യു.ഡി.എഫിന്റേത് ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം: വി.എം. സുധീരന്‍

തെരഞ്ഞെടുപ്പ് രംഗത്ത്‌ ഐക്യജനാധിപത്യമുന്നണി ഊര്‍ജസ്വലമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യജനാധിപത്യ മുന്നണി ലക്ഷ്യമിടുന്ന തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തുകതന്നെ ചെയ്യും. ബിജെപിയുടെ രണ്ട് വര്‍ഷത്തെ ഭരണം അഴിമതിയില്‍ റെക്കോഡിട്ടിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന്റെ കേട് അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഏകീകരണത്തിലൂടെ കോടികളാണ് ചൂഷണം ചെയ്യുന്നത്. വര്‍ഗീയ ഫാസിസമാണ് ദേശീയതലത്തില്‍ അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത് ബി.ജെപി മുക്തഭാരതമാണ്. ബിജെപി എന്ന വര്‍ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. മതേതര ശക്തികളെ ഭിന്നിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവരുടെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കലാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും ജനങ്ങള്‍ ചര്‍ച്ച ചെയ്യും.
യാതൊരു രാഷ്ട്രീയവും ഇല്ലാത്തവരുടെ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ കുടുംബങ്ങള്‍ രക്ഷപ്പെട്ടു. അക്രമങ്ങള്‍ ഇല്ലാതെയായി. വികസനവും, വീടുകളില്‍ സമാധാന അന്തരീക്ഷവും നിലനിന്നു. സമാധാന അന്തരീക്ഷം ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കൊലപാതക കേസുകളിലെ പ്രതികളെവരെ സ്ഥാനാര്‍ഥികളായി നിര്‍ത്തിയിരിക്കുകയാണ്. ഇത് ജനങ്ങളെ ചിന്തിപ്പിക്കുന്ന കാര്യമാണ്. കേരളത്തിലെ ജനങ്ങള്‍ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നവരാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം വിലയിരുത്തിയവര്‍ക്ക് കോണ്‍ഗ്രസിനെ തള്ളിക്കളയാനാവില്ല. വികസനരംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണ് പോകുന്നത്. കേരളത്തെ കൂടുതല്‍ പുരോഗതിയിലേക്ക് കൊണ്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കും. ബിജെപിയെ ചെറുക്കാന്‍ സാധിക്കുന്നതും അതിനുവേണ്ടി മുന്നിട്ടിറങ്ങുന്നതും കോണ്‍ഗ്രസാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പരമാവധി മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. ബിഡിജെഎസുമായുള്ള സഖ്യം ബിജെപിക്ക് നഷ്ടമേ വരുത്തൂ. സംഘപരിവാറുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധം ഗുരുനിന്ദയ്ക്ക് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.