ബ്രൂവറി ഫയല്‍ എവിടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി

ബ്രൂവറിയും ഡിസ്റ്റിലറിയുംഅനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഇടപാട് നിഗൂഢത നിറഞ്ഞതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സിയില്‍ ഔദ്യോഗികമായി ഓഫീസ് ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം.
മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍  മന്ത്രിസഭയിലോ ഘടക കക്ഷികളുമായോ ചര്‍ച്ച നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. മറിച്ച് തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ആ ഫയല്‍ എവിടെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.
വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണ് ബ്രൂവറി ഫാക്ടറികള്‍. നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വ്യാവസായിക സംരംഭമല്ല ബ്രൂവറി. വന്‍തോതില്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടി വരും. മലമ്പുഴ എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരേ ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം പ്ലാച്ചിമട സമരംപോലെ മുന്നോട്ടുപോകും.
കോടതിവിധികളെ മാനിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയേയും മാനിക്കുന്നു. അതോടൊപ്പം സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങളെ വിസ്മരിക്കാനാവില്ല.ബഹുസ്വരതയുടെ  നാടാണ് നമ്മുടേത.്  നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരുരാത്രി കൊണ്ട് അവസാനി പ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. വിശ്വാസത്തെ വ്രണ പ്പെടുത്തുന്ന സമീപനം ഉണ്ടാകാന്‍ പാടില്ല. അയ്യപ്പ ഭക്തന്‍മാര്‍ ക്കിടയിലും ഭിന്നാഭിപ്രായങ്ങളുണ്ട്. അത് പരിഹരിക്കാനും യുക്തമായ നടപടി സ്വീകരിക്കാനും പുനഃപരിശോധന ഹര്‍ജിയിലൂടെ കഴിയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുക എന്നതാണ്  ഏറ്റവും വലിയ ദൗത്യം. അതിന്റെ അദ്യഘട്ടമായി ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കും. യു.ഡി.എഫിനെ കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകും. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തു വന്നിരുന്ന കുറെ വിഭാഗങ്ങള്‍ പലകാരണങ്ങളാല്‍ സമീപകാലത്ത്  അകലം പാലിക്കുന്നു. അവരെ തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഒരു കണ്ണാടിയായിട്ടാണ് കാണുന്നതെന്ന്മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.