കണ്ണൂരിന്‍റെ സ്വപ്നങ്ങള്‍ക് ചിറക് മുളയ്ക്കുന്നു.

മുപ്പതു മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്‍റെ മൂന്ന് സ്വപ്ന പദ്ധതികള്‍ കടലാസില്‍ നിന്നും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ എനിക്കേറെ ചാരിതാര്‍ത്ഥ്യമുണ്ട്.ആദ്യം തീരദേശ കപ്പല്‍ ഗതാഗത പദ്ധതി.പിന്നീട് വിഴിഞ്ഞം തുറമുഖം. ഇതാ ഇപ്പോള്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളവും.

കേരളത്തിന്‍റെ വിശേഷിച്ചു മലബാറിന്‍റെ സ്വപ്നങ്ങള്‍ക്ക് ഇന്ന് ചിറക് മുളയ്ക്കുകയാണ്. 1998ല്‍ ആരംഭിച്ച സ്വപ്നമാണിവിടെ യഥാര്‍ത്യമാകുന്നത്. കേവലം 30 മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ ഈ യഥാര്‍ത്ഥ്യം, 2015 ഡിസംബറില്‍ ആദ്യ വിമാനം പറന്നുയരുന്നതിലൂടെ പൂര്‍ണ്ണതയിലെത്തും.സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ മേഖലയില്‍ നിരവധി സ്വപ്ന പദ്ധതികള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രൂപം നല്‍കുകയുണ്ടായി. അതില്‍ സുപ്രധാനമായ ഒരു പദ്ധതിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം.സംസ്ഥാനത്തിന്‍റെ പ്രത്യേകിച്ച് മലബാറിന്‍റെ സര്‍വ്വതോമുഖമായ പുരോഗതിക്കു വഴി തുറക്കുന്ന ഈ പദ്ധതി, ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മലബാരിന്റെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനും സഹായകരമായിരിക്കും. റണ്‍വേ, ടാക്സിവെ, എപ്രണ്‍ എന്നിവയുള്‍പ്പെടെ 694 കോടി രൂപ ചെലവു വരുന്ന ഒന്നാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനമാണിവിടെ നടക്കുന്നത്. രണ്ടായിരം ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ഈ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന്‍റെ ഒന്നാം ഘട്ട ചെലവു 1792 കോടി രൂപയാണ്.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു വേണ്ടി ഈ സര്‍ക്കാര്‍ ചുമതലയേറ്റ ഉടന്‍ പാരിസ്ഥിതിക പഠനത്തിനായി സെസ്സിനെയും ഇന്റര്‍ഗ്രേറ്റഡ് പ്രൊജക്റ്റ്‌ കണ്‍സല്‍ട്ടന്റ് ആയി ഏയ്‌കോം -ഏഷ്യ ,ഏയ്‌കോം ഇന്ത്യ ക്രിസില്‍ എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യത്തെയും നിയമിച്ചു.

പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി 2008 ല്‍ ലഭിച്ചു. തുടര്‍ന്ന് കേന്ദ്ര പ്രധിരോധ മന്ത്രാലയത്തിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പുതുക്കിയ അനുമതി യഥാക്രമം 2012 ഒക്ടോബര്‍ 12 നും നവംബര്‍ ഒന്‍പതിനും ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ സൈറ്റ് ക്ലിയറണ്‍സ്  ലഭിച്ച ഉടന്‍ തന്നെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍റെ പ്രാഥമിക സുരക്ഷാ പരിശോധനയും നടന്നു. സെസ്സിന്‍റെ പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായകമായ കേന്ദ്ര പാരിസ്ഥിതിക അനുമതി 2013 ജൂലൈ 19 ന് പദ്ധതിയ്ക്ക് ലഭിച്ചു. രണ്ടായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

– കെ.ബാബു(ഏവിയേഷന്‍ മന്ത്രി)