പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഷുഹൈബിന്റെ കൊലപാതകത്തില്‍ കലാശിച്ചത് : ഉമ്മന്‍ചാണ്ടി

തുടര്‍ച്ചയായ സിപിഎം- ബിജെപി സംഘട്ടനം കോണ്‍ഗ്രസിലേക്കു കൂടി വ്യാപിപ്പിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് ഷുഹൈനുവിന്റെ ക്രൂരമായ കൊലപാതകമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അവിടെയുണ്ടായിരുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍  ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് അനങ്ങിയില്ല. ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ അക്രമങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായി. ഇതൊക്കെ  സര്‍ക്കാരിന്റെ മൗനസമ്മതത്തോടു കൂടി മാത്രം നടക്കുന്ന കാര്യങ്ങളാണ്.
കേരളം വീണ്ടും രക്തച്ചൊരിച്ചിലിലേക്കു വഴുതിവീണിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു വര്‍ഷം തികയുംമുമ്പേ രാഷ്ട്രീയകൊലപാതകങ്ങളില്‍ 22 പേരാണു മരിച്ചത്. പോലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിനു കഴിയുന്നില്ല.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനാധിപത്യവിശ്വാസികളായ എല്ലാവരും രംഗത്തുവരണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.