നരേന്ദ്ര മോദിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിക്ക്,
വിദേശ യാത്രകള്‍ ഒഴിവാക്കി കേരളത്തിലേക്ക് പറന്നെത്തുന്ന അങ്ങ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അങ്ങയുടെ ഓര്‍മ ചില പഴയകാല സംഭവങ്ങളിലേക്ക് ഞാന്‍ കൊണ്ടുപോകട്ടെ. അങ്ങയുടെ മുന്‍ഗാമിയും ആദ്യ എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുമായിരുന്ന ശ്രീ. എ.ബി.വാജ്‌പേയ് ഇവിടെവന്ന് 402 കോടി രൂപയുടെ കുമരകം പാക്കേജ് പ്രഖ്യാപിച്ച് മടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടു പിന്നുടുന്ന ഈ അവസരത്തില്‍ കേരളത്തിലെ ഭരണത്തേയും വികസനത്തേയും കാര്‍ഷിക മേഖലയേയും കുറിച്ച് അങ്ങ് പറയുന്നു വാക്കുകള്‍കളെ കേരള ജനതക്ക് എങ്ങനെ വിശ്വസിക്കാനാകും.
2000 ഡിസംബര്‍ അവസാനവാരത്തില്‍ കുമരകത്ത് സുഖവാസത്തിനെത്തിയ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ് 402 കോടി രൂപയുടെ കുമരകം പാക്കേജ് പ്രഖ്യാപിച്ചാണ് മങ്ങിയത്. പിന്നീട് കുമരകം പാക്കേജ് വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങുകയും ചെയ്തു. വികസനത്തെ കുറിച്ച് പറയുമ്പോള്‍ അങ്ങ് മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിനെക്കൂടി പരാമര്‍ശിക്കാന്‍ അഭ്യര്‍ഥിക്കുന്നു. ധനികന്‍മാര്‍ക്കുവേണ്ടിയുള്ള വികസനം അങ്ങ് ഗുജറാത്തില്‍ നടപ്പാക്കിയപ്പോള്‍ ദരിദ്രരും പാവപ്പെട്ടവുരുമായ ജനത അവഗണിക്കപ്പെടുകയായിരുന്നു എന്ന വസ്തുത ഇന്ന് അംഗീകരിക്കപ്പെട്ടതാണ്. ഇത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണോ അങ്ങ് പറയുന്നത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വമ്പന്‍ പദ്ധതികള്‍ കൊണ്ടുവരുമ്പോഴും സാധാരണക്കാരനെ പരിഗണിച്ചുകൊണ്ടുള്ള കരുതല്‍ പദ്ധതികളും ഇവിടെ നടപ്പിലാക്കുന്നുണ്ട്.
അങ്ങ് ബിഹാര്‍ ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു കാലത്തു പോയി ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ വഞ്ചിക്കാറാണല്ലോ പതിവ്. അത് ഇത്തവ കേരളത്തിലുണ്ടായില്ലെന്നത് ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് ആശ്വാസകരമാണ്. എങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ താങ്കളാല്‍ കഴിയുന്ന ജനവിരുദ്ധ നയങ്ങള്‍ ആവിഷ്‌കരിച്ചല്ലോ, അവയില്‍ ചില കാര്യങ്ങള്‍ ഞാന്‍ അക്കമിട്ടു നിരത്താം. സാധാരണക്കാരന്റെ കൈകളിലേക്ക് കൂടുതല്‍ പണം ഏത്തിക്കാനായി യു.പി.എ. സര്‍ക്കാര്‍ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം അങ്ങ് വെട്ടിക്കുറച്ചകാര്യം സൗകര്യപൂര്‍വം മറക്കുന്നു. ക്രൂഡോയയില്‍ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം സാധാരണക്കാരനിലേക്ക് എത്തിക്കാതെ എത്ര തവണയാണ് അങ്ങയുടെ സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്. കടക്കെണിയില്‍പെട്ട് ഉഴലുന്ന കര്‍ഷകന്റെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ കോര്‍പ്പറേറ്റുകളുടെ 70,000 കോടിയിലധികം രൂപയുടെ കിട്ടാക്കടം അങ്ങയുടെ സര്‍ക്കാര്‍ യാതൊരു മടിയും കൂടാതെ ഏഴുതിത്തള്ളിയല്ലോ. ബാങ്കുകളില്‍നിന്നും വായ്പയെടുത്ത 700 കോടിരൂപ തിരിച്ചടക്കാത്ത വിജയ് മല്യക്ക് രാജ്യത്തിനു പുറത്തേക്ക് കടക്കാന്‍ വഴിയൊരുക്കിയത് അങ്ങയുടെ സര്‍ക്കാരല്ലേ.
സാധാരണക്കാരെപ്പോലും ആകര്‍ഷിച്ച് നടപ്പിലാക്കിയ പല കേന്ദ്ര നിക്ഷേപ പദ്ധതികളുടേയും പലിശ വെട്ടിക്കുറച്ചതിലൂടെ അവരെ പറ്റിക്കുകയല്ലേ അങ്ങയുടെ സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഗുജറാത്തില്‍ മാത്രം 60,000 വ്യവസായ ശാലകള്‍, അവയില്‍തന്നെ 45,000 എണ്ണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയ കാര്യം അങ്ങ് അറിഞ്ഞില്ലേ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുന്തൂണായ റബറിന്റെ വിലയിടിവ് എത്ര തവണയാണ് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തിയത്. എന്നിട്ട് റബര്‍ കര്‍ഷകനെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ അനക്കാന്‍പോലും അങ്ങയോ അങ്ങയുടെ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരോ തയാറായോ. അങ്ങയില്‍നിന്ന് നീതി പ്രതീക്ഷിച്ച്, ഇറക്കുമതി നിയന്ത്രിക്കുമെന്ന് കരുതി കാത്തിരുന്ന ശേഷം അവസാനം റബര്‍ വിലസ്ഥിരതാ പദ്ധതി നടപ്പാക്കി കര്‍ഷകനെ രക്ഷിച്ചത് എന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരല്ലേ. യാഥാര്‍ഥ്യങ്ങള്‍ ഇതായിരിക്കുമ്പോഴും രണ്ട് എം.പിമാരെ ലോക്‌സഭയിലേക്ക് നോമിനേറ്റു ചെയ്‌തെന്നു പറഞ്ഞ് മേനിനടിക്കുകയല്ലേ അങ്ങ് ചെയ്യുന്നത്. ഇതിലൂടെ ഇവിടുത്തെ റബര്‍ കര്‍ഷകന്റേയും സാധാരണക്കാരന്റേയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ.
അഴിമതിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അങ്ങയുടെ പാര്‍ട്ടി ഒരു പതിറ്റാണ്ടിലധികമായി ഭരിക്കുന്ന മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 48 പേര്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ചില്ലേ. അപ്പോഴും ഇതിനെയെല്ലാം മുഖംതിരിച്ചുനിന്ന് ന്യായീകരിക്കുയല്ലേ അവിടുത്തെ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാന്‍ ചെയ്യുന്നത്. വാജ്‌പേയ് സര്‍ക്കാരിനെ നാണംകെടുത്തിയ ശവപ്പെട്ടി കുംഭകോണം അങ്ങ് മറന്നതാണോ.
കേരള ജനതയുടെ സൈ്വര ജീവിതത്തിനു പോലും അങ്ങയുടെ പാര്‍ട്ടിയും സി.പി.എമ്മുമാണ് വലിയ ഭീഷണിയുയര്‍ത്തുന്നത്. കേരളത്തില്‍ നടന്നിട്ടുള്ള 200ഓളം രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ചത് ഒന്നുകില്‍ ബി.ജെ.പിയുടെ അല്ലെങ്കില്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകരാണല്ലോ. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോഴും സി.പി.എം നേതാവ് കടം വീട്ടുമെന്നും പലിശ സഹിതം തിരിച്ചു കൊടുക്കുമെന്ന് അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും പറയുന്നതിന്റെ അര്‍ഥം ഭാവിയിലും കേരളീയരുടെ സൈ്വരജീവിതം തകര്‍ക്കുമെന്നല്ലേ.
തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതില്‍നിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും അങ്ങും അങ്ങയുടെ പാര്‍ട്ടിയും നടത്തുന്ന ശ്രമം പ്രബുദ്ധ കേരളത്തിലെ ജനം അങ്ങയുടെ പാര്‍ട്ടിയെ കേരള നിയമസഭയുടെ പടികയറ്റില്ല.
എന്ന്
സ്‌നേഹപൂര്‍വം
ഉമ്മന്‍ ചാണ്ടി