കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ യു.ഡി.എഫിന് മുന്നേറ്റം

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ലഭിച്ചതോടെ എങ്ങനെയും യു.ഡി.എഫ് അധികാരത്തിലെത്തുന്നത് തടയാനുള്ള നീക്കങ്ങള്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം നടത്തുകയാണ്.
മുമ്പൊരിക്കലുമില്ലാത്തവിധം പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മന്ത്രിമാരും ബി.ജെ.പി കേന്ദ്രനേതാക്കളും പലവട്ടം കേരളത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തുന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്.
ഡല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പരാജയത്തിന്റെ ക്ഷീണം കേരളത്തില്‍ അക്കൗണ്ട് തുറന്ന് പരിഹരിക്കാമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെപി നീക്കം.
76 മുതല്‍ 87 സീറ്റുവരെ നേടി യു.ഡി.എഫ് അധികാരം നിലനിര്‍ത്തുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതോടെയാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം കോണ്‍ഗ്രസിനെതിരായ നീക്കങ്ങള്‍ ശക്തമാക്കിയത്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട് വീണ്ടും സജീവ ചര്‍ച്ചാ വിഷയമാക്കിയതും ഇതുലക്ഷ്യമിട്ടാണ്. പരമാവധി കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ ആശക്കുഴപ്പം ഉണ്ടാക്കി നേട്ടം കൊയ്യാമെന്ന തന്ത്രമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാമെന്ന് സ്വപ്‌നം കണ്ടുനടക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ് അധികാരത്തിലുള്ള അരുണാചല്‍ പ്രദേശിലേയും ഉത്തരാഖണ്ഡിലേയും സംസ്ഥാന സര്‍ക്കാരുകളെ കുതിരക്കച്ചവടം നടത്തി അട്ടിമറിച്ചത് ഇതിന്റെ ഭാഗമായാണ്. മേഘാലയയിലേയും ഹിമാചല്‍പ്രദേശിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നു. ഇതിനിടെ കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചാല്‍ കോണ്‍ഗ്രസിന് അത് ദേശീയ തലത്തില്‍ പുത്തന്‍ ഉണര്‍വ്വ് പകരും. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ എന്തുകടുംകൈയും ചെയ്യാനാണ് ആര്‍.എസ്.എസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും സി.പി.എമ്മിനെ പേരിന് വേണ്ടി മാത്രമാണ് വിമര്‍ശിച്ചത്. അതേസമയം കോണ്‍ഗ്രസിനെതിരേ നിശിത വിമര്‍ശനം നടത്തുകയും ചെയ്യുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സി.പി.എം നിസ്സാര പ്രശ്‌നക്കാരാണ്. അവര്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും വിമര്‍ശിച്ചാലും കേവലം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങും. കേരളത്തിലും ആസാമിലും വിജയിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതോടെ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുകയും ചെയ്യുമെന്ന് അവര്‍ ഭയപ്പെടുന്നു. അത്തരമൊരു സാഹചര്യം ബി.ജെ.പി ആഗ്രഹിക്കുന്നില്ല.
ഇതടക്കമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, തങ്ങള്‍ക്ക് വിജയപ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് വോട്ടുമറിച്ചു നല്‍കുന്നത് അടക്കമുള്ള നടപടികളാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. ബി.ജെ.പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന്റെ ഉടമ, സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കേരളത്തിലെ എന്‍.ഡി.എ ഘടകത്തിന്റെ നേതാവ് പി.സി.തോമസ് എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ മുഖ്യഇടനിലക്കാര്‍.
വിജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് മറിച്ച് നല്‍കുമ്പോള്‍ കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളില്‍ തങ്ങളെ സഹായിക്കണമെന്നതാണ് ബി.ജെ.പിയുടെ ഉപാധി. ഇതിനോട് സി.പി.എം നേതൃത്വം അനുകൂല നിലപാട് അറിയിച്ചതായാണ് സൂചന. വോട്ടുമറിച്ചു നല്‍കുന്നതോടൊപ്പം കതിരൂര്‍ മനോജ് വധക്കേസ് അടക്കം സി.പി.എം നേതാക്കള്‍ക്ക് പങ്കുള്ള, സി.ബി.ഐ അന്വേഷണത്തിലുള്ള കേസുകള്‍ ദുര്‍ബലപ്പെടുത്തണമെന്നതാണ് സി.പി.എം മുന്നോട്ടുവെക്കുന്ന മറുഉപാധി.
ബി.ജെ.പി നേതൃത്വം ഇക്കാര്യത്തില്‍ ചര്‍ച്ചകളാകാം എന്ന നിലപാടിലാണ്. 14-ാം തീയതിക്ക് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ. പിന്നെയും വൈകിയാല്‍ നേതൃത്വത്തിന്റെ തീരുമാനം അണികളിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.