തൊഴിലാളി ദിനം: എക്കാലത്തെയും ആവേശം

തൊഴില്‍ സമയം 8 മണിക്കൂറായി നിജപ്പെടുത്തുവാന്‍ തൊഴിലാളി കള്‍ നടത്തിയ സമരവും, സമരവിജയവും ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് മെയ്- 1 ഈ അവകാശ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ധീരരക്തസാക്ഷികളുടെ സ്മരണ പുതുക്കുന്ന ദിനവും കൂടിയാണ് മെയ് – 1. ധീരരായ തൊഴിലാളി നേതാക്കളുടെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലി കള്‍ അര്‍പ്പിക്കുന്നതോടൊപ്പം ചരിത്രത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ ദിനം മാറേണ്ടതുണ്ട്.
19-ാം നൂറ്റാണ്ടിന്റെ, ആയിരത്തി എണ്ണൂറ്റി അറുപത്തി ഒന്ന് മുതല്‍ അറുപത്തി അഞ്ചു വരെയുള്ള 4 വര്‍ഷക്കാലം അടിമത്വത്തിനെതിരെ നടന്ന അമേരിക്കന്‍ ആഭ്യന്തരയുദ്ധവും അതിലൂടെ ഉണ്ടായ അടിമത്വ നിരോധനവും, വിജയവും, തൊഴിലാളികളില്‍ പുതിയൊരു ആവേശം സൃഷ്ടിച്ചു. ഈ ആഭ്യന്തരയുദ്ധം അമേരിക്കയുടെ സാമ്പത്തിക അടിത്തറ ഇളക്കി. 1873 മുതല്‍ 79 വരെയുള്ള ആറുവര്‍ഷക്കാലത്തെ യൂറോപ്യന്‍ സാമ്പത്തികമാന്ദ്യവും കൂടിയായപ്പോള്‍ അമേരിക്കന്‍ വ്യവസായരംഗം ഗുരുതരമായ തകര്‍ച്ചയെ നേരിട്ടു. തൊഴിലാളികളുടെ ജീവിതം ദുരിത പൂര്‍ണ്ണമായി.
തൊട്ടടുത്ത വര്‍ഷം അതായത് 1880 മുതല്‍ സാമ്പത്തികമാന്ദ്യത്തില്‍ അയവു വന്നു. വ്യവസായരംഗം പൂര്‍വ്വാധികം ശക്തിയോടെ അഭിവൃദ്ധിപ്പെട്ടുവെങ്കിലും ദുരിതത്തിലായ തൊഴിലാളികളുടെ അവസ്ഥയില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. ഇതിനെ നേരിടുവാന്‍ അമേരിക്കയി ലെയും, കാനഡയിലെയും, തൊഴിലാളി സംഘടനകള്‍ ‘ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍സ്’ (എഛഠഘഡ) എന്ന പേരില്‍ ഒരു ഐക്യവേദി രൂപീകരിച്ചു. ഈ ഐക്യവേദിയുടെ വിപുലമായ കണ്‍വെന്‍ഷന്‍ 1884 ഒക്‌ടോബറില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ചേര്‍ന്നു. 86 മെയ് 1 മുതല്‍ 8 മണിക്കൂര്‍ മാത്രമെ ജോലി ചെയ്യൂ എന്നും, ഇത് അംഗീകരിച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്നും കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. മുതലാളിമാരും ഗവണ്‍മെന്റും തൊഴിലാളി കളുടെ ഈ ആവശ്യം തിരസ്‌കരിച്ചു.
പ്രഖ്യാപിച്ച പോലെ 1886 മെയ് 1 ന് ശനിയാഴ്ച പണിമുടക്ക് ആരംഭിച്ച തൊഴിലാളികള്‍ അമേരിക്കയിലുടനീളം പ്രകടനങ്ങളില്‍ അണിനിരന്നു. അഞ്ചുലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം പതിനായിരം പേര്‍ അണി നിരന്നു. സമരത്തിന്റെ കേന്ദ്ര ആസ്ഥാനമായ ചിക്കാഗോയില്‍ നാല്‍പതി നായിരത്തോളം പേര്‍ തെരുവിലിറങ്ങി.
ആദ്യ വെടിവെയ്പ്
മെയ് ഒന്നും, രണ്ടും സമാധാനപരമായി കടന്നുപോയി. എന്നാല്‍ മെയ് 3ന് സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ‘മകോര്‍മിക്ക് ഹാര്‍വെസ്റ്റിംഗ് മിഷന്‍ കമ്പനിയ്ക്ക്’ മുമ്പില്‍ യോഗം ചേര്‍ന്നു. സമരത്തില്‍ പങ്കെടുക്കാതെ ജോലിയ്ക്ക് കയറിയ അന്യരാജ്യക്കാരായ ‘ഐറിഷ്’ തൊഴിലാളികളെ പിന്‍തിരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു യോഗം. രാവിലെ ജോലിയ്ക്ക് കയറിയ തൊഴിലാളികള്‍ വൈകുന്നേരം പുറത്തേയ്ക്ക് വന്നപ്പോള്‍ ഒരു പറ്റം അക്രമികള്‍ സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളാണെന്ന വ്യാജേന അവരെ ആക്രമിച്ചു. നാനൂറോളം പോലീസുകാര്‍ സംഭവസ്ഥലത്ത് ഉണ്ടായിട്ടും അക്രമം തടയുന്നതിനുള്ള മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പോലീസ് ഉടന്‍ വെടിവെയ്പ് ആരംഭിച്ചു. രണ്ട് തൊഴിലാളികള്‍ മരണപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സമാധാനപരമായ സമരത്തെ തകര്‍ക്കുന്ന തിന് വേണ്ടി, മുതലാളിമാരും, പോലീസും കൂടി നടത്തിയ വന്‍ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ അക്രമവും, വെടിവയ്പും.
അക്രമത്തിലും, പോലീസ് വെടിവെയ്പ്പിലും പ്രതിഷേധിച്ചുകൊണ്ട് പിറ്റേദിവസം മെയ് 4 ന് വൈകുന്നേരം ‘ഹെയ് മാര്‍ക്കറ്റ് സ്‌ക്വയറി’ ല്‍ തൊഴിലാളികളുടെ വന്‍പ്രതിഷേധ യോഗം നടന്നു. അക്രമരാഹിത്യ ത്തിന്റെ വക്താവും, സമാധാന പ്രേമിയുമായ ട്രേഡ് യൂണിയന്‍ ഐക്യവേദി നേതാവ് ‘ആഗസ്റ്റ് സ്‌പെയ്‌സ്’ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പ്രസംഗിച്ചു. സമാധാനപരമായ യോഗം – സമയം രാത്രി 10.30 – കൊടും തണുപ്പ് – അവസാനത്തെ പ്രസംഗകന്‍ പ്രസംഗിച്ചു നില്‍ക്കുമ്പോള്‍ മനഃപൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കാനായി, യോഗസ്ഥലത്ത് നിന്ന പോലീസ് ഉദ്യോഗസ്ഥന്‍ യോഗം നിര്‍ത്തി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ഈ സമയം അജ്ഞാതനായ ഒരാള്‍, പോലീസിന് നേരെ ബോംബെറിഞ്ഞു. ഒരു പോലീസുകാരന്‍ സംഭവസ്ഥലത്ത് മരണപ്പെട്ടു. മറ്റ് 6 പോലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പോലീസ് വെടിവെയ്പ് ആരംഭിച്ചു. സമരക്കാര്‍ തിരിച്ചും വെടിവച്ചു. അര്‍ദ്ധരാത്രിയില്‍ നടന്ന വെടിവെയ്പില്‍ ആര് ആരെ ആക്രമിക്കുന്നു എന്നുപോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവസാനം ഏഴ് പോലീസുകാരും, നാല് തൊഴിലാളികളും മരണപ്പെട്ടതായും, നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് വന്നു.
മെയ് 5 മുതല്‍ തൊഴിലാളി നേതാക്കളുടെയും, തൊഴിലാളി കളുടെയും വീടുകളിലും, യൂണിയന്‍ ഓഫീസുകളിലും, പോലീസ് വ്യാപകമായി റെയ്ഡ് നടത്തി. സ്‌പെയ്‌സ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ധൃതഗതിയില്‍ വിചാരണ പൂര്‍ത്തിയാക്കി. ഏഴ് നേതാക്കളെ തൂക്കികൊല്ലുവാന്‍ വിധി വന്നു.
സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു എങ്കിലും, അത് നിര്‍ധാക്ഷിണ്യം തള്ളപ്പെട്ടു. എന്നാല്‍ ശിക്ഷിക്കപ്പെട്ട നേതാക്കളില്‍ ‘സാമൂവേല്‍ ഫീല്‍ഡന്റെയും’, ‘മൈക്കിള്‍ സ്‌ക്കാബി’ന്റെയും വധശിക്ഷ ‘ഇല്ലിനോയ്‌സ്’ – ഗവര്‍ണര്‍ റിച്ചാര്‍ഡ് ജോണ്‍ പീറ്റര്‍ ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷിച്ച 5 നേതാക്കളില്‍ ‘ലൂയീസ് ലിംഗ്’ തന്നെ വധിക്കുവാന്‍ പോലും ആരെയും അനുവദിക്കില്ല എന്നു ആക്രോശിച്ചു കൊണ്ട് വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തലേദിവസം ജയിലില്‍ ആത്മഹത്യ ചെയ്തു. മറ്റ്‌നേതാക്കളായ ‘ആഗസ്റ്റ് സ്‌പെയ്‌സ്’, ‘ജോര്‍ജ്ജ് ഏയ്ഞ്ചല്‍’, ‘അഡോള്‍ഫ് ഫിഷര്‍’, ‘ആല്‍ബെര്‍ട്ട് പാഴ്‌സണ്‍’എന്നീ നാല് നേതാക്കളെ 1887 നവംബര്‍ 11ന് തൂക്കിലേറ്റി.
അദ്ധ്വാനിക്കുന്ന ഓരോ തൊഴിലാളിയ്ക്കും വേണ്ടി – ഇന്ന് തൊഴിലാളികള്‍ അനുഭവിക്കുന്ന ‘ 8 മണിക്കൂര്‍ ജോലി – 8 മണിക്കൂര്‍ വിശ്രമം – 8 മണിക്കൂര്‍ വിനോദം’ എന്ന സൗഭാഗ്യത്തിനു വേണ്ടി പോരാടി ജീവന്‍ ബലികൊടുത്ത ധീരരക്തസാക്ഷികള്‍.
‘ഇന്ന് നിങ്ങള്‍ അവസാനിപ്പിക്കുന്ന ഞങ്ങളുടെ ശ്വാസോച്ഛാസത്തേക്കാള്‍, ഞങ്ങളുടെ നിശബ്ദത വന്‍ശക്തിയായി വരുന്ന ഒരു ദിവസം വരും തൂക്കുമരത്തിലേറിയ തൊഴിലാളി നേതാക്കളുടെ അവസാനവാക്കുകളാണിത്. തൊഴിലെടുത്ത് ജീവിക്കുന്ന ഒരു തൊഴിലാളിയ്ക്കും ഈ ധീരരായ തൊഴിലാളി സ്‌നേഹികളെ മറക്കാന്‍ കഴിയില്ല. ഇല്ല – നമ്മള്‍ ഒരിക്കലും മറക്കില്ല. ഈ രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്ക് മുമ്പില്‍ ഒരു പിടി പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. തൂക്കിലേറ്റപ്പെട്ട രക്തസാക്ഷികളുടെ മൃതദേഹം പതിനായിരക്കണക്കിന് തൊഴിലാളികളുടെ വിലാപയാത്രയായി ചിക്കാഗോയിലെ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ അടക്കം ചെയ്തു.
ഒരു രാഷ്ട്രീയകക്ഷിയോടും, ഇസങ്ങളോടും ആമുഖ്യം പുലര്‍ത്താതെ തീര്‍ത്തും തൊഴിലാളി താല്‍പര്യത്തിലും, ട്രേഡ് യൂണിയന്‍ സംസ്‌കാരത്തിലും മാത്രം ഉറച്ചു നിന്നുകൊണ്ട് രക്തസാക്ഷിത്വം വരിച്ച ധീരപോരാളികളുടെ സ്മരണയ്ക്കു മുമ്പില്‍ തൊഴിലാളി ഐക്യത്തിന്റെ പ്രതിജ്ഞ നമുക്ക് പുതുക്കാം. പണിയെടുത്ത് ജീവിക്കുന്ന ഓരോ തൊഴിലാളിയ്ക്കും ഐ.എന്‍.റ്റി.യു.സി.യുടെ മെയ്ദിനാശംസകള്‍.
വളരെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് ഇന്ന് തൊഴിലാളി കള്‍ പണിയെടുക്കുന്നത്. മുതലാളിമാരും, മാനേജ്‌മെന്റുകളും, ബ്യൂറോക്രസിയെയും, രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെയും തങ്ങളുടെ സ്വാധീനവലയത്തിലാക്കി, നിലവിലുള്ള തൊഴിലാളികളുടെ അവകാശ ങ്ങളിലും നിയമ വ്യവസ്ഥകളിലും മാറ്റം വരുത്തുന്നു. നിയമങ്ങള്‍ പരസ്യമായി ലംഘിച്ചുകൊണ്ട് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. 19-ാം നൂറ്റാണ്ടിലെ യൂറോ – അമേരിക്കന്‍ പ്രക്ഷോഭങ്ങളുടെയും, 20-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സ്വതന്ത്ര-തൊഴിലാളി സമര പ്രക്ഷോഭങ്ങളുടെയും, ഊര്‍ജ്ജം ഉള്‍കൊണ്ട് കൊണ്ട്, ജാതിയും, മതവും, വര്‍ഗ്ഗവ്യത്യാസങ്ങളും ഇല്ലാതെ തൊഴിലാളികളുടെ ഐക്യം ഉറപ്പിച്ചു കൊണ്ട് നടത്തുന്ന 21-ാം നൂറ്റാണ്ടിലെ തൊഴിലാളി സമരപോരാട്ടത്തിന് ഈ മെയ്ദിന ഓര്‍മ്മകള്‍ ആവേശം പകരട്ടെ ………

ആര്‍. ചന്ദ്രശേഖരന്‍