യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കേരളമനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് തമ്പാനൂര്‍ രവി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം കേരളമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി.
കൊലപാതക രാഷ്ട്രീയത്തിലൂടെ മാത്രമേ പ്രസ്ഥാനത്തെ വളര്‍ത്താന്‍ കഴിയൂയെന്ന സി.പി.എമ്മിന്റെ ഹീനചിന്താഗതിയാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ ദിനംപ്രതി കേരളത്തില്‍ വര്‍ധിക്കുന്നത്. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്ന ചിന്തയാണ് സി.പി.എമ്മിന്റേത്. സംസ്ഥാന ഭരണം കയ്യാളുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. സി.പി.എമ്മിന്റെ കയ്യിലെ കളിപ്പാവയായി പോലീസ് മാറി. അതിനാലാണ് അക്രമങ്ങളും കൊലപാതകങ്ങളും തടയുന്നതില്‍ പോലീസ് നിഷ്‌ക്രിയമായത്.
സംസ്ഥാന ഭരണം നടത്തുന്ന സി.പി.എമ്മും കേന്ദ്രഭരണം നടത്തുന്ന ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഓരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഷുഹൈബിന്റെ കൊലപാതികളെ കണ്ടെത്തി മാതൃകാപരവും നിയമപരവുമായ ശിക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലായെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യപാകമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്താന്‍  ഡി.സി.സികള്‍ക്കും ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ സമാധാനപരമായിരിക്കണമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.