ജിഷ കേസില്‍ സിപിഎമ്മിന് രാഷ്ട്രീയക്കണ്ണ്‌

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയില്‍ ജിഷ എന്ന യുവതി ക്രൂരമായി കൊലചെയ്യപ്പെട്ടത് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്.
ഡല്‍ഹിയിലെ നിര്‍ഭയ സംഭവം കേരളത്തില്‍ തന്നെ കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് നടന്ന സൗമ്യ വധവും ഇതിന് സമാനമായ സംഭവങ്ങളായിരുന്നു. കൊലപാതക കേസുകളില്‍ മാത്രമല്ല ഏത് ക്രിമിനല്‍ കേസിലും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുവാനും അര്‍ഹമായ ശിക്ഷയ്ക്ക് വിധേയമാക്കുവാനും കേരള പൊലീസിന് കഴിഞ്ഞിട്ടുള്ളതിന്റെ തെളിവുകള്‍ കഴിഞ്ഞകാല ചരിത്രത്തില്‍ നിരവധിയാണ്.
സ്വാഭാവിക മരണം എന്ന് വ്യക്തമാക്കി എഴുതിത്തള്ളിയ കേസുകളില്‍ പോലും കാലങ്ങള്‍ക്കു ശേഷം യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തി കുറ്റം തെളിയിച്ച് അവരെ ശിക്ഷയ്ക്ക് വിധേയമാക്കാനും കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നല്ലോ സോളാര്‍ കേസിലെ നായിക സരിതയുടെ ആദ്യ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ സ്വന്തം ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസ് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ സ്വാഭാവിക മരണമെന്ന് എഴുതിത്തള്ളുകയും യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം അന്വേഷണം നടത്തി കൊലപാതകം എന്ന് തെളിയിച്ച് ബിജു രാധാകൃഷ്ണനെ ശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു സംഭവം.
പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറ വട്ടോളിപ്പടി കുറ്റിക്കാട്ടുപറമ്പില്‍ രാജേശ്വരിയുടെ മകളായ നിയമവിദ്യാര്‍ത്ഥിനി ഇരുപത്തൊമ്പതുകാരിയായ ജിഷ അതിക്രൂരമായ കൊലയ്ക്കാണ് ഇരയായത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദരിദ്ര കുടുംബത്തിലുള്ള ജിഷ സ്വപ്രയത്‌നത്താല്‍ പഠിച്ച് വളരുകയായിരുന്നു. എറണാകുളം ഗവണ്‍മെന്റ് ലോകോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ജിഷ. കഴിഞ്ഞ വ്യാഴാഴ്ച കൂലിപ്പണിക്ക് പോയ ജിഷയുടെ അമ്മ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകള്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. രാത്രി തന്നെ റൂറല്‍ എസ്പി യതീഷ്ചന്ദ്ര സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ തന്നെ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
ജിഷയും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത് അച്ഛന്‍ പാപ്പു വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ട് അകന്ന് കഴിയുകയാണ്. ജിഷയ്ക്ക് ഒരു സഹോദരിയുമുണ്ട്. ഇവര്‍ വിവാഹിതയുമാണ്. രായമംഗലം കനാല്‍ ബണ്ടിനോട് ചേര്‍ന്നുള്ള പുറമ്പോക്കില്‍ ചെറിയ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജിഷയുടെ മാതാവ് നേരിയ മാസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. അയല്‍ക്കാരുമായി ഇവര്‍ അടുപ്പത്തിലായിരുന്നില്ല. മകള്‍ കൊലചെയ്യപ്പെട്ട് കിടക്കുന്ന വിവരം വിളിച്ച് പറഞ്ഞ് അലമുറയിട്ട് കരഞ്ഞിട്ടും ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല എന്ന് മരണം സംബന്ധിച്ച് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജിഷയുടെ കൊലപാതകത്തില്‍ കേസ് അന്വേഷണം ഗൗരവമായും ദ്രുതഗതിയിലും നടക്കുകയാണ്. ഒരുപക്ഷേ ഇത് അച്ചടിച്ചു വരുമ്പോഴേക്കും പ്രതി അറസ്റ്റിലായെന്നും വരാം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുകയും സംഭവ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ എത്തിയത്. ജിഷയുടെ അമ്മയെ ചികിത്സിച്ച് വരുന്ന പെരുമ്പാവൂരിലെ ഗവണ്‍മെന്റ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞ ശേഷം ജിഷയുടെ വീടും സന്ദര്‍ശിക്കുക എന്നതായിരുന്നു മന്ത്രിയുടെ പരിപാടി. എന്നാല്‍ ആശുപത്രിക്ക് മുന്നില്‍ എത്തിയ മന്ത്രിയെ എ.ഐ.വൈ.എഫ്, എസ്ഡിപിഐ കാരടക്കമുള്ള ഇടതുപക്ഷ യുവജന സംഘടനക്കാര്‍ വഴിയില്‍ തടയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്തത്. ഇത് ജിഷയോട് കാണിച്ച മറ്റൊരു ക്രൂരതയും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്.
കൊല്ലപ്പെട്ട ജിഷയ്ക്കും കുടുംബത്തിനും നീതി ലഭിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുറ്റവാളിക്ക് യാതൊരു ദയയുമില്ലാത്ത വിധം കഠിനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം. ഇതിന് പ്രാപ്തമാണ് കേരളത്തിലെ പൊലീസും നമ്മുടെ നീതിപീഠങ്ങളും എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റവാളിയെ കണ്ടെത്തുന്നതിന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതിദാരുണമായ ഈ കൊലയ്ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു.
എന്നാല്‍ ജിഷ വധകേസില്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് കുറ്റവാളികെ കണ്ടെത്തുന്നതിനും സഹായകരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് പകരം സിപിഎം ചാനലും സ്വന്തം മുഖപത്രവും കുറേ അവസരവാദ ഇടതുപക്ഷ അനുഭാവ സംഘടനകളും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇന്നലെ ഒരു ദിവസം ആഘോഷിക്കുകയായിരുന്നു. കമന്ററി കണക്കേ ഓരോ നിമിഷത്തിന്റെയും ഫഌഷ് ന്യൂസുകള്‍ വിട്ട് പൊതുസമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ചാനല്‍ നടത്തിക്കൊണ്ടിരുന്നത്. ഡല്‍ഹിയിലെ അഭയകേസിന്റെ ഫഌഷ് ബാക്കുകള്‍ എടുത്തുകാട്ടി സംഭവത്തെ ദേശീയവല്‍ക്കരിക്കാനും ശ്രമമുണ്ടായി. സംഭവത്തില്‍ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയ അഭ്യന്തര മന്ത്രി ഈ സംഭവത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുത് എന്ന അഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും അടക്കമുള്ള നേതാക്കള്‍ സംഭവത്തെ അപലപിക്കുകയും കുറ്റക്കാരെ കണ്ടെത്തുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയുണ്ടായി.
എന്നാല്‍ യാതൊരു നീതിബോധവുമില്ലാതെ സിപിഎം നേതാക്കളായ വി.എസ്. അച്യുതാനന്ദനും കൊടിയേരി ബാലകൃഷ്ണനും പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. സംഭവം തേച്ചുമാച്ചു കളയാന്‍ പൊലീസ് ശ്രമിക്കുന്നു എന്നാണ് അച്യുതാനന്ദന്‍ ആരോപിച്ചത്. ഈ ആരോപണത്തിന്റെ പിന്നിലെ വസ്തുത എന്താണെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കണം. ദാരുണമായ ജിഷയുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസ്സുകാര്‍ക്കോ മറ്റേതെങ്കിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കോ എന്തെങ്കിലും ബന്ധമുള്ളതായി ഒരാളും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് പൊലീസ് കേസ് തേച്ചുമാച്ചു കളയുന്നത്.