നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ നടത്തിയ പ്രസംഗം

Ramesh Chennithala #RameshChennithala #MM #KPCCITCell #KPCC #KeralaPCC #OommenChandi #MMHassan #KPCCPresident #FormerCM #KERALACM #ChiefMinister #IndianNationalCongress #India #RahulGandhi #KERALA
കേരളം സമീപകാലത്ത് കണ്ട ഏറ്റവും ശുഷ്‌കമായ ഒരു പ്രസംഗമായിരുന്നു ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയത്. പക്ഷേ, ഈ സര്‍ക്കാരിന് യോജിച്ച ഒരു പ്രസംഗംതന്നെയായിരുന്നു അത്. കാരണം ശുഷ്‌കമായ ഒരു സര്‍ക്കാരിന് ശുഷ്‌കമായ ഒരു നയപ്രഖ്യാപനം. കഴിഞ് വര്‍ഷം ഈ ഗവര്‍ണര്‍ ഈ സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഞാന്‍ പരിശോധിച്ചു. അദ്ദേഹം പറഞ്ഞ 40 കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷക്കാലം ഈ സര്‍ക്കാര്‍ നടപ്പാക്കിയില്ല.  കേരളത്തില്‍ ഇന്ന് ഭരണത്തകര്‍ച്ചയാണ് കാണാന്‍ സാധിക്കുന്നത്. ഓരോ ഫയലും ഒരു ജീവിതമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞതിനെ ഉദ്ധരിച്ചുകൊണ്ട് സര്‍ക്കാരിന്റെ തുടക്കത്തില്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്.
സെക്രട്ടേറിയറ്റില്‍ നവംബര്‍ മാസത്തില്‍ 76892 ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. ഇതാണോ ഭരണത്തിന്റെ വേഗത; ഇതാണോ ഭരണം കാര്യക്ഷമമാകുന്നതിന്റെ ഉദാഹരണം; മന്ത്രിമാരുടെ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു; ഡിപ്പാര്‍ട്ടുമെന്റുകളില്‍ തീരുമാനമെടുക്കാതെ ഫയലുകള്‍ കെട്ടിക്കിടക്കുന്നു.
കഴിഞ്ഞ തവണ ഗവര്‍ണര്‍ പ്രസംഗിച്ച കാര്യങ്ങളൊന്നും നടക്കുന്നില്ല എന്നുള്ളത് ഒരു കാര്യം, രണ്ടാമത്തേത്, ഗവര്‍ണര്‍ ചില ഭാഗങ്ങള്‍ ഇത്തവണ വിട്ടുകളഞ്ഞു. സാധാരണഗതിയില്‍ ഗവര്‍ണര്‍ക്കെതിരെ സംസാരിക്കുന്ന ഒരു പാര്‍ട്ടിയായിരുന്നു സി.പി.എം. ഇന്ന് ഗവര്‍ണര്‍ എന്ന പേര് കേട്ടാല്‍ മുട്ടുവിറയ്ക്കുന്ന ഒരു പാര്‍ട്ടിയായി സി.പി.എം. മാറിയതില്‍ ഞാന്‍ പരിതപിക്കുകയാണ്. ഗവര്‍ണര്‍ കേന്ദ്രത്തേയും സംസ്ഥാനത്തെയും ഒരുപോലെ സുഖിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രത്തിനെതിരായുള്ള ചില ഭാഗങ്ങളായിരുന്നു അദ്ദേഹം വിട്ടുകളഞ്ഞത്. കേന്ദ്രത്തിനെതിരായ ഭാഗങ്ങള്‍ വിട്ടുകളഞ്ഞതുവഴി അദ്ദേഹം കേന്ദ്രത്തെ തൃപ്തിപ്പെടുത്തി. കേരളത്തെ ബാധിക്കുന്ന ചില കാര്യങ്ങള്‍ പുകഴ്ത്തിപ്പറഞ്ഞു. ഇവിടെയും സുഖിപ്പിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്ന സി.പി.എമ്മിന്റെ പഴയ മുഖം ഞാന്‍ ഇവിടെ കാണുന്നില്ല. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ കുറ്റം പറയുന്ന കാര്യങ്ങള്‍ വിട്ടുകളഞ്ഞിട്ടും കേരളത്തിലെ മുഖ്യമന്ത്രി അത് അറിഞ്ഞില്ല എന്നാണ് പറഞ്ഞത്. എത്ര ദൗര്‍ഭാഗ്യകരമായൊരു കാര്യമാണ്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ശീതസമരമാണ് ഇന്ന് കാണുന്നത്. ആതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍, മാവോയിസ്റ്റ് വേട്ടയുടെ കാര്യത്തില്‍, മന്ത്രിസഭാ വിവരങ്ങള്‍ വിവരാവകാശപ്രകാരം നല്‍കുന്ന കാര്യത്തില്‍, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍, ലാ അക്കാദമി പ്രശ്‌നത്തില്‍, തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ എല്ലാത്തിലും ഭിന്നതയാണ്. സി.പി.എം.-സി.പി.ഐ. സമ്മേളനങ്ങളില്‍ പരിസ്പരം ആക്രമിക്കുന്നു. ഓരോ പാര്‍ട്ടിക്കും ഓരോ നിലപാട് ഉണ്ടാകും. ഇവിടെ മന്ത്രിസഭാ യോഗം ചേര്‍ന്നത് 15 മിനിട്ടാണ്. എന്തിനാണ് ഇങ്ങനെ മന്ത്രിസഭാ യോഗം ചേരുന്നത്? സര്‍ക്കാരിനും മുന്നണിക്കും ചീത്തപ്പേര് ഉണ്ടായി എന്നാണ് മുഖ്യമന്ത്രി സി.പി.ഐ.യുടെ മന്ത്രിസഭാ ബഹിഷ്‌കരണത്തെപ്പറ്റി പറഞ്ഞത്. പിണറായിയും മോദിയും ഒരുപോയെയാണെന്ന് ‘ജനയുഗം’ എഡിറ്ററായ രാജാജി മാത്യു തോമസ് എക്‌സ് എം.എല്‍.എ. പറയുന്നു. മുഖ്യമന്ത്രി സ്വോച്ഛാദിപതിയെപ്പോലെയാണെന്ന് സി.പി.ഐ.യുടെ കൊട്ടാരക്കരയില്‍ നടന്ന ജില്ലാ സമ്മേളത്തിന്റെ പ്രമേയത്തില്‍ പറയുന്നു. മുഖ്യമന്ത്രി ഏകാധിപതിയെ പോലെയാണെന്ന് സി.പി.ഐ. യോഗത്തില്‍ രൂക്ഷവിമര്‍ശനം. സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇന്ന് തലസ്ഥാനത്തെ, ഭരണത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഇതാണോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കൂട്ടുത്തരവാദിത്വം? മുഖ്യമന്ത്രി ഒരു ക്യാബിനറ്റ് യോഗം വിളിച്ചാല്‍ അതില്‍ പങ്കെടുക്കാതെ രണ്ടാമനായ റവന്യു വകുപ്പുമന്ത്രിയുടെ മുറിയില്‍ പാരലല്‍ ക്യാബിനറ്റ് യോഗം നടക്കുന്നത് കേരളത്തിന്റെ ചരിത്രത്തിലെ  ആദ്യത്തെ സംഭവമാണ്. ഇതാണോ സര്‍ക്കാരിന്റെ കെട്ടുറപ്പ്? എന്നിട്ട് പറയുന്നു ഭരണം നല്ല മെച്ചപ്പെട്ട നിലയിലാണ് നടക്കുന്ന് എന്ന്. സി.പി.എം. മന്ത്രിമാര്‍ ചെയ്യുന്ന കാര്യങ്ങള്‍ സി.പി.ഐ. മന്ത്രിമാര്‍ അറിയുന്നില്ല. സി.പി.ഐ. മന്ത്രിമാര്‍ ചെയ്യുന്ന കാര്യങ്ങള്‍ സി.പി.എം. മന്ത്രിമാര്‍ അറിയുന്നില്ല. എന്തിനേറെ, മുഖ്യമന്ത്രി പോലും ഇത് അറിയുന്നില്ല എന്നുള്ളതാണ്  യാഥാര്‍ത്ഥ്യം.
കേരളത്തില്‍ പൂര്‍ണ്ണമായ ഭരണസ്തംഭനമാണ്, വികസന സ്തംഭനമാണ്. വികസനത്തിന് ഹോളിഡേ പ്രഖ്യാപിച്ച ഒരു ഗവണ്‍മെന്റാണിത്.
ഇവിടെ ക്രൈസിസ് മാനേജ്‌മെന്റിനെക്കുറിച്ച് പറഞ്ഞു. ഒരു പ്രശ്‌നമുണ്ടായാല്‍ ഗവണ്‍മെന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓഖി ദുരന്തമുണ്ടായപ്പോള്‍ സര്‍ക്കാരെടുത്ത നിലപാടുകള്‍ പാളിപ്പോയി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
ഇന്ന് വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പ്രയാസപ്പെടുന്നു. എല്ലാ സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു ഭാഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയംമൂലം ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ കുതിച്ച് കയറുന്നു. സാധാരണക്കാരനും നിശ്ചിത വരുമാനമുള്ളവര്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ കേരളത്തില്‍ സംജാതമാണ്. മാവേലി സ്റ്റോറിലും കണ്‍സ്യൂമര്‍ ഫെഡിന്റെ സ്ഥാപനങ്ങളിലും സാധനങ്ങള്‍ കിട്ടുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഈ വിലക്കയറ്റം ബാധിക്കുന്നത് പാവങ്ങളെയാണ്,  സാധാരണക്കാരെയാണ്.
കേരളത്തില്‍ ക്രമസമാധാനം അങ്ങേയറ്റം തകരാറിലായൊരു കാലഘട്ടമാണ്. അഴിമതിക്കെതിരെ സംസാരിച്ചുകൊണ്ട് അധികാരത്തില്‍ വന്നൊരു ഗവണ്‍മെന്റാണിത്. അഴിമതിക്കെതിരെ കയ്യാമം വച്ച് ജയിലിലേയ്ക്ക് അയയ്ക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരു ഡി.ജി.പി. യുടെ സ്ഥിതി ഇന്ന് എന്താണ്? ആ വിജിലന്‍സ് ഡി.ജി.പി. ഗവണ്‍മെന്റിനെതിരെ പാഠം എന്ന്, പാഠം രണ്ട്, പാഠം മൂന്ന് എന്നുള്ള നിലയില്‍ ഓരോ ദിവസവും ഗവണ്‍മെന്റിന്റെ മര്യാദ പഠിപ്പിക്കുന്ന നിലയിലേയ്ക്ക് മാറിയിരിക്കുന്നു. ഇവിടെ അഴിമതിക്കാരെ കല്‍ത്തുറങ്കിലടയ്‌ക്കേണ്ട വിജിലന്‍സിന്റെ തലപ്പത്ത് ഹൈക്കോടതി ഇടപെട്ടിട്ടുപോലും ഒരു സ്ഥിരം ഡയറക്ടറെ ഇത്രയും നാളായി നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ ഗവണ്‍മെന്റ് അഴിമതിക്കാരെ പൂര്‍ണ്ണമായി സംരക്ഷിക്കുന്നു. പത്തുമാസമായി വിജിലന്‍സിന് തലവനില്ല. വിജിലന്‍സ് വകുപ്പില്‍ അഡീഷണല്‍ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഭരണമാണ്. വിജിലന്‍സ് വകുപ്പിനെ നോക്കുകുത്തിയാക്കി മാറ്റിയ ഗവണ്‍മെന്റാണിത്. അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി വന്ന ഗവണ്‍മെന്റ്, അഴിമതി നിര്‍മ്മാര്‍ജ്ജനമല്ല, അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ 17 മാസംകൊണ്ട് മുഖ്യമന്ത്രി സ്വീകരിച്ചത്. 153 അഴിമതി കേസുകള്‍ എഴുതി തള്ളിയ ഈ സര്‍ക്കാര്‍ ഏറ്റവും വലിയ അഴിമതി നടത്തിയിരിക്കുന്നത്.
നിയമസഭാ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരായുള്ള കേസ്, ഇ.പി. ജയരാജന്റെ ബന്ധു നിയമനകേസ്, മേഴ്‌സിക്കുട്ടിയമ്മയുടെ തോട്ടണ്ടി ഇറക്കുമതി കേസ്, ടി.പി. ദാസന്റെ സ്‌പോര്‍ട്ട്‌സ്, ലോട്ടറി കേസ് തുടങ്ങി എല്ലാ കേസും വിജിലന്‍സ്  എഴുതിതള്ളി. മുന്‍മന്ത്രി തോമസ് ചാണ്ടി പ്രതിയായ കേസിന്റെ വിജിലന്‍സ് അന്വേഷണം അപ്പാടെ അട്ടിമറിക്കുന്നതിന് അന്വേഷണ സംഘത്തെ മാറ്റി. കടകംപള്ളി സുരേന്ദ്രന്‍ അനെര്‍ട്ട് ഡയറക്ടറെ അനധികൃതമായി നിയമിച്ച കേസ് ഇന്നുരാവിലെ വിജിലന്‍സ് എഴുതിത്തള്ളി.
17 മാസംകൊണ്ട് 153 അഴിമതിക്കേസുകള്‍ എഴുതിത്തള്ളിയ ഈ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. കേസ് എടുക്കാനുള്ള അധികാരം വിജിലന്‍സ് ഡയറക്ടര്‍ക്ക് മാത്രമാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. അതുകൊണ്ട് അഴിമതി കേസുകളുടെ എണ്ണം പകുതിയായി കുറഞ്ഞു.  ഉന്നത നീതിപീഠം വ്യക്തമായി ആവശ്യപ്പെട്ടിട്ടും ഡി.ജി.പി. തന്നെ വിജിലന്‍സ് ഡയറക്ടറുടെ ചുമതലകൂടി വഹിക്കുന്ന സ്ഥിതി പത്തു മാസമായി കേരളത്തില്‍ തുടരുകയാണ്. അത് ഈ സര്‍ക്കാരിന്റെ കഴിയുകേടല്ലേ?
അഴിമതിയെ ഇല്ലാതാക്കുന്ന ഗവണ്‍മെന്റ്, വ്യവസായ വകുപ്പിന്റെ 4.1.2010 ലെ 06/18 നമ്പര്‍ പ്രകാരം മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ബൈജുവിനെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് പഞ്ചായത്തിലെ എടവട്ടത്തെ കെ. ബിനോയിക്ക് ഏഴ് സെന്റ് ഭൂമിയില്‍ സാധാരണ മണല്‍ ഖനനം ചെയ്യുന്നതിന് നല്‍കിയ ഖനനാനുമതി, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് കോട്ടയം ജില്ലയിലെ ഉദ്യോഗസ്ഥന്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും  വ്യവസായ വകുപ്പ് ഈ ഉദ്യോഗസ്ഥന്റെ പേരില്‍ അച്ചടക്ക നടപടി അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുകയാണ് ചെയ്തത്. എന്നാല്‍, വിജിലന്‍സ് വകുപ്പ് ഇത് അംഗീകരിക്കാതെ മുന്നോട്ട് പോയപ്പോഴാണ്  വ്യവസായ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 31.5.2016 നുശേഷം മൈനിംഗ് ആന്റ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡയറക്ടറുടെ നിയമനമുണ്ടായിട്ടില്ല. 1.6.2016 മുതല്‍ അഡീഷണല്‍ ഡയറക്ടര്‍ക്ക് അഡീഷണല്‍ ചാര്‍ജ് നല്‍കി. അദ്ദേഹം ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചപ്പോള്‍ ആരോപണ വിധേയന് ഡയറക്ടറുടെ ചാര്‍ജ് നല്‍കുകയാണ് ഈ ഗവണ്‍മെന്റ് ചെയ്തത്. ഇതാണോ അഴിമതി ഇല്ലാതാക്കുന്ന ഗവണ്‍മെന്റ്? അച്ചടക്ക നടപടിക്ക് വിധേയനായ ഡെപ്യൂട്ടി ഡയറക്ടറെ തുടരാന്‍ അനുവദിക്കുകയാണ് ചെയ്തത്. എന്നാല്‍, ഈ ഉദ്യോഗസ്ഥന്റെ അച്ചടക്കനടപടി അവസാനിപ്പിച്ചുകൊണ്ട് 4.1.2018 ല്‍ പുറപ്പെടുവിച്ച ഉത്തരവ് മറിച്ചുനോക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ബൈജുവിനെതിരെ കണ്ടെത്തിയ ക്രമക്കേടുകള്‍ തികഞ്ഞ അധികാര ദുര്‍വിനിയോഗവും അഴിമതിയും കൃത്യവിലോപവുമായതിനാല്‍ രണ്ട് വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ സഞ്ചിതഫലത്തോടെ തടഞ്ഞുകൊണ്ടുള്ള അച്ചടക്ക നടപടിയുമായി മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതാണോ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാട്.
കൃഷി വകുപ്പിലെ വെജിറ്റബില്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.കെ. സുരേഷ് 31.7.2017 ല്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചു. എന്നാല്‍, ടി ഉദ്യോഗസ്ഥന്‍ യാതൊരു അറിയിപ്പുമില്ലാതെ ജോലിയില്‍ തുടരുകയാണ്. ഇതെല്ലാം അഴിമതിയുടെ ഫലമാണ്. അഴിമതിക്കാരനായ രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞുവയ്ക്കപ്പെട്ടതുമായ ഉദ്യോഗസ്ഥന്‍ മൈനിംഗ് ആന്റ് ജിയോളജിയില്‍ തുടരുകയാണ്. ഈ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്നു എന്നുള്ളതിന്റെ നിരവധി ഉദാഹരണങ്ങള്‍ വരുദിവസങ്ങളില്‍ പുറത്തുകൊണ്ടുവരുന്നതാണ്.
ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിക്കും സി.പി.എം. സംസ്ഥാന സെക്രട്ടറിക്കും ചൈനയോടാണ് പ്രേമം. അവരുടെ ചൈനീസ് പ്രേമം കൂടുതല്‍ കടുത്തുപോകുന്നു. അരുണാചല്‍ പ്രദേശില്‍ ഇന്ത്യക്കെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നത് ചൈനയാണ്; ഡോക്‌ലാം പ്രശ്‌നം പരിഹരിക്കാന്‍ നമ്മള്‍ എത്രത്തോളം വിയര്‍പ്പൊഴുക്കേണ്ടിവുന്നു. മധുരമനോഞ്ജമായ പഴയ ചൈനയല്ല ഇപ്പോഴത്തെ ചൈന. ഇപ്പോള്‍ ഉദാരവല്‍ക്കരണത്തിന്റെയും മുതലാളിത്തത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമായി കാണാന്‍ കാഴിയുന്ന രാജ്യം ചൈനയാണ്.  ഇന്ത്യയ്‌ക്കെതിരെ ഡോക്‌ലാമില്‍ റോഡ് നിര്‍മിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്ന ചൈനയെ പാടിപ്പുകഴ്ത്തുന്ന  അങ്ങ് ആ നിലപാട് തിരുത്തണം. കിം ജോംഗ് ഇന്‍-ല്‍ വിപ്ലവം കണ്ടെത്തുന്നത് അങ്ങേയ്ക്ക് ചേര്‍ന്ന നടപടിയല്ല എന്നാണ് എനിക്ക് പറയാനുള്ളത്. കിം ജോംഗ് ഇന്‍ ആരാണെന്ന് അങ്ങേയ്ക്കും സ്പീക്കര്‍ക്കുമൊക്കെ അറിയാവുന്നതാണ്. തന്റെ മന്ത്രിസഭാ യോഗത്തില്‍ ഉറങ്ങിപ്പോയ സഹപ്രവര്‍ത്തകനെ വെടിവച്ചുകൊന്ന് കിം ജോംഗ് ഉന്‍ – ല്‍ എങ്ങനെയാണ് മുഖ്യമന്ത്രി വിപ്ലവം കണ്ടെതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ സി.പി.എമ്മിന്റെ മുഖ്യശത്രു ആരാണ്? ഇവിടെ പ്രസംഗിച്ചവരെല്ലാം പറഞ്ഞത് മുഖ്യശത്രു ബി.ജെ.പി.യും കോണ്‍ഗ്രസുമാണെന്നാണ്. ഞങ്ങള്‍ ഇപ്പോള്‍ അല്പം ക്ഷീണാവസ്ഥയിലാണെന്ന് സമ്മതിച്ചിട്ടുള്ള കാര്യമാണ്, പക്ഷേ ഈ രാജ്യത്ത് ബി.ജെ.പി.ക്കെതിരെ പോരാടാന്‍ കഴിയുന്ന ഒരേ ഒരു ശക്തിയേ ഉള്ളു. അത് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. ഈ രാജ്യത്ത് നരേന്ദ്രമോദിയുടെ തട്ടകത്തില്‍ ബി.ജെ.പി.ക്കും ആര്‍.എസ്.എസിനുമെതിരായി ഉജ്ജ്വലമായ പോരാട്ടം നടത്തിയത് രാഹുല്‍ ഗാന്ധിയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു. അവിടെ ഞങ്ങള്‍ സി.പി.എമ്മിനെ കണ്ടില്ല. എന്തുകൊണ്ടാണ് ബംഗാളിലെ പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസുമായി യോജിക്കണമെന്ന് പറയുന്നത്? അവിടെ പുറത്തിറങ്ങിയാല്‍ ഗുണ്ടകള്‍ അക്രമിക്കുന്നു, പൊലീസ് അറസ്റ്റ് ചെയ്യുന്നു. 30 വര്‍ഷക്കാലം ബംഗാള്‍ ഭരിച്ച സി.പി.എമ്മിന്റെ സ്ഥിതി അതീവ ദയനീയമാണ്. അവിടെ ഭരണാധികാരികളെ ഉപയോഗിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന  അതിക്രമങ്ങളെ നേരിടാന്‍ കോണ്‍ഗ്രസുകൂടി ഉണ്ടായാല്‍ മാത്രമേ കഴിയൂവെന്ന് അവര്‍ക്ക് ബോധ്യമായി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അത് മനസ്സിലായില്ല. നാളത്തെ ഭാരതത്തില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായി ഉയര്‍ന്നുവരുന്നത് മതേതര ജനാധിപത്യശക്തികളുടെ ബദലാണ്. ഏതായാലും നിങ്ങള്‍ കല്‍ക്കട്ടയില്‍ ചെയ്തത് ഒരു ചരിത്രപരമായ മണ്ടത്തരമാണെന്ന് നാളെ വിധിയെഴുതുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. നിങ്ങള്‍ 10 വര്‍ഷം കഴിഞ്ഞാണല്ലോ ചിന്തിക്കുന്നത്. അപ്പോള്‍ തെറ്റായിപ്പോയിയെന്ന് നിങ്ങള്‍തന്നെ പറയും. അപ്പോള്‍ കാലവും ചരിത്രവും നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയില്ല. സെന്‍ട്രല്‍ കമ്മിറ്റിയില്‍ എടുത്ത തീരുമാനത്തെപ്പള്ളി സീതാറാം യെച്ചൂരി പറഞ്ഞത്, ‘എന്നെ കോണ്‍ഗ്രസ് പക്ഷപാതിയെന്ന് വിളിച്ചാല്‍ ഞാന്‍ മറ്റുള്ളവരെ ബി.ജെ.പി. പക്ഷപാതിയെന്ന് വിളിക്കും’ എന്നാണ്. പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി. പക്ഷപാതിയാണോ? ഈ രാജ്യത്തെ എല്ലാ മതേതര ജനാധിപത്യകക്ഷികളെയും നിരാശപ്പെടുത്തിയ തീരുമാനമാണ് നിങ്ങളുടെ കേന്ദ്രക്കമ്മിറ്റി എടുത്തത്. നിങ്ങളെക്കൊണ്ട് വലിയ അത്ഭുതമൊന്നും ഉണ്ടാകുമെന്ന് കരുതിയിട്ടില്ല. ഇവിടെ ഒന്നാം യു.പി.എ. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചെന്ന് പറഞ്ഞല്ലോ. അന്ന് ഇടതുപക്ഷത്തിന് 64 സീറ്റുണ്ടായിരുന്നു. നിങ്ങളുടെ തെറ്റായ തീരുമാനംകൊണ്ട് പാര്‍ലമെന്റില്‍ നിങ്ങളുടെ ശബ്ദം പോലും ഇന്ന് ഉയരുന്നില്ല എന്നുള്ള കാര്യം നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ ആത്മപരിശോധന നടത്തണം. ഇന്ത്യയില്‍ നിങ്ങളില്ലെങ്കിലും ആര്‍.എസ്.എസ്സും ബി.ജെ.പി.യും നടത്തുന്ന വര്‍ഗ്ഗീയതയ്‌ക്കെതിരായി ഈ രാജ്യത്ത് ഒരു മതേതര ജനാധിപത്യ ബദല്‍ ഉണ്ടാകും. അതിന്റെ മുന്നില്‍ കോണ്‍ഗ്രസ്സുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.