മേധാ പട്കര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടി മനുഷ്യത്വരഹിതം : കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍

മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴി പ്പിക്കപ്പെട്ട ആദിവാസികളെ കാണാന്‍ ശ്രമിച്ച നര്‍മ്മധാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധ പട്കറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടി മനുഷ്യത്വരഹിതമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍.
അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുമ്പോള്‍ കുടിയൊഴിപ്പി ക്കപ്പടുന്ന പതിനായിരക്കണക്കിന് ആദിവാസികളുടെ പുനരധിവാസം പൂര്‍ണ്ണമായും മധ്യപ്രദേശ് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം മേധ പട്കര്‍ നടത്തിയിരുന്നു. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഒരിക്കല്‍പ്പോലും മധ്യപ്രദേശ് സര്‍ക്കാരും വിഷയത്തില്‍ രമ്യമായ പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരും  തയ്യാറായതുമില്ല.
പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കുന്നതിന് ആറുമാസംമുമ്പ് വാസയോഗ്യമായ പുനരധിവാസപ്രദേശം ലഭ്യമാക്കണമെന്ന് സുപ്രീംകോടതിയുടെ 2002ലെയും 2005ലെയും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് 1979ലെ നര്‍മദ നദീജല തര്‍ക്കപരിഹാര ട്രിബ്യൂണല്‍ വിധിയിലും പറയുന്നു. എന്നാല്‍ ഇവ കാറ്റില്‍പ്പറത്തി പുനരധിവാസം ഉറപ്പാക്കാതെ നര്‍മദ താഴ്‌വരയിലെ ആദിവാസി ജനവിഭാഗങ്ങളുടെ കൂട്ടക്കുരുതി നടത്താനാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം.
ജനകീയ വിഷയം ഉയര്‍ത്തി രാഷ്ട്രീയ ധര്‍മ്മ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മേധാ പട്ക്കറിന് കെ.പി.സി.സി.യുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എം.എം.ഹസന്‍ അറിയിച്ചു.