മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്റെ പ്രസ്താവന

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കി ഇന്ത്യയെ ഒരു മതേതര രാഷ്ട്രമാക്കി രൂപപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ മഹത്പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ദേശീയ തലത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍ അറിയിച്ചു.
കേരളത്തില്‍ മെയ് ഒന്ന് മുതല്‍ മെയ് 15 വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യവും മതേതരത്വവും ഗുരുതരമായ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടമാണിത്. മതേതരത്വത്തിന്റെ അടിത്തറ തകര്‍ത്ത് വര്‍ഗ്ഗീയ വിദ്വേഷത്തിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഭരണതലത്തിലും രാഷ്ട്രീയതലത്തിലും വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നു.
കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് കൊണ്ട് അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ നാമവിശേഷമാക്കാന്‍ കേന്ദ്രഭരണത്തിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും സംഘപരിവാറും ശ്രമങ്ങള്‍ നടത്തുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കും. അതിന് ഒട്ടെറേ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്.
കോണ്‍ഗ്രസിനെ രാഷ്ട്രീയമായി എതിര്‍ക്കുന്ന ജനാധിപത്യ മതേതരകക്ഷികള്‍ പോലും കോണ്‍ഗ്രസ് തകര്‍ന്ന് പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കാനും എല്ലാ ജനാധിപത്യ മതേതര കക്ഷികള്‍ക്ക് നേതൃത്വം നല്‍കാനുമുള്ള ബാധ്യത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിഷിപ്തമാണ്.ഇത്തരം ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഊര്‍ജ്ജസ്വലമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയേറിവരുന്ന കാലഘട്ടത്തിലാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നതെന്നും ശ്രദ്ധേയമാണ്.
എല്ലാ ജനാധിപത്യ മതേതരവിശ്വാസികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തുകൊണ്ട് മതേതരത്വത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ മുന്നോട്ട് വരണമെന്നും എം.എം.ഹസ്സന്‍ ആഭ്യര്‍ത്ഥിച്ചു.കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിലും ആദര്‍ശങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും അംഗത്വമെടുക്കണമെന്നും എം.എം.ഹസ്സന്‍ ആഹ്വാനം ചെയ്തു