ഒന്നും നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നത് പരിഹാസ്യമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍

നേരത്തെ കേരള സന്ദര്‍ശനവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നത് പരിഹാസ്യമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു.
തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണുമെന്ന പ്രഖ്യാപിച്ച മോദി കഴിഞ്ഞ ബജറ്റില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.
മോദിയുടെ ഭരണത്തില്‍ റബര്‍ , നാളികേരം, ഏലം കര്‍ഷകര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയെ നേരിട്ടിട്ടും അതിനൊന്നും പരിഹാരം കാണാന്‍ ഫലപ്രദമായി ഒന്നും ചെയ്തിട്ടില്ല.
1000 കോടിയുടെ വിലസ്ഥിരതാ ഫണ്ടില്‍ നിന്നു റബറിനായി 500 കോടി രൂപയെങ്കിലും റബര്‍ സംഭരണത്തിന് നല്‍കണമെന്ന കേരളത്തിന്റെ അവശ്യത്തെയും റബര്‍ ഇറക്കുമതി നിര്‍ത്തല്‍ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യത്തെയും അവഗണിക്കുകയാണുണ്ടായത്.
നാളികേരകര്‍ഷകരുടെ രക്ഷക്കായി പാമോയിലിന്റെ അനിയന്ത്രിത ഇറക്കുമതി ഒഴിവാക്കണമെന്ന ആവശ്യത്തോടും കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുകയാണ് ചെയ്തത്. വിലത്തകര്‍ച്ചയില്‍ കഷ്ടപ്പെടുന്ന ഏലം കര്‍ഷകരുടെ രക്ഷക്കായി ചെറുവിരല്‍ പോലും അനക്കാന്‍ മോദി ഭരണകൂടം തയ്യാറായിട്ടില്ല. കര്‍ഷകരുടെ ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് നേരെ നിഷ്‌ക്രിയ നിലപാട് സ്വീകരിച്ച നരേന്ദ്രമോദിയുടെ പുതിയ വാഗ്ദാനങ്ങള്‍ ആരും മുഖവിലയ്‌ക്കെടുക്കില്ല.
ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് വലിയ തോതില്‍ വില കുറഞ്ഞിട്ടും അതിന് ആനുപാതികമായി പെട്രോള്‍-ഡീസലിന്റെ വില കുറയ്ക്കാതെ അതിനൊക്കെ എക്‌സൈസ് ഡ്യൂട്ടി പലവട്ടം ഏര്‍പ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. പ്രവാസികളെ തീര്‍ത്തും അവഗണിച്ചുകൊണ്ട് പ്രവാസി വകുപ്പ്നിര്‍ത്തലാക്കിയ നരേന്ദ്രമോദിയുടെ നടപടി കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. ഇത് പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇങ്ങനെ കേരളത്തിലെ ജനങ്ങളോട് തുടരത്തുടരെ അവഗണനയും അനീതിയും കാണിക്കുന്ന നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ വാഗ്ദാനങ്ങള്‍ കേവലം പാഴ്‌വാക്കുകളായി മാത്രമേ ജനങ്ങള്‍ കണക്കിലെടുക്കൂവെന്നും സുധീരന്‍ പറഞ്ഞു.