മറ്റുള്ളവരുടെ വേദന പ്രധാനമന്ത്രി അറിയുന്നുണ്ടോ: മുല്ലപ്പള്ളി രാമചന്ദ്രന്‍

മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നവനാണ് നല്ല മനുഷ്യനെന്ന് ഗാന്ധി ദിനത്തില്‍ അനുസ്മരിച്ച പ്രധാനമന്ത്രി, സ്വന്തം മനഃസാക്ഷിയിലേക്ക് തിരിഞ്ഞു നോക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ദിരാഭവനില്‍ മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയ്ക്കും പ്രാര്‍ത്ഥനാ സംഗമത്തിനും ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ സ്മരണ  ഇല്ലായ്മ ചെയ്യാനുള്ള സംഘടിത ശ്രമം നടക്കുന്നു. ഗാന്ധിയെ കുറിച്ചുള്ള പാഠ്യഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നീക്കുന്നതും ഗാന്ധിഘാതകനായ ഗോഡ് സെക്കായി ക്ഷേത്രം പണിയുന്നതും ഗാന്ധി പ്രതിമകള്‍ തകര്‍ക്കുന്നതും അതിന്റെ ഭാഗമാണ്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിയുടെ ചിത്രത്തിന് എതിര്‍വശത്തായി സവര്‍ക്കറുടെ ചിത്രം തൂക്കുന്നു.
ഗാന്ധിജിയെ പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ട സമയമാണിത്. രാജ്യമിന്ന്  നേരിടുന്ന എല്ലാ സമസ്യകള്‍ക്കും ഉത്തരം ഗാന്ധിജിയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുമാണ്. അധിനിവേശ ശക്തികള്‍ക്കെതിരെ ഒറ്റയ്ക്കു പോരാടിയ ഗാന്ധിജിയാണ് നമ്മുടെ വഴികാട്ടി. അറിയേണ്ടതെല്ലാം നമ്മെ പഠിപ്പിച്ച ഗുരുനാഥന്‍ കൂടിയാണ് അദ്ദേഹം. ധാര്‍മികമായി ശരിയല്ലാത്തതൊന്നും തന്നെ രാഷ്ട്രീയമായി ശരിയല്ലെന്നും പറഞ്ഞ മഹാന്‍ കൂടിയാണ് ഗാന്ധിജി. അവശത അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച വ്യക്തിയാണ് ഗാന്ധിജി. 1924 ലെ മഹാപ്രളയകാലത്ത് ഒരു ലക്ഷം രൂപ സ്വരൂപിച്ച് പ്രളയ ബാധിതര്‍ക്കു നല്‍കാന്‍  തയ്യാറായ മഹാത്മാഗാന്ധിജിയുടെ ഉജ്ജ്വല മാതൃക ചൂണ്ടിക്കാട്ടാവുന്നതാണ്.
രാമനും റഹിമും നൈനികതയുടെ ഇരുവശങ്ങളാണെന്നും എന്റെ രാമന്‍ മര്യാദ പുരുഷോത്തമനാണെന്നും ഗാന്ധിജി വ്യക്തമാക്കി യിട്ടുണ്ട്. ആ ശ്രീരാമന്റെ പേരിലാണ് ഇവിടെ വര്‍ഗീയ ലഹളകള്‍ക്ക് ആസൂത്രിത ശ്രമം നടക്കുന്നത്. ഹിന്ദു മുസ്ലീം മൈത്രിക്കായി ജീവന്‍ ബലിനല്‍കിയ രക്തസാക്ഷിയാണ് ഗാന്ധിജി. ഗാന്ധിജിയെ സ്വന്തം മനസിലും ജനമനസുകളിലും എത്തിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും  പ്രതിജ്ഞയെടുക്കണം. പ്രളയാനന്തരം  നവകേരള നിര്‍മാണത്തില്‍ ഗാന്ധിജിയുടെ ഹരിത ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ കെ.മുരളീധരന്‍, എം.എം.ഹസന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, എം.എല്‍.എമാരായ  വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എന്‍.ശക്തന്‍, മണക്കാട് സുരേഷ്, പഴകുളം മധു തുടങ്ങിയവര്‍ പങ്കെടുത്തു.