ജി.കാര്‍ത്തികേയന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഭവനില്‍ നടന്ന അനുസ്മരണസമ്മേളനം

ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്ത നേതാവായിരുന്നു ജി. കാര്‍ത്തികേയന്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഏതൊരു ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും പാര്‍ട്ടിക്ക് അഭിമാനം നല്‍കുന്ന വിധത്തില്‍ അത് നിര്‍വ്വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. താന്‍ പ്രവര്‍ത്തിച്ച എല്ലാ മണ്ഡലങ്ങളിലും കാര്‍ത്തികേയന്‍ വിജയം കൈവരിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ജി.കാര്‍ത്തികേയന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഭവനില്‍ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വി.എം സുധീരന്‍
കാര്‍ത്തികേയനു സമാനനായി കാര്‍ത്തികേയന്‍ മാത്രമേ ഉള്ളൂ എന്ന് അധ്യക്ഷത വഹിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു.ഏതു കാര്യം ഏറ്റെടുത്ത് ചെയ്താലും അതില്‍ ഒരു കാര്‍ത്തികേയന്‍ ടച്ച് ഉണ്ടായിരുന്നു. സൗമ്യനായിരുന്നു കാര്‍ത്തികേയനെങ്കിലും ശക്തമായ അഭിപ്രായം പറയുന്നവ്യക്തിയുമായിരുന്നു അദ്ദേഹം. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരികരംഗങ്ങളില്‍ അനഭിലഷണീയപ്രവണതകള്‍ ഉയര്‍ന്നുവരുമ്പോള്‍ അവയെ ചെറുക്കാന്‍ കാര്‍ത്തികേയന്‍ മുന്‍കൈയെടുത്തിരുന്നു. രാഷ്ട്രീയസംശുദ്ധിയുടെ കാര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട പ്രതിബദ്ധതയുടെ പ്രതീകമായിരുന്നു അദ്ദേഹം. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും ആദര്‍ശങ്ങളും വരുംതലമുറകള്‍ക്ക് പ്രചോദനം നല്‍കും എന്ന് സുധീരന്‍ പറഞ്ഞു.

ഏതു സ്ഥാനങ്ങളിലൊക്കെ പ്രവര്‍ത്തിച്ചോ അവിടെയെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച നേതാവായിരുന്നു കാര്‍ത്തികേയന്‍ എന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. കോണ്‍ഗ്രസിന്റെ ആശയാദര്‍ശങ്ങള്‍ കാത്തുസൂക്ഷിച്ച കരുത്തനായ നേതാവെന്ന പ്രതിച്ഛായ അദ്ദേഹം ഉണ്ടാക്കി. തന്റെ വിശ്വാസപ്രമാണങ്ങളില്‍ അണുവിട തെറ്റാതെ ഉറച്ചുനില്‍ക്കുകയുംഅവസാനം വരെ അതിനുവേണ്ടി പോരാടുകയും ചെയ്തു.
രാഷ്ട്രീയത്തില്‍ ഒത്തിരി മാതൃകകള്‍ സൃഷ്ടിച്ച നേതാവായിരുന്നു കാര്‍ത്തികേയന്‍ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കുമ്പോള്‍ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായിരുന്നു കാര്‍ത്തികേയന്‍. മനസ്സാക്ഷിക്കനുസരിച്ച് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയവിശുദ്ധി കാത്തുസൂക്ഷിക്കാനും പൊതുരംഗത്തിന്റെ മാന്യത നിലനിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു എന്ന് ചെന്നിത്തല പറഞ്ഞു.
പല കാര്യങ്ങളിലും വ്യതസ്തത പുലര്‍ത്തിയിരുന്നു കാര്‍ത്തികേയന്‍ എന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ്തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. സ്വന്തംഅഭിപ്രായം എവിടെയും തുറന്നു പറയാന്‍ മടികാണിച്ചിരുന്നില്ല.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കാര്‍ത്തികേയന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ സ്വാഗതം പറഞ്ഞു.