രേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ബി.ജെ.പിക്ക് കനത്ത് തിരിച്ചടി:വി.എം.സുധീരന്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരളത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ബി.ജെ.പിക്ക് കനത്ത് തിരിച്ചടിയായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കാത്തതും നിലവാരമില്ലാത്തതുമായ പ്രസംഗമാണ് മോഡി നടത്തിയത്. കേരളത്തെ സോമാലിയയുമായി ഉപമിച്ചുകൊണ്ട് കേരളീയര്‍ക്ക് അപമാനമുണ്ടാക്കുന്ന പ്രസംഗവും സോണീയാ ഗാന്ധിക്കെതിരായ തരംതാണ പരാമര്‍ശവും മോഡിയുടെ രാഷ്ട്രീയ ഗുണ്ടായിസ ശൈലിയാണ് വ്യക്തമാക്കുന്നത്.
അധികാരവും സമ്പത്തും ഉപയോഗിച്ച് അത്യാഡംബരത്തോടെ നടത്തിയ ബി.ജെ.പിയുടെ പ്രചാരണ പൊലിമ മോഡിയുടെ പ്രസംഗത്തോടെ പൊലിഞ്ഞു പോയി.
ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കേരളത്തേക്കാള്‍ മികച്ചതാണെന്ന നരേന്ദ്രമോഡിയുടെ അവകാശവാദം പൊള്ളയാണ്.
മോഡി മുഖ്യമന്ത്രിയായി ഭരിച്ച ഗുജറാത്ത് തന്നെയാണ് ഇതിന് ഉദാഹരണമായി എടുത്ത് പറയാനുള്ളത്.
കേരളം ഊന്നല്‍ നല്‍കുന്നത് മനുഷ്യവികസനത്തിനാണെങ്കില്‍ ഗുജറാത്തില്‍ മോഡി ഊന്നല്‍ നല്‍കിയത് കോര്‍പ്പറേറ്റുകളുടെ വികസനത്തിനാണ്. മോഡിയുടെ സംഭാവന കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം ചെയ്യാന്‍ നികുതിയിളവും സൗജന്യമായി ഭൂമിയും മറ്റും ചെയ്തുവെന്നത് മാത്രമാണ്.
ഗുജറാത്തില്‍ മോഡി അധികാരത്തില്‍ വന്നതിനുശേഷമുള്ള പത്ത് കൊല്ലം ഒരു ശതമാനം സാമ്പത്തിക വളര്‍ച്ചപോലും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
മാനവവിഭവ വികസന സൂചികയില്‍ കേരളം ഒന്നാമതാണെങ്കില്‍ ഗുജറാത്ത് പതിനൊന്നാമതാണ്.
വരുമാനസൂചികയില്‍ കേരളം 2-ാം സ്ഥാനത്താണ്. ഗുജറാത്താകട്ടെ 9-ാം സ്ഥാനത്തും. കൂലിയുടെ കാര്യത്തിലും നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഏറ്റവും കുറഞ്ഞ കൂലി കിട്ടുന്ന സംസ്ഥാനം ഗുജറാത്താണ്. വിലക്കയറ്റത്തിലും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ഗുജറാത്താണ് രാജ്യത്തെ ജീവിക്കാന്‍ ഏറ്റവും വലിയ ചെലവേറിയ സംസ്ഥാനം. കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിന് അപ്പോഴും ഈവിഷയത്തില്‍ കേരളമാണ് ഒന്നാംസ്ഥാനം അലങ്കരിക്കുന്നത്.
ശിശുമരണ നിരക്ക് നിയന്ത്രിക്കുന്നതില്‍ കേരളത്തിന് ഒന്നാം സ്ഥാനവും ഗുജറാത്തിന് 19ാം സ്ഥാനവുമാണ്.ശിശുമരണനിരക്ക് കൂടുതലുള്ള സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. ഗുജറാത്തില്‍ ജനിക്കുന്ന 1000 കുട്ടികളില്‍ 44 പേരും മരിക്കുന്നുവെന്ന് 2012ലെ ‘ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ മാതൃമരണനിരക്കിനെക്കാള്‍ വന്‍ വര്‍ധനവാണ് ഗുജറാത്തില്‍.
2011ലെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുജറാത്തിലെ പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നവരാണെന്നാണ്. 2012ലെ യുനിസെഫ് റിപ്പോര്‍ട്ടനുസരിച്ച് അഞ്ചുവയസ്സിനു താഴെയുള്ള രണ്ടു കുട്ടികളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും നാലില്‍ മൂന്നു കുട്ടികള്‍ വിളര്‍ച്ച ബാധിച്ചവരാണെന്നും ഈറിപ്പോര്‍ട്ട് പറയുന്നു.
സാക്ഷരതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തെക്കാള്‍ ഏറെ പിന്നിലാണ് ഗുജറാത്ത്.വിദ്യാഭ്യാസ നിലവാരത്തില്‍ 18ാം സ്ഥാനത്താണ് ഇന്ന് ഗുജറാത്ത്.
യഥാര്‍ത്ഥ വസ്തുതകള്‍ ഇപ്രകാരമായിരിക്കെ കേരളം നേടിയ വളര്‍ച്ചയും വികസനവും പുരോഗതിയും ജനജീവിതത്തില്‍ വന്ന ഗുണകരമായ മാറ്റവും തമസ്‌ക്കാരിക്കാനുള്ള മോഡിയുടെ ശ്രമം കേരളത്തില്‍ വിലപോകില്ല. ഇനിയും വൈകാതെ തെറ്റുതിരുത്തി ജനങ്ങളോട് മാപ്പു പറയാന്‍ നരേന്ദ്രമോഡി തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.