നരേന്ദ്രമോദി- അമിത്ഷാ കൂട്ടുകെട്ട് കേരളത്തില്‍ ക്ലച്ച് പിടിക്കില്ല: രമേശ് ചെന്നിത്തല


നരേന്ദ്രമോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങളൊന്നും കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുറേകാലമായി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പല കുതന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ടെങ്കിലും ഇത്തവണയും ബി.ജെ.പിയുടെ മോഹം പൂവണിയില്ല. ജാതിമത സംഘടനകളെ കൂട്ടുപിടിച്ച് പുതുയൊരു സമവാക്യം തീര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞു, വര്‍ഗ്ഗീയതക്കും അക്രമ രാഷ്ട്രീയത്തിനും പുതിയൊരു മുഖം നല്‍കി പരീക്ഷിക്കാനാണ് മോദി അമിത്ഷാ കൂട്ടുകൊട്ടിന്റെ തന്ത്രം. ഇപ്പോഴിതാ പുതിയ കുതന്ത്രമായിട്ടാണ് ബി.ജെ.പി നേതൃത്വം ഇറങ്ങിരിക്കുന്നത്. രാജ്യസഭാ നാമനിര്‍ദേശത്തിലൂടെ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമോയെന്ന് നോക്കുകയാണ്. സുരേഷ് ഗോപി നല്ല നടനും സുഹൃത്തുമാണ്. എന്നാല്‍ അദ്ദേഹം ചെന്നുപ്പെട്ടിരിക്കുന്നത്‘A good man in a bad company’ എന്ന അവസ്ഥയിലാണ്. ഏത് കുറുക്കുവഴിയും സ്വീകരിച്ച് വോട്ടുതട്ടാനുള്ള തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഓര്‍ത്താല്‍ നന്ന്. കേരളത്തിലെ ജനാധിപത്യ മതേതരവിശ്വാസികളായ വോട്ടര്‍മാര്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിളൊന്നും പെട്ടുപോകില്ലെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.