ജിഷ വധം: അന്വേഷണം ശരിയായ ദിശയിലെന്ന് ചെന്നിത്തല

ജിഷ കൊലക്കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
അന്വേഷണം ഒരു ഘട്ടം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സംഭവം രാഷ്ട്രീയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൊലീസിന് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുവാനുള്ള അവസരം നല്‍കണം. പ്രതികളെ പിടികൂടുക മാത്രമല്ല അവര്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുക എന്നതും പ്രധാനമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സൗമ്യ, ടി.പി വധം തുടങ്ങിയ കേസുകളില്‍ നിന്നെല്ലാം ഇത് വ്യക്തമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരിലും കൊല്ലത്തും സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെ തടയുവാന്‍ ശ്രമിച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ് ഒഴിവാക്കുവാന്‍ മാത്രമാണ് താന്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കിയത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് ഉള്‍പ്പടെ അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ക്ക് എല്ലായിടത്തും പൂര്‍ണസുരക്ഷ എന്നതാണ് സര്‍ക്കാരിന്റെ സമീപനം. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ആവശ്യമായ മുന്‍ കരുതല്‍ നടപടികളാണ് ആവശ്യം. 50000 പൊലീസ് സേനാംഗങ്ങളാണ് കേരളത്തില്‍ ഇന്നുള്ളത്. ഇവരില്‍ നിന്ന് 4000 പേര്‍ക്ക് കോടതി ഡ്യൂട്ടികളുണ്ടാകും. പൊലീസിന്റെ അംഗബലം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് കെട്ടുറപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്‍ഡിഎഫില്‍ ഐക്യമോ കെട്ടുറപ്പോ ഇല്ല. സിപിഎമ്മും സിപിഐയും മാത്രാണ് ഇപ്പോള്‍ ഇടത് മുന്നണിയിലുള്ളത്. ഇടതുപക്ഷത്തോടൊപ്പം ഉണ്ടായിരുന്ന ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും ഇപ്പോള്‍ യുഡിഎഫിന് ഒപ്പമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല, എല്ലാ മേഖലയിലും സര്‍ക്കാരിന്റെ ഇടപെടലുണ്ടായി. അതുകൊണ്ട് തന്നെ യുഡിഎഫിന്റെ ഭരണത്തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.