കൊലപാതകത്തെ വോട്ടാക്കി മാറ്റാനാണ് സി.പി.എം ശ്രമം :സജീവ്‌ ജോസഫ്

ജിഷ എന്ന വിദ്യാര്‍ത്ഥിനിയുടെ അതിദാരുണമായ കൊലപാതകത്തിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോള്‍ കൊലപാതകത്തെ വോട്ടാക്കി മാറ്റാനാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ ശ്രമിക്കുന്നത്. ഇത് ലജ്ജാകരമാണ്. പെണ്‍കുട്ടിയുടെ ശരീരവും ജീവിതവും കൊത്തിപ്പറിച്ച കാമവെറിയന്റെ നടപടിയില്‍ നിന്നും ഒട്ടും ഭിന്നമല്ല ഇത്തരം മുതലെടുപ്പുകള്‍.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിന്റെ വാക്കുകള്‍ ഈ നേതാക്കള്‍ കാണുന്നില്ല. ഈ സംഭവത്തിന്റെ പിന്നില്‍ സ്ഥലം എം.എല്‍.എയുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും ആളുകളാണെന്നാണ്ആ അമ്മ പ്രതിപക്ഷ നേതാവിനോട് പൊട്ടിക്കരഞ്ഞ് പറഞ്ഞത്. ഈ അമ്മയുടെ ആരോപണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കണം. ഇതു സംബന്ധിച്ച് പിണറായിയുടേയും വി.എസ്. അച്ച്യൂതാനന്ദന്റെയും പ്രതികരണമറിയാനും താല്‍പര്യമുണ്ട്.
ഈ കൊലപാതകത്തിലെ ഏറ്റവും വിശ്വസനീയമായ ആ അമ്മയുടെ വാക്കുകള്‍ കണ്ടില്ലെന്ന് നടിച്ച് അവിടെ ആശ്വാസദൂതുമായി എത്തിച്ചേരുകയും അന്വേഷണ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അപമാനിക്കാന്‍ ശ്രമിക്കുന്നത് കാടത്തമാണ്.
കേരളത്തെ അഗാധമായി ഞെട്ടിക്കുകയും അതിലേറെ ലജ്ജിപ്പിക്കുകയും ചെയ്ത ഈ സംഭവത്തിന് കൊടിയുടെ നിറം നല്‍കുന്നത് മനുഷ്യത്വമല്ല. കുറ്റക്കാരെ രക്ഷിക്കാനും രാഷ്ട്രീയ ലാഭത്തിനും വേണ്ടിയുള്ള സി.പി.എം. നീക്കം ഉപേക്ഷിക്കണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം.