വര്‍ഗീയശക്തികളില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം : തുഷാര്‍ ഗാന്ധി

Thusahr Gandhi, KPCC Programme, Gandhijayanthi

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി.  ഗാന്ധിജിയുടെ 70-ാം രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഗാന്ധിജിയിലേക്ക് മടങ്ങുക’ എന്ന ഒന്‍പത് മാസം നീണ്ടുനില്‍ക്കുന്ന ഗാന്ധിസ്മൃതി സംഗമ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശയപരമായ യുദ്ധമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ഐക്യമുള്ള രാജ്യത്തേയും ജനതയേയും പടത്തുയര്‍ത്തുകയാണ്  കോണ്‍ഗ്രസിന്റെ ലക്ഷ്യമെങ്കില്‍ രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് നാഥുറാം ഗോഡ്‌സെ അനുയായികളുടെ ആശയം. ഗാന്ധിയന്‍ ആശയങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് വര്‍ഗീയ ശക്തികള്‍ക്കെതിരേ പൊരുതാനുള്ള   നവയൗവനം നല്‍കും. വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ ദിനംപ്രതി ജനങ്ങളെ ഭക്ഷണത്തിന്‍േയും സിനിമയുടെയും പേരില്‍ ഭിന്നിപ്പിക്കാന്‍ സംഘടിതശ്രമം നടക്കുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരം നടത്തേണ്ടിയിരിക്കുന്നൂവെന്നും തുഷാര്‍ഗാന്ധി പറഞ്ഞു.
ഒരുരാജ്യം ഒരൊറ്റജനത എന്ന ആശയം പടുത്തുയര്‍ത്താനുള്ള പോരാട്ടത്തിന് നേതൃത്വം വഹിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ അത് തെളിയിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതെന്നും അഭിമാനത്തോടെ പറയാന്‍ കഴിയും.  കോണ്‍ഗ്രസ് നേതാക്കളായ ജവര്‍ലാല്‍ നെഹ്രവുംസര്‍ദാര്‍ പട്ടേലും  രാജ്യത്തെ എല്ലാ ജനങ്ങളേയും ഒരുമിച്ച് നിര്‍ത്തിക്കൊണ്ടാണ് മഹത്തായ ഇന്ത്യയെ കെട്ടിപ്പെടുക്കുവാന്‍ പരിശ്രമിച്ചത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ശരിയായ ദിശയിലേക്ക്  നയിക്കാന്‍ കോണ്‍ഗ്രസിന് കരുത്ത് നല്‍കിയതും ആ ആശയങ്ങള്‍ തന്നെയാണ്. വര്‍ഗീയതയുടേയും അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാന്‍ ഓരോ പൗരനും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് തുഷാര്‍ഗാന്ധി ആവശ്യപ്പെട്ടു.
ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഗാന്ധിഘാതകനായ ഗോഡ്‌സയെ അവതാരപുരുഷനായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ഗാന്ധിജിയില്‍ നിന്നും അകന്നതുമൂലമാണ്  രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും വെല്ലുവിളി  നേരിടുന്നതെന്ന് എം.എം.ഹസന്‍ പറഞ്ഞു.
അസഹിഷ്ണുതയേയും വെറുപ്പിന്റെ രാഷ്ട്രീയത്തേയും ചെറുത്തു തോല്‍പ്പിക്കാന്‍ ഗാന്ധിയന്‍ ആശയങ്ങളിലൂടെ കഴിയുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനായി വര്‍ഗീയത പടര്‍ത്തുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോകരാഷ്ട്രങ്ങള്‍ ഗാന്ധിജിയെ ആദരിക്കുമ്പോള്‍ ബി.ജെ.പി ഗന്ധിജിയെ അപമാനിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വര്‍ഗീയ ശക്തികള്‍ക്കെതിരേ പോരാടാന്‍ നമുക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും നല്‍കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന കാവ്യാര്‍ച്ചനയില്‍  സുഗതകുമാരി ടീച്ചര്‍, ബിച്ചു തിരുമല, മുരുകന്‍ കാട്ടാക്കട തുടങ്ങി പ്രമുഖര്‍ കവിത ചൊല്ലി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി 70 ഗാന്ധി സ്മൃതി ദീപങ്ങള്‍ തെളിയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, റ്റി ശരത് ചന്ദ്രപ്രസാദ്, എം.എല്‍.എമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.റ്റി.തോമസ്, വി.ഡി.സതീശന്‍,  വി.എസ്.ശിവകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പന്തളം സുധാകരന്‍, സജീവ് ജോസഫ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ്, ആര്‍.വത്സലന്‍,  ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍, എം.ആര്‍.തമ്പാന്‍, കെ.വിദ്യാധരന്‍,  കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.