പിണറായി വന്നാല്‍ സെല്‍ ഭരണം: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എമ്മില്‍ കാണുന്ന തൊലിപ്പുറത്തെ ഐക്യം വെറും താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനും പാര്‍ട്ടി വിരുദ്ധനെന്ന് സി.പി.എം പറയുന്ന വി.എസ് അച്യുതാനന്ദനും ഒരുമിച്ചാണ് ഇക്കുറി മല്‍സരരംഗത്തുള്ളത്. ഈ നേതാക്കള്‍ ഇപ്പോഴും ഇരുധ്രുവങ്ങളിലാണ്. രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളാണ് അവരുടെ ഇടയിലുള്ളത്. ഇവരെ രണ്ടാളെയും വിശ്വസിച്ച് ജനം എങ്ങനെ വോട്ടുചെയ്യുമെന്നും ചെന്നിത്തല ചോദിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘വിചാരണ-2016′ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരി ബാലകൃഷ്ണന്‍ ഇവരുടെ ഇടയില്‍ നിസഹായനാണ്. പാര്‍ട്ടി സെക്രട്ടറിക്ക് തെരഞ്ഞെടുപ്പില്‍ ഒരുറോളും ഇല്ല. വല്ലപ്പോഴും പ്രസ്താവന ഇറക്കുക മാത്രമാണ് കോടിയേരിയുടെ റോള്‍. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ നീര്‍ച്ചുഴിയിലേക്ക് കേരളം വീഴും. കഴിഞ്ഞ ഇടതുമുന്നണി ഭരിച്ച അഞ്ചുവര്‍ഷം വികസന കാര്യങ്ങളില്‍ നേതാക്കള്‍ തമ്മിലുണ്ടായ ഭിന്നതകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സീതാറാം യെച്ചൂരി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ഷന്‍ കഴിഞ്ഞാല്‍ സ്ഥിതി വീണ്ടും മാറും. തൊലിപ്പുറത്തെ ഐക്യം കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സി.പി.എം കേന്ദ്രകമ്മിറ്റിയുടെ നയം സ്വീകരിക്കാന്‍ കേരളഘടകം തയാറല്ല. മദ്യനയത്തില്‍ യെച്ചൂരിയുടെ നയത്തിന് കടകവിരുദ്ധമായാണ് പിണറായി സംസാരിക്കുന്നത്. ഇതില്‍ ഏതാണ് ശരിയെന്ന് ജനങ്ങള്‍ക്ക് അറിയില്ല-ചെന്നിത്തല പറഞ്ഞു.
ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ മതേതര ബദലുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഏത് ജാതി-മത വര്‍ഗീയ ശക്തികളുമായും കൈകോര്‍ത്ത് പിടിക്കാന്‍ സി.പി.എമ്മിന് മടിയില്ല. വര്‍ഗീയതയ്ക്ക് ശക്തിപകരുന്ന ബി.ജെ.പിയോടും ബി.ഡി.ജെ.എസിനോടും മൃദുസമീപനമാണ് സി.പി.എം തുടരുന്നത്. ഇത് മതേതര ബദലിന് കടകവിരുദ്ധമാണ്. എങ്ങനെയും അധികാരത്തില്‍ എത്തുന്നതിന് വര്‍ഗീയ ശക്തികളുമായി സി.പി.എം കൂട്ടുകൂടുന്നത് അപകടകരമാണ്. കേരളത്തില്‍ പലസ്ഥലത്തും ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യവുമായി സി.പി.എം രഹസ്യധാരണയിലാണ്. ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയാണോയെന്നും ചെന്നിത്തല ചോദിച്ചു. ബി.ജെ.പിക്കെതിരെ നേരത്തെ ഉപയോഗിച്ച ഭാഷയല്ല സി.പി.എം ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ മൃദുസമീപനത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തില്‍ സെല്‍ഭരണമായിരിക്കും ഉണ്ടാവുക. പാര്‍ട്ടിയില്‍ ഉരുക്കുമുഷ്ടി കൊണ്ട് എതിരാളികളെ നിശബ്ദരാക്കുന്നതാണ് പിണറായിയുടെ ശൈലി. ഇത് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവരും. സി.പി.എം അക്രമരാഷ്ട്രീയത്തിന്റെ പാതയില്‍ തന്നെയാണ്. ബംഗാളിലെ സി.പി.എമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇതായിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അവര്‍ക്കിപ്പോള്‍ കോണ്‍ഗ്രസിന്റെ സഹായം തേടേണ്ടിവന്നിരിക്കുകയാണ്. അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ സി.പി.എം നേതൃത്വം സ്വീകരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കാരായിമാരെ തെരഞ്ഞെടുപ്പില്‍ വരെ മല്‍സരിപ്പിച്ചു. പി. ജയരാജന്‍ കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതിയുടെ വിലക്കുണ്ടായിരുന്നില്ലെങ്കില്‍ അദ്ദേഹത്തെയും മല്‍സരിപ്പിക്കുമായിരുന്നു. ജയിച്ചാല്‍ ആഭ്യന്തരമന്ത്രിയെന്ന വിശേഷണത്തോടെയാണ് ജയരാജനെ സി.പി.എം അവതരിപ്പിച്ചിരുന്നത്. ഇരവിപുരത്തെ ഇടതുസ്ഥാനാര്‍ത്ഥി നൗഷാദും കൊലക്കേസ് പ്രതിയാണെന്നത് സി.പി.എം അക്രമത്തിന് പച്ചക്കൊടി കാട്ടുന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
കടം വീട്ടുമെന്നാണ് ജയരാജന്റെ പ്രസംഗം. കടത്തിന് പലിശ സഹിതം നല്‍കുമെന്ന് കുമ്മനത്തിന്റെ മറുപടി. ഇത്തരം കടംകൊടുക്കലുകളില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്. അക്രമകാരികളെ മഹത്വവത്ക്കരിക്കുന്ന സമീപനമുള്ളവര്‍ അധികാരത്തിലെത്തിയാല്‍ സെല്‍ഭരണമായിരിക്കും ഫലമെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ തുടര്‍ഭരണത്തിനുള്ള സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞുവരുന്നത്. രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലം. വികസനമാണ് യു.ഡി.എഫ് മുന്നോട്ടുവെയ്ക്കുന്ന അജണ്ട. സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല ഇടതുമുന്നണി മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ യു.ഡി.എഫ് വികസനമാണ് ചര്‍ച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ മാത്രമല്ല, പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകും. കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടിയാണ് യു.ഡി.എഫ് വോട്ടു ചോദിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിന് നിരവധി നേട്ടങ്ങളാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. വീണ്ടും കേരളത്തെ പുരോഗതിയിലേക്കും വളര്‍ച്ചയിലും നയിക്കുകയെന്നതാണ് യു.ഡി.എഫിന്റെ അജണ്ട. ഇത് പൊതുസമൂഹത്തില്‍ യു.ഡി.എഫിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരണത്തിലെത്തിയാല്‍ വികസന കാലഘട്ടം തുടരുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.