യെച്ചൂരിയുടെ പ്രസ്താവനയോടെ ബി.ജെ.പിയുടെ ബി ടീം സി.പി.എമ്മിലുണ്ടെന്ന് തെളിഞ്ഞു: എം.എം.ഹസ്സന്‍

MM Hassan KPCC President, KPCC IT cell
സി.പി.എമ്മിനുള്ളില്‍ ബി.ജെ.പിയുടെ ബി ടീം പ്രവര്‍ത്തിക്കുന്നു എന്നുള്ള തന്റെ വിലയിരുത്തല്‍ നൂറുശതമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരസ്യ പ്രസ്താവനയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
തന്നെ കോണ്‍ഗ്രസ് അനുകൂലികളെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം ആക്ഷേപിക്കുമ്പോള്‍ അവരെ ബി.ജെ.പി അനുകൂലികളെന്ന് വിളിക്കേണ്ടി വരുമെന്നാണ് യെച്ചൂരി പറയുന്നത്. സി.പി.എമ്മിലെ ബഹുഭൂരിപക്ഷം പേരും ബി.ജെ.പി അനുകൂലികളാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി തന്നെ വെളിപ്പെടുത്തിയത് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നതാണ്.
കരട് പ്രമേയത്തിന്റെ വോട്ടടുപ്പില്‍ കാരാട്ട് പക്ഷത്തിന് ലഭിച്ച ഭൂരിപക്ഷം സി.പി.എമ്മിലെ വിഭാഗീയതയില്‍ അവര്‍ വിജയിച്ചിരിക്കുന്നുവെന്ന്  തെളിഞ്ഞിരിക്കുന്നു. സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറി ആക്കുന്നതിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ കരാട്ട് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ആര്‍.എസ്.എസിനെ ഫാസിസ്റ്റ് സംഘടനയല്ലെന്ന് വിലയിരുത്തിയ പ്രകാശ് കാരാട്ട് യെച്ചൂരിയെ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ക്കുകയും ഇപ്പോള്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍  വിമര്‍ശിക്കുകയും ചെയ്യുന്നതിലൂടെ ബി.ജെ.പി ഏജന്റായിട്ടാണ് സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്നത്.
കോണ്‍ഗ്രസ് ബന്ധത്തിന്റെ മറവില്‍ സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്ത് പോകാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം അവര്‍ സൃഷ്ടിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ വീട്ട് വീഴ്ചയില്ലാതെ പോരാട്ടം നടത്തുന്ന യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭാംഗം ആകുന്നതിനെ ശക്തമായി എതിര്‍ത്തത് പ്രകാശ് കാരാട്ടും പിണറായി വിജയനും കോടിയേരീ ബാലകൃഷ്ണനും ഉള്‍പ്പടെയുള്ളവരാണ്.
ബി.ജെ.പിയേയും സംഘപരിവാറിനേയും പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ്  വിശാല ജനാധിപത്യമുന്നേറ്റത്തിന് സി.പി.എമ്മിലെ കാരാട്ട് പക്ഷം ഇടങ്കോലിടുതെന്ന സത്യം ഓരോ ദിവസം കഴിയുംത്തോറും മറനീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.   ഇതിനെല്ലാം പ്രകാശ് കാരാട്ടിന്റെ പിന്നില്‍ ശക്തമായ പിന്തുണനല്‍കി പാറപോലെ ഉറച്ച് നില്‍ക്കുന്നത് പിണറായി വിജയനും കോടിയേരീ ബാലകൃഷ്ണനും എസ്.രാമചന്ദ്രപിള്ള തുടങ്ങിയ കേരളത്തിലെ സി.പി.എം. നേതാക്കളാണ്. ഇവരുടെ വര്‍ഗീയ വിരുദ്ധ പ്രഖ്യാപനങ്ങള്‍ വെറും അഭിനയമാണെന്ന് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ബോധ്യമായെന്നും എം.എം.ഹസന്‍ പറഞ്ഞു.