ഇരട്ടിക്കാന്‍ കാരണം?
ഉത്തരം: അഞ്ചുപേര്‍ മരിച്ചത് സി.പി.എമ്മിനെയോ, ഡി.വൈ.എഫ്.ഐയേയോ ഒട്ടും ദുഃഖിപ്പിക്കുന്നില്ല. അഞ്ച് രക്തസാക്ഷികളെ കിട്ടിയതിലെ സന്തോഷമേ അവര്‍ക്കുള്ളൂ. കൂത്തുപറമ്പില്‍ പത്ത് സെന്റ് ഭൂമി സ്വന്തമാക്കാനും ലക്ഷക്കണക്കിന് രൂപ പിരിക്കാനും അവര്‍ ഇതൊരു അവസരമാക്കി. രണ്ടാമതായി കൂത്തുപറമ്പ് സംഭവം തന്നെ സി.പി.എമ്മിന് എന്നൊടുള്ള തീര്‍ത്താല്‍ തീരാത്ത പകയില്‍നിന്നും ഉത്ഭവിച്ചതാണ്. പുറത്താക്കിയിട്ടും രാഷ്ട്രീയത്തില്‍ ഒരു സ്ഥാനം കണ്ടെത്തി അവരുടെ കൊള്ളരുതായ്മകളെ എതിര്‍ക്കുന്നുവെന്നതിലാണ് അവര്‍ക്ക് എന്നൊടുള്ള ദേഷ്യം. പന്ത്രണ്ട് വര്‍ഷമായി എന്നെ കൊല്ലാനുള്ള അവരുടെ ശ്രമങ്ങളില്‍ ഒന്നുമാത്രമാണ് കൂത്തുപറമ്പില്‍ നടന്നത്. അഴീക്കോട്ട് വച്ച് എന്റെ കാറിനുനേരെ രണ്ടുതവണ ബോംബെറിഞ്ഞതും കൂത്തുപറമ്പിലെ തെരഞ്ഞെടുത്ത നാലായിരം പാര്‍ട്ടി ഗുണ്ടകള്‍ ഒന്നിച്ച് ആക്രമിച്ചതിലും ഞാനൊരു വ്യത്യാസവും കാണുന്നില്ല. എ.കെ.ജി ആവശ്യപ്പെട്ടത് അനുസരിച്ച് ഞാനാണ് ഡി.വൈ.എഫ്.ഐ ഉണ്ടാക്കിയത്. സമൂഹത്തിന് നന്മ ചെയ്യാന്‍ വേണ്ടിയുള്ള സംഘടനയെന്ന നിലയിലാണ് അതിനെ വളര്‍ത്തികൊണ്ടുവന്നതും. പാപ്പിനിശേരി ലോവര്‍ പ്രൈമറി സ്‌കൂളില്‍ കെ.എസ്.വൈ.എഫ് എന്ന പേരില്‍ പിറന്ന സംഘടന പിന്നിടാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഡി.വൈ.എഫ്.ഐ ആയത്. എ.കെ.ജി മരിച്ചു. ഞാന്‍ പാര്‍ട്ടിക്ക് പുറത്തുമായി. അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് മക്കളെ വെട്ടിക്കൊല്ലുകയും ഗുണ്ടായിസം നടപ്പാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുമൊക്കെ ഡി.വൈ.എഫ്.ഐ ഇന്ന് രൂപാന്തരപ്പെടുകയും ചെയ്തു.

ചോദ്യം: താങ്കളെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്ന് പറയുന്നുണ്ടല്ലോ?
ഉത്തരം: വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ വന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി ഒരു ഗുണ്ടയെപോലൊയാണ് എന്നോട് പെരുമാറിയത്. വാറണ്ടോ, അറസ്റ്റ് മെമ്മോയൊ കൂടാതെയാണ് അയാള്‍ വന്നത്. ഇതൊന്നുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്റെ കൈപിടിച്ച് വലിച്ചു. ഡി.ഐ.ജി ഓഫീസില്‍ എത്തിയിട്ടും പുറത്തുനിന്നും ഫോണ്‍ ചെയ്ത ആരേയും അറസ്റ്റ് അറിയിക്കാതെ രഹസ്യമാക്കി വച്ചു. പ്രതിപക്ഷ നേതാവ് വിളിച്ചപ്പോഴും അറസ്റ്റ് ചെയ്തില്ലെന്നാണ് ഡി.ഐ.ജി ഓഫീസില്‍നിന്നും പറഞ്ഞത്. ജാമ്യാപേക്ഷ കൊടുക്കാതിരിക്കാന്‍ വേണ്ടി അറസ്റ്റ് ചെയ്തതിന്റെ പിറ്റെ ദിവസം വൈകിട്ടാണ് പൊലീസ് കോടതിക്ക് മുമ്പാകെ എന്നെ ഹാജരാക്കിയത്. സി.പി.എമ്മിലെ ക്രിമിനലുകളെ കോടതിക്കുമുമ്പില്‍ ഒരുക്കി നിര്‍ത്തി കല്ലെറിയിച്ചു. ഇതില്‍ പൊലീസിന്റെ പങ്ക് വളരെ വ്യക്തമാണ്. ജയില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും എന്നെ സന്ദര്‍ശിക്കാന്‍ മക്കളെയും ബന്ധുക്കളെയും അനുവദിച്ചില്ല. എം.എല്‍.എയും എം.പിയും വന്നപ്പോഴും പൊലിസ് തടഞ്ഞു. ക്രിമിനലുകള്‍ കിടക്കുന്ന പ്രിസണേഴ്‌സ് വാര്‍ഡിലേക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതര്‍ക്ക് ഇടയ്ക്കിടെ മുകളില്‍നിന്നും നിര്‍ദ്ദേശവും ഉണ്ടായിരുന്നത്രേ. ഒടുവില്‍ കൊലക്കുറ്റം ചെയ്ത് ജയിലിലായ സി.പി.എം ഗുണ്ടകളെ അവിടെനിന്നും മാറ്റിയതിനുശേഷമാണ് പ്രിസണേഴ്‌സ് വാര്‍ഡിലേക്ക് മാറിയത്. ഞാന്‍ കിടന്ന മുറിയിലേക്ക് കൊലപ്പുള്ളികളെയും മാറ്റി. ഇതൊരു താല്‍ക്കാലിക അഡ്ജസ്റ്റ്‌മെന്റാണെന്നാണ് വാര്‍ഡ് മാറുമ്പോള്‍ എന്നൊട് പറഞ്ഞത്. എന്നെ കൊല്ലാന്‍ ഇനിയും അവര്‍ ശ്രമിക്കും. മരിക്കാതിരിക്കാന്‍ ഞാനും. എന്തായാലും ഇവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ അവസാനംവരെ ഞാന്‍ പോരാടും. എന്തൊക്കെ സംഭവിച്ചാലും.
കടപ്പാട്: കലാകൗമുദി