വികസനവും കരുതലും: യുഡിഎഫ് പ്രകടന പത്രികയുടെ പൂര്‍ണ്ണരൂപം

വികസനവും കരുതലും

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന്റെ അടിത്തറ ശക്തമാക്കി നാലുവര്‍ഷംകൊണ്ട് കേരളത്തിന്റെ വികസനചരിത്രത്തില്‍ നാഴികക്കല്ലുകള്‍ പാകിയ ഐക്യജനാധിപത്യമുന്നണി സര്‍ക്കരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി അടങ്കലിന്റെ 40 % തുകയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കായി വകയിരുത്തിയിരുന്നത്. സംസ്ഥാന വികസനത്തിന്റെ മുന്നില്‍ രണ്ടുഭാഗം നടപ്പാക്കുന്ന പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനവിജയത്തിനുള്ള അടിസ്ഥാനകാരണം യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളും അതിന്റെ സമീപനവുമാണ്.
‘വികസനവും കരുതലും’ ജനങ്ങള്‍ വാഗ്ദാനം ചെയ്ത യുഡിഎഫ് വികസന രംഗത്തും ജനക്ഷേമത്തിലും അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചത്. കേരളത്തിന്റെ വികസനചരിത്രത്തില്‍ ഇത്രയേറെ വന്‍കിട വികസന സംരംഭങ്ങള്‍ ആരംഭിക്കുകയോ, പൂര്‍ത്തിയാക്കുകയോ ചെയ്ത ഒരുകാലം നമ്മുടെ ഓര്‍മ്മയില്‍ ഇല്ല.
കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി, മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം എന്നീ വന്‍കിട പദ്ധതികള്‍ 2016-ല്‍ പൂര്‍ത്തീകരിക്കുമ്പോള്‍ കേരളജനതയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. സ്വപ്നപദ്ധതികളായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം 2015 ഡിസംബറോടെ ആരംഭിക്കുമ്പോള്‍ ഒട്ടും വൈകാതെ തിരുവനന്തപുരത്തും, കോഴിക്കോടും ലൈറ്റ് മെട്രോയുടെ നിര്‍മാണം ആരംഭിക്കാനാവും.
അടിസ്ഥാന സൗകര്യവുകസനം ലക്ഷ്യമാക്കി 3000 കോടി രൂപ ചെലവിട്ടാണ് 7600 കിലോമീറ്റര്‍ റോഡിന്റെ ഉപരിതലം പുതുക്കിയത്. 1770 കോടിരൂപയുടെ ബൈപാസുകള്‍ ദേശീയപാതയില്‍ നിര്‍മാണം തുടങ്ങി. 2403 കോടി ചെലവു വരുന്ന കെഎസ്ടിപി രണ്ടാംഘട്ടത്തിന് ലോകബാങ്കിന്റെ സഹായത്തോടെ (1166 കോടി ലോകബാങ്ക് സഹായം) നിര്‍മാണം തുടങ്ങി. 115 പാലങ്ങള്‍ നിര്‍മിക്കുകയും, 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നിരവധി ഫ്‌ളൈ ഓവറുകളും, പാലങ്ങളും, റിംഗ്‌റോഡുകളും നിര്‍മിച്ചു.
3000 കോടി രൂപ ചെലവഴിച്ച് ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പാക്കി. 240 കുടിവെള്ള പദ്ധതികളിലൂടെ 83 ലക്ഷം പേര്‍ക്കുകൂടി പൈപ്പുവെള്ളം ലഭ്യമാക്കി.
സാമൂഹ്യക്ഷേമം
സാമൂഹ്യക്ഷേമം ലക്ഷ്യമാക്കിയാണ് സംസ്ഥാനത്ത് 730 ബാറുകള്‍ പൂട്ടുകയും, പത്തുവര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്താനും തീരുമാനിച്ചത്.
ഭൂരഹിതരായ 50000ത്തിലധികം ആളുകള്‍ക്ക് 3 സെന്റ് വീതം ഭൂമി നല്‍കുകയും 1,44,252 പേര്‍ക്ക് ഇതുവരെ പട്ടയം വിതരണം ചെയ്യുകയും ചെയ്തു. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 2 ലക്ഷം പേര്‍ക്ക് പട്ടയം കൊടുക്കാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ യാഥാക്രമം 11107, 10470, 9570 പേര്‍ക്കാണ് ഭൂമി നല്കിയത്. ഈ ജില്ലകളില്‍ നിന്നും അപേക്ഷ നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും ഭൂമി അനുവദിച്ചു. 30 കൊല്ലത്തിനിടയില്‍ ഇത്രയധികം പട്ടയങ്ങള്‍ ഒരു ഗവണ്‍മെന്റിന്റെ കാലത്തും നല്കിയിട്ടില്ല.
ആദിവാസികള്‍ക്ക് ഭൂമി, എല്ലാവര്‍ക്കും വീടുപദ്ധതി, ക്ഷേമപെന്‍ഷനുകളുടെ തുക ഇരട്ടിയിലധികം വര്‍ധിപ്പിക്കല്‍, മൂലമ്പിള്ളി പാക്കേജ്, ആദിവാസി പാക്കേജ്, എന്‍ഡോ സള്‍ഫാന് പാക്കേജ്, കെഎസ്ആര്‍ടിസി പാക്കേജ്, അധ്യാപക പാക്കേജ് എന്നിവ പ്രഖ്യാപിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങളെ ദുരിതത്തിലും കഷ്ടപ്പാടിലും നിന്ന് രക്ഷിച്ചു. ഓപ്പറേഷന്‍ കുബേരയിലൂടെയും ഓപ്പറേഷന്‍ സുരക്ഷയിലൂടെയും ചൂഷണവിധേയരായ പാവപ്പെട്ടവരെയും, അക്രമഭീഷണികൊണ്ട് ബുദ്ധിമുട്ടുന്നവരെയും സംരക്ഷിച്ചു. പ്രവാസികള്‍ക്കു വോട്ടവകാശം നല്കാനും, സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി പദ്ധതികള്‍ നടപ്പാക്കാനും സാധിച്ചു.
രോഗികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്കിയ സഹായം സമീപകാലത്ത് ഒരു സര്‍ക്കാരിനും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ സമാനതകളില്ലാത്ത ക്ഷേമപ്രവര്‍ത്തനം സാധാരണക്കാരായ ജനങ്ങളില്‍ 13,064.36 കോടി രൂപ എത്തിച്ച് റിക്കാര്‍ഡിട്ടു. ഇത്രയും വിപുലമായ ക്ഷേമപ്രവര്‍ത്തനം നടന്ന കാലമില്ല. നിലവിലുണ്ടായിരുന്ന എല്ലാ പദ്ധതികളും തുടര്‍ന്നതിനൊപ്പം പുതിയ ക്ഷേമപദ്ധതികളും നടപ്പാക്കിയാണ് ഈ നേട്ടം.
കാരുണ്യ ബെനവലന്റ് ഫണ്ട്, ജനസമ്പര്‍ക്ക പരിപാടി, സൗജന്യ മരുന്ന് ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പിലെയും സാമൂഹികനീതി വകുപ്പിലെയും പദ്ധതികള്‍, വിപുലമാക്കപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, കര്‍ഷകപെന്‍ഷന്‍ തുടങ്ങിയവയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂതനപദ്ധതികള്‍.
കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് 810 കോടി രൂപയാണ് 1,111,11 രോഗികളിലായി എത്തിയത്. 2.17 ലക്ഷം പേരിലേക്ക് 600 കോടി രൂപയെത്തിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കാരുണ്യത്തിന്റെ നിറകുടമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ 585 ഇനം സൗജന്യമരുന്നുകള്‍ നല്‍കാന്‍ 1136 കോടി രൂപ നല്കി. 31.92 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്കുന്ന ചിസ് പദ്ധതിയിലേക്ക് സംസ്ഥാന വിഹിതമായി 535 കോടി രൂപ. 4.97 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ (പ്രതിമാസം 600 രൂപ). ഇതിന് ആകെ 1,058 കോടി രൂപ. 3.35 ലക്ഷം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ (പ്രതിമാസം 600 രൂപ) നല്‍കാന്‍ 317 കോടി രൂപ വിതരണം ചെയ്തു.
18 വയസ്സുവരെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് 17.71 കോടി രൂപയും ജ•നാ ഹൃദയവൈകല്യം, ജനിതകരോഗം, ഇതര ഗുരുതര രോഗം എന്നിവരുടെ ചികിത്സയ്ക്കായി 18.08 കോടി രൂപയും അനുവദിച്ചു. ശയ്യാവലംബികളുടെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും പരിചരണത്തിനായി 92.31 കോടി രൂപയും, അവിവാഹിതരായ അമ്മമാരുടെ പുനരധിവാസത്തിന് 41 കോടി രൂപയും നല്കി. ശ്രവണ-സംസാരശേഷി കൈവരുത്തുന്നതിന് 568 കുട്ടികളുടെ സൗജന്യ ശസ്ത്രക്രിയയ്ക്കായി 28.66 കോടി രൂപ ചെലവഴിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നല്‍കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ (80 വയസ്സിനു മുകളില്‍ പ്രതിമാസം 1200 രൂപ, 60-80 വയസ്സുവരെ 600 രൂപ), ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ (80% മുകളില്‍ 1100 രൂപ, 80% താഴെ 800 രൂപ), ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ (പ്രതിമാസം 800 രൂപയ), 50 കഴിഞ്ഞ അവിവാഹിതര്‍ക്ക് പെന്‍ഷന്‍ (പ്രതിമാസം 800 രൂപ) എന്നിവ വിതരണം ചെയ്യാന്‍ സംസ്ഥാന വിഹിതമായി 4419 കോടി രൂപ അനുവദിച്ചു. 30 ലക്ഷം പേരാണ് ഈ നാലുപദ്ധതികളില്‍ ഉള്ളത്.
സാമൂഹ്യസുരക്ഷാ മിഷന്റെ കീഴില്‍ 14 പദ്ധതികളുണ്ട്. ഇതില്‍ നിലവില്‍ 48.82 ലക്ഷം ഗുണഭോക്താക്കളുണ്ട്. 260 കോടി രൂപ വിവിധ പദ്ധതികള്‍ക്ക് ചെലവഴിച്ചു. ആരോഗ്യവകുപ്പിന്റെ കീഴില്‍ സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതം, ജീവിതശൈലി രോഗനിയന്ത്രണത്തിന് അമൃതം ആരോഗ്യം, സൗജന്യ പ്രസവചികിത്സയും കുഞ്ഞിന്റെ ആരോഗ്യപരിരക്ഷയും, 18 വയസ്സുവരെയുള്ള കുട്ടികളുടെ മാരകരോഗങ്ങള്‍ ചികിത്സിക്കാന്‍ ആരോഗ്യകിരണം, കാരുണ്യ ഫാര്‍മസികള്‍ തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.
സംസ്ഥാനത്ത് പുതിയ നാലു മെഡിക്കല്‍ കോളേജുകള്‍ കൂടി ആരംഭിക്കുന്നതോടെ ഇടുക്കിയിലും, മഞ്ചേരിയിലും, വയനാട്ടിലും ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുകയും, 9 മെഡിക്കല്‍ കോളേജുകളുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നു. രാജ്യത്ത് ആദ്യമായി പട്ടികജാതി പട്ടികവകുപ്പിന്റെ കീഴില്‍ ഒരു മെഡിക്കല്‍ കോളേജ് പാലക്കാട് സ്ഥാപിച്ചു. 2015-ല്‍ ആദ്യബാച്ചിലേക്ക് 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കി. എംബിബിഎസ് പ്രവേശനത്തിന് അര്‍ഹതയുള്ള പട്ടികവിഭാഗം വിദ്യാര്‍ത്ഥികളില്‍ 25 ശതമാനത്തിനുപോലും പ്രവേശനം ലഭിക്കാത്ത അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി.
തൊഴിലും ഭവനപദ്ധതിയും
ഒരു രൂപയ്ക്ക് അരി റേഷനായി 60 ലക്ഷം പേര്‍ക്ക് കൂടി നല്കുന്ന പദ്ധതി വ്യാപിപ്പിച്ചുകൊണ്ട് റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കി. പൊതുവിതരണരംഗത്ത് കമ്പ്യൂട്ടര്‍വത്ക്കരണം ഏര്‍പ്പെടുത്തി. 82 ലക്ഷം വനിതകളെ കാര്‍ഡുടമകളാക്കി റേഷന്‍കാര്‍ഡ് പുതുക്കി നല്കി.
റബര്‍കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് 150 രൂപ താങ്ങുവില നല്കി 20000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കാന്‍ 300 കോടി രൂപ അനുവദിച്ചു. പണം കര്‍ഷകരുടെയോ ഉല്പാദകസംഘങ്ങളുടെയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അന്താരാഷ്ട്രവിലയുടെ 25 ശതമാനം അധികം നല്കി. ഇതിന്റെ ഫലമായി ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങാന്‍ തയ്യാറായി. ഇതിനായി 45 കോടി രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടി വറ്റിവച്ചത്.
ഒരുലക്ഷം പേര്‍ക്ക് നേരിട്ട് തൊഴിലും 10,000 കോടി രൂപ കയറ്റുമതി വരുമാനവും പ്രദാനം ചെയ്യുന്ന ഉയരങ്ങളിലേക്ക് ഐടിമേഖല വളര്‍ന്നു. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഈ വര്‍ഷം കമ്മിഷന്‍ ചെയ്യും. കോഴിക്കോട് സൈബര്‍ പാര്‍ക്കും ഈ വര്‍ഷം തന്നെ ആരംഭിക്കും. 2016-ല്‍ ഐടി കയറ്റുമതി 15000 കോടി രൂപയും നേരിട്ടുള്ള ഐടി തൊഴിലവസരങ്ങള്‍ രണ്ടു ലക്ഷമായും വര്‍ധിക്കും.
യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സംരംഭക വികസന മിഷന്‍ 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പയ്ക്ക് 2834 സംരംഭങ്ങളെ തിരഞ്ഞെടുത്തു. 650 സംരംഭങ്ങള്‍ക്ക് സഹായമനുവദിച്ചു. 450 സംരംഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രത്യക്ഷമായും പരോക്ഷമായും 6000 പേര്‍ക്ക് ജോലി ലഭിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതില്‍ കേരളം മുന്നിലെത്തി. 2011 മുതല്‍ 2014 വരെ 2336 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും 4282.7 കോടി രൂപ ചെലവഴിക്കുകയും ചെയ്തു.
ഇന്ദിരാ ആവാസ് യോജനയില്‍ ഗൃഹനിര്‍മാണത്തിനുള്ള സഹായം പൊതുപട്ടിക വിഭാഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയായും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 2.50 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. പദ്ധതിപ്രകാരം 1,72,563 വീടുകള്‍ പൂര്‍ത്തിയാക്കി.
പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള ധനസഹായം 3 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. നാലുവര്‍ഷത്തിനുള്ളില്‍ 24,374 കുടുംബങ്ങള്‍ക്കായി 476 കോടി രൂപ ചെലവഴിച്ച് ഭൂമി വാങ്ങി.
സംസ്ഥാനത്തെ 9173 മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്കി. അതിനായി 194 കോടി രൂപയാണ് ചെലവഴിച്ചത്. 108.75 കോടി രൂപ ചെലവില്‍ 3450 വീടുകള്‍ കൂടി സൗജനയമായി നിര്‍മിച്ചു നല്കി. 2000 മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 10 കോടി രൂപ ചെലവഴിച്ചു. തീരദേശത്ത് 13707 ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു നല്കി. ഭൂരഹിതരും ഭവനരഹിതരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് 48.75 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് തുടക്കമായി.
പിഎസ്‌സി നിയമനത്തില്‍ റിക്കാര്‍ഡുനേട്ടം സൃഷ്ടിച്ചുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ 2015 മാര്‍ച്ചുവരെ 1,22,391 പേര്‍ക്ക് നിയമനം നല്കി. യുവജനങ്ങളെയും, വിദ്യാര്‍ത്ഥികളെയും തൊഴില്‍ സംരംഭകരാക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതി പ്രകാരം 900 പദ്ധതികള്‍ക്കു തുടക്കമിട്ടു. 2016 ഫെബ്രുവരിയ്ക്കുള്ളില്‍ 2000 സ്റ്റാര്‍ട്ടപ്പുകളും, 20000 തൊഴിലവസരങ്ങളുമാണ് ലക്ഷ്യം.
ജനകീയ വിപ്ലവം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി ഭരണരംഗത്ത് സൃഷ്ടിച്ച ജനകീയ വിപ്ലവമായി മാറി. സാധാരണക്കാരുടെയും, പാവപ്പെട്ടവരുടെയും ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയ ജനസമ്പര്‍ക്ക പരിപാടി സമാനതകളില്ലാത്ത ഭരണരംഗത്തെ ജനകീയ വിപ്ലവമായതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനത്തിനും അവാര്‍ഡിനും അര്‍ഹമായത്. 2011, 2013, 2015 എന്നീ വര്‍ഷങ്ങളില്‍ നടന്ന മൂന്നുവട്ട ജനസമ്പര്‍ക്ക പരിപാടികളില്‍ 12,49,000 പേരുടെ പരാതികള്‍ ലഭിച്ചപ്പോള്‍ 7.86 ലക്ഷം പരാതികളില്‍ പരിഹാരമുണ്ടാക്കി. ഇവയിലെല്ലാംകൂടി 16.55 കോടി രൂപ ധനസഹായം വിതരണം ചെയ്തു. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഈ പരിപാടിക്ക് ലോകത്തിലെ ഏറ്റവും വലിയ പൊതുജനപ്രശ്‌ന പരിപാടിയെന്ന് യുഎന്‍ വിശേഷിപ്പിച്ചുവെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തില്‍ ഒന്നാംസ്ഥാനം നേടിക്കൊണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയതും കേരളമാണ്.
അധികാരവികേന്ദ്രീകരണത്തിന്റെ കാര്യക്ഷമമായ നിര്‍വഹണത്തിലും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പഞ്ചായത്ത് രാജ് സംവിധാനം ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. ഇതടക്കം അഞ്ച് ദേശീയ അവാര്‍ഡുകളാണ് ഇന്ത്യാഗവണ്‍മെന്റില്‍ നിന്നും കേരളം നേടിയത്. ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡ് കൊല്ലത്തിനും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാര്‍ഡുകള്‍ ഇടുക്കിക്കും, വെളിയനാടിനും, ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡുകള്‍ നാദാപുരത്തിനും കവിയൂരിനും ലഭിച്ചു. ഗ്രാമസഭകളുടെ മികച്ച സംഘാടനത്തിന് എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്ത് ദേശീയ പുരസ്‌കാരം നേടി. രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമങ്ങള്‍ക്ക് മാതൃകയായി മാറിയ മികച്ച പഞ്ചായത്തുകളെ കേരളത്തിലാണെന്ന് നമുക്ക് അഭിമാനിക്കാം.
ഉമ്മന്‍ ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ 2011 മുതല്‍ 2016 വരെയുള്ള അഞ്ചുവര്‍ഷത്തിനുള്ളില്‍ 25,336.60 കോടി രൂപയുടെ ബജറ്റ് നല്‍കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായത്തില്‍ സര്‍വകാല റിക്കാര്‍ഡിട്ടു. സംസ്ഥാനത്തുടനീളം ഗ്രാമങ്ങളിലും, നഗരസങ്ങളിലുമുണ്ടായ അത്ഭുതാവഹമായ വികസന നേട്ടത്തിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുത ഈ വന്‍ ബജറ്റ് വിഹിതമായിരുന്നു.
2006 മുതല്‍ 2011 വരെയുള്ള എല്‍ഡിഎഫ് ഭരണകാലത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയ ബജറ്റ് വിഹിതം 11,563.56 കോടി രൂപയായിരുന്നു. അതിന്റെ ഇരട്ടിയിലധികം തുകയാണ് യുഡിഎഫ് ഭരണകാലത്ത് നല്‍കിയത്. 30 മുതല്‍ 40 ശതമാനം വരെയാണ് ബജറ്റ് വിഹിതമായി നല്കിയത്.
തദ്ദേശ സ്ഥാപനങ്ങളില്‍ പഞ്ചവത്സരപദ്ധതി നടപ്പാക്കിയതും, പദ്ധതി സമര്‍പ്പണം ഓണ്‍ലൈന്‍ ആക്കിയതും, ഏതു പദ്ധതിയും ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതും സ്ഥാപനങ്ങളെ കൂടുതല്‍ ശാക്തീകരിച്ചു. വാര്‍ഷികപദ്ധതി നടപ്പാക്കിയിരുന്നപ്പോള്‍ പദ്ധതി നിര്‍ദ്ദിഷ്ട സമയത്ത് പൂര്‍ത്തിയായില്ലെങ്കില്‍ ഫണ്ട് ലാപ്‌സാകുന്ന സാഹചര്യം ഉണ്ടായിരുന്നു. പഞ്ചവത്സരപദ്ധതി നടപ്പാക്കിയതോടെ ഫണ്ട് അടുത്തവര്‍ഷത്തേക്ക് നീട്ടാനും, പദ്ധതി പൂര്‍ത്തീകരണം ഉറപ്പാക്കാനും സാധിച്ചു. ദീര്‍ഘകാല പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനും കഴിഞ്ഞു. ഏതു പദ്ധതിയും ഏറ്റെടുത്തു നടപ്പാക്കാന്‍ അനുമതി നല്കിയത് ഭാവനാസമ്പന്നമായ നിരവധി പദ്ധതികള്‍ക്ക് ജ•ം നല്കി. ജലവൈദ്യുത പദ്ധതിവരെ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങള്‍ ഉണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവിനും, ഉജ്വലനേട്ടങ്ങള്‍ക്കും കാരണമാക്കിയ ഈ ഘടകങ്ങളാണ് നിരവധി ദേശീയപുരസ്‌കാരങ്ങള്‍ നേടാന്‍ കേരളത്തെ പ്രാപ്തമാക്കിയത്.
യുഡിഎഫും അധികാരവികേന്ദ്രീകരണവും
കേരളത്തില്‍ പഞ്ചായത്തീരാജ്, മുനിസിപ്പല്‍ നിയമങ്ങള്‍ 1994-ല്‍ നിയമസഭ പാസ്സാക്കി. 1995 ഒക്‌ടോബര്‍ 2ന് പഞ്ചായത്ത്‌രാജ്- നഗരഭരണ സ്ഥാപനങ്ങള്‍ അധികാരമേറ്റു. ഭരണഘടനയുടെ 11,12 പട്ടികകളിലെ എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളും തദ്ദേശ സ്വയംഭരണ സഥാപനങ്ങള്‍ക്ക് നല്കുന്നതിനും നിയമത്തില്‍ വ്യവസ്ഥ ചെയ്തു. 1995 സെപ്തംബറില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്ത സ്ഥാപനങ്ങളും ഉദ്യോഗസ്ഥ•ാരെയും പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്ക് കൈമാറുകയം ചെയ്തു.
1995 ഒക്‌ടോബര്‍ 2ന് നിലവില്‍ വന്ന പ്രാദേശികഭരണ സ്ഥാപനങ്ങളുടെ കാലംതൊട്ട് ശക്തമായ പ്രാദേശിക സര്‍ക്കാരുകളും 9-ാം പഞ്ചവത്സരപദ്ധതിയുടെ കാലംതൊട്ട് പ്രാദേശികതലത്തില്‍ പദ്ധതി ആസൂത്രണവും നടന്നുവരുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പദ്ധതി ആസൂത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടാണ് ആസൂത്രണ പ്രക്രിയ നടക്കുന്നത്. പ്രാദേശികഭരണം കാര്യക്ഷമമാക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ആവശ്യമായ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും യുഡിഎഫ് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കൈക്കൊണ്ടിട്ടുണ്ട്.
പങ്കാളിത്ത ജനാധിപത്യത്തെയും പ്രാദേശികഭരണകൂടങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നടന്നിട്ടുണ്ട്. ഗ്രാമസഭകളെ ശാക്തീകരിക്കുന്നതിനും പൗരകേന്ദ്രീകൃതമായ പ്രാദേശികഭരണസംവിധാനം കരുപ്പിടിപ്പിക്കുന്നതിനുമായി അയല്‍സഭ. വാര്‍ഡ് വികസന സമിതി, ഗാന്ധിജിയുടെ വാര്‍ധയിലെ ആശ്രമമായ സേവാഗ്രാമിന്റെ പേരിലറിയപ്പെടുന്ന സേവാഗ്രാം കേന്ദ്രങ്ങള്‍ എന്നിവ രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
ഗ്രാമപഞ്ചായത്തുകള്‍, നഗരഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനിവാര്യ ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിനുള്ള ധനവിഭവവും സാങ്കേതികസഹായവും നല്‍കി. പശ്ചാത്തലമേഖലയില്‍ പദ്ധതിവിഹിതത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 45 ശതമാനവും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും 55 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ക്ക് 50 ശതമാനവും എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പുറമേ 10 ശതമാനം വനിതാഘടകപദ്ധതിക്കും 5 ശതമാനം കുട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍, രോഗികള്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കു വേണ്ടിയും മാറ്റിവയ്ക്കുന്നു.
യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലാഘട്ടത്തില്‍ പദ്ധതിരൂപീകരണം ഏറെ സുഗമമാക്കുന്നതിന്റെ ഭാഗമായി രണ്ടുവര്‍ഷത്തെ പ്രോജക്ടുകള്‍ ഒരുമിച്ച് തയ്യാറാക്കുകയും മാര്‍ച്ച് 31നു മുമ്പുതന്നെ അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതിയുടെ അംഗീകാരം വാങ്ങുവാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കാലാവധി പൂര്‍ത്തിയാക്കുന്ന പഞ്ചായത്തുകള്‍ക്ക് നടപ്പുവര്‍ഷത്തെ പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവസരം ചരിത്രത്തിലാദ്യമായി ലഭിച്ചു.
മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റം
12-ാം പദ്ധതിയിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമ്പത്തികവികസനവും സാമൂഹ്യനീതിയും കൈവരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതിരൂപീകരണത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കേണ്ടതു
ണ്ടന്ന് തിരിച്ചറിഞ്ഞ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന നടപടിക്രമങ്ങളിലും വ്യവസ്ഥകളിലും ഒട്ടേറെ മാറ്റങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തുകയുണ്ടായി.
* മേഖലാവകയിരുത്തല്‍ പരിധികളില്‍ ഇളവു നല്കി പശ്ചാത്തലമേഖലയ്ക്ക് പരമാവധി തുക സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിക്കുകയും, മറ്റു മേഖലകള്‍ക്ക് അതത് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം തീരുമാനിക്കപ്പെട്ട മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ വകയിരുത്തല്‍ നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. പശ്ചാത്തലമേഖലയ്ക്ക് വകയിരുത്താവുന്ന പരിധി വര്‍ധിപ്പിക്കുകയും ചെയ്തു.
* പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിലും അവയുടെ പരിശോധനയിലും അംഗീകാരത്തിലുമുണ്ടാകുന്ന കാലതാമസവും തടസ്സവും ഒഴിവാക്കുന്നതിന് ഇവയെല്ലാം പൂര്‍ണമായും ഓണ്‍ലൈനായി ചെയ്യാന്‍ സംവിധാനമുണ്ടാക്കി.
* പ്രാദേശിക പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും കൂടുതല്‍ സുതാര്യമാക്കാന്‍ അവയുടെ രൂപീകരണ അംഗീകാരം, നിര്‍വഹണ വിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാക്കി.
* തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തി നല്കുന്ന വികസനഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, ജനറല്‍ പര്‍പ്പസ് ഫണ്ട് എന്നിവ ഓരോ വര്‍ഷവും ഗണ്യമായ അളവില്‍ വര്‍ധിപ്പിച്ചു നല്കി.
* പദ്ധതി അംഗീകാര നടപടികള്‍ വേഗത്തിലാക്കുന്നതിനു വേണ്ടി എല്ലാത്തരത്തിലുള്ള ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പുകള്‍ നിര്‍ത്തലാക്കുകയും പ്രോജക്ടുകള്‍ പരിശോധിച്ച് അംഗീകാരം നല്‌കേണ്ട ചുമതല പ്രോജക്ട് തയ്യാറാക്കുന്ന ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥന് നല്‍കുകയും ചെയ്തു.
* പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട പരാതികള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പിക്കുന്നതിന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അപ്പലെറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചു.
* പ്രാദേശീക ഭരണ വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തവും സുതാര്യതയും വര്‍ധിപ്പിക്കുന്നതിനും പ്രാദേശിക ഭരണപ്രക്രിയയില്‍ ജനങ്ങളുടെ ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിനും ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലും ഗ്രാമകേന്ദ്രവും നഗരഭരണ സ്ഥാപന വാര്‍ഡില്‍ വാര്‍ഡുകേന്ദ്രവും സ്ഥാപിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. ഇത്തരം ഗ്രാമ/വാര്‍ഡ് കേന്ദ്രങ്ങള്‍ പ്രാദേശിക സര്‍ക്കാരിന്റെ വാര്‍ഡുതല എക്സ്റ്റന്‍ഷന്‍ സെന്ററായിട്ടാണ് വിഭാഗവനം ചെയ്തിട്ടുള്ളത്. മാത്രമല്ല ഗ്രാമസഭയുടെ/ വാര്‍ഡ് സഭയുടെ ഒരു ആസ്ഥാനമായും ഈ കേന്ദ്രത്തെ വിഭാവനം ചെയ്യുന്നു. പഞ്ചായത്ത് രാജ് സംവിധാനത്തിലെ ഗ്രാമസഭകളുടെ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന പോരായ്മ ഇതുമൂലം പരിഹരിച്ചു.
പട്ടികജാതി- പട്ടികവര്‍ഗക്ഷേമം
പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
* എസ്.സി.പി, ടി.എസ്.പി ഫണ്ടുകളുടെ 10 ശതമാനം തുക യുവജനക്ഷേമ പരിപാടികള്‍ക്കായി മാറ്റിവയ്ക്കണം.
* എസ്.സി.പി, ടി.എസ്.പി വിഹിതം റോഡ് നിര്‍മ്മാണത്തിന് വകയിരുത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എസ്.സി.പി വിഹിതം ഉപയോഗിച്ചുള്ള റോഡ് നിര്‍മാണ കോളനിക്കുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തി.
* ടി.എസ്.പി ഫണ്ട് വകയിരുത്തുന്നതിനുള്ള റോഡ് വര്‍ക്കുകള്‍, കോളനിക്കുള്ളില്‍ മാത്രമായി നിജപ്പെടുത്തി. നടപ്പാതകള്‍ ഈ ഫണ്ട് വകയിരുത്തി ചെയ്യാന്‍ അനുമതി നല്കി.
* പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട മെറിറ്റോറിയസ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനും പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്നതിനും എന്‍ട്രന്‍സ് കോച്ചിങ്ങിന് ധനസഹായം നല്കാനും വ്യവസ്ഥയുണ്ടാക്കി.
* പട്ടികജാതി-വര്‍ഗ യുവജനങ്ങള്‍ക്ക് വിദേശജോലി നേടുന്നതിന് ധനസഹായം നല്‍കുന്നതിന് വ്യവസ്ഥയുണ്ടാക്കി.
* എസ്.സി.പി, ടി.എസ്.പി പ്രോജക്ടുകളുടെ നിര്‍വഹണവും ഫണ്ട് വിനിയോഗവും കാര്യക്ഷമമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നിരീക്ഷണ കമ്മറ്റികള്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചു.
* എസ്.സി/എസ്.ടി കോളനികളില്‍ കുടിവെള്ളവും കക്കൂസും ലഭ്യമാക്കിയശേഷം മാത്രമേ എസ്.സി.പി, ടി.എസ്.പി ഫണ്ട് വകയിരുത്തി മറ്റു പ്രോജക്ടുകള്‍ ഏറ്റെടുക്കാവു എന്ന് വ്യവസ്ഥ ചെയ്തു.
* പദ്ധതിരൂപീകരണത്തിലും നിര്‍വഹണത്തിലും ജനപഞ്ചായത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടി രൂപീകരിച്ച വര്‍ക്കിങ് ഗ്രൂപ്പുകളെ അതാത് സ്റ്റാന്റിങ് കമ്മറ്റികളുമായി ബന്ധപ്പെടുത്തിയതിന്റെ ഫലമായി പഞ്ചായത്തിലെ വിദഗ്ദ്ധരുടെയും താല്പര്യമുള്ളവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ യുഡിഎഫിന്റെ ഭരണസമിതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഈ പ്രകടനപത്രികയിലൂടെ പ്രഖ്യാപിക്കുന്നു
പ്രകടനപത്രി
* എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ പ്രസിഡന്റിന്റെയോ, ചെയര്‍മാന്റെയോ, മേയറുടെയോ നേതൃത്വത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിനായി ‘ആശ്വാസനിധി’ നിര്‍ബന്ധമാക്കും.
* എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പെയിന്‍ & പാലിയേറ്റീവ് കെയര്‍ സംവിധാനം ഫലപ്രദമായി നടപ്പിലാക്കും.
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ‘വിശപ്പിനോട് വിട’ എന്ന പരിപാടി നടപ്പിലാക്കും. ആരും പട്ടിണി കിടക്കാത്ത ഗ്രാമങ്ങളും നഗരങ്ങളുമായി മാറ്റാന്‍ പാവപ്പെട്ടവര്‍ക്ക് ഒരു നേത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്ന ഈ പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കും.
* പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം നല്‍കാന്‍ എല്ലാം തദ്ദേശസ്ഥാപനങ്ങളിലും ‘മംഗല്യസഹായനിധി’ രൂപീകരിക്കും.
* തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാവികസന പ്രവര്‍ത്തനങ്ങളിലും ശക്തവും ഫലപ്രദവുമായ സോഷ്യല്‍ ആഡിറ്റ് നടപ്പിലാക്കും.
* പ്രവാസികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്ക് മുന്‍ഗണ നല്‍കുകയും സമയബന്ധിതമായി അവ ലഭ്യമാക്കുകയും ചെയ്യും. വര്‍ഷത്തിലൊരിക്കല്‍ പ്രവാസികളുടെ സംഗമം സംഘടിപ്പിച്ച് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കും.
* അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പദ്ധതികള്‍ ആവിഷ്‌കരിക്കും.
* തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഉന്നതവിജയം നേടുന്നവരും സാമ്പത്തികബുദ്ധിമുട്ടുള്ളവരുമായി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ പഠന ഉപകരണങ്ങളും സ്‌കോളര്‍ഷിപ്പും നല്‍കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും.
* എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തര്‍ക്കപരിഹാരകേന്ദ്രങ്ങള്‍ ആരംഭിക്കും. കുടുംബപ്രശ്‌നങ്ങള്‍, അതിരുതര്‍ക്കങ്ങള്‍ എന്നിവ പരിഹരിക്കാനായി അദാലത്തുകള്‍ സംഘടിപ്പിക്കും. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫാമിലി കൗണ്‍സിലിങ് സെന്റര്‍ ഏര്‍പ്പെടുത്തും.
* എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ ആസ്ഥാനത്തും സൗജന്യമായി വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തും.
* ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ ഡിജിറ്റല്‍ സാക്ഷരതയും സേവനങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി വീടുകളില്‍ എത്തിക്കുന്നതിന് അക്ഷയകേന്ദ്രങ്ങളുടെ മാതൃകയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ഡിജിറ്റല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
* ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വാര്‍ഡുതലത്തില്‍ സേവാഗ്രാം പദ്ധതി കാര്യക്ഷമമായി നടപ്പാക്കും.
കാര്‍ഷികമേഖല
* സംസ്ഥാനത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കാര്‍ഷികവിളകളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കാനായി കൃഷിയോഗ്യമായ മുഴുവന്‍ സ്ഥലത്തും അതാതിടത്തക്ക് അനുയോജ്യമായ നെല്ല്, പച്ചക്കറികള്‍, കിഴങ്ങുകള്‍, ഫലവൃക്ഷങ്ങള്‍ എന്നിവ വര്‍ധിച്ച അളവില്‍ കൃഷി ചെയ്യുന്നതാണ്. റബര്‍കൃഷി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും കര്‍ഷകരെ സഹായിക്കാനും നടപടികള്‍ സ്വീകരിക്കും.
* ഉല്പാദനക്ഷമത കൂടിയ വിത്തുകളുടെ ഉല്പാദനം, സംഘം കൃഷി, യന്ത്രവത്ക്കരണ സംഭരണവിപണനം, മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുക്കും.
* തെങ്ങുകൃഷിയുടെ അഭിവൃദ്ധിക്കായി രോഗബാധിതമായ തെങ്ങുകള്‍ വെട്ടിമാറ്റി പകരം ഗുണനിലവാരമുള്ള തൈകള്‍ വിതരണം ചെയ്യും.
* വിഷരഹിതഭക്ഷണം എന്ന ലക്ഷ്യം നേടാന്‍ ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. വീട്ടുമുറ്റത്തും മട്ടുപ്പാവിലും ജൈവകൃഷി വ്യാപകമാക്കുന്നതിന് ആവശ്യമായ വിത്തും വളവും നല്‍കുന്നതിനും സാങ്കേതികസഹായം നല്‍കുന്നതിനും ജൈവകാര്‍ഷിക ജനകീയ സമിതികള്‍ രൂപീകരിക്കും. റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ തുടങ്ങിയ സ്വാശ്രയസംഘടനകളെയും ഉള്‍പ്പെടുത്തിയാണ് ജനകീയ സമിതി രൂപീകരിക്കുന്നത്.
* കാര്‍ഷികത്തൊഴിലാളികളുടെ സേന രൂപീകരിക്കുകയും അവര്‍ക്ക് പരിശീലനം നല്കുകയും ചെയ്യും.
* പ്രാദേശികമായി ഉല്പാദിപ്പിച്ച അരിയും പച്ചക്കറിയും ന്യായമായ വിലയ്ക്ക് വിപണനം നടത്തുന്ന സംവിധാനം ഒരുക്കും.
* യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുന്ന ഹൈ ടെക് ഫാമിങ് സാധ്യമാക്കാനും നടപടികള്‍ സ്വീകരിക്കും.
മൃഗസംരക്ഷവും ക്ഷീരവികസനവും
* ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനും വേണ്ടി മൃഗ-പക്ഷി സമ്പത്ത് വര്‍ധിപ്പിക്കുകയും പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്പാദനവും വിപണനവും വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും.
* ശാസ്ത്രീയമായ അറവുശാലകള്‍ സ്ഥാപിക്കും.
* പാലുല്‍പ്പാദനം വര്‍ധിപ്പിക്കാനും ശേഖരത്തിനും വിതരണത്തിനും സംവിധാനമുണ്ടാക്കും.
മത്സ്യഉല്പാദനവും മത്സ്യബന്ധനവും
* മത്സ്യസഭകള്‍ ശക്തിപ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും.
* അയല്‍സഭകളുടെയും വാര്‍ഡ്‌സഭ വികസന സമിതികളുടെയും മാതൃകാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ഉള്‍നാടന്‍ മത്സ്യകൃഷി വര്‍ധിപ്പിക്കും.
* തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജലാശയങ്ങള്‍ നവീകരിച്ച് ഉള്‍നാടന്‍ മത്സ്യകൃഷി വര്‍ധിപ്പിക്കും.
* ഉല്പാദനമേഖലയില്‍ കൂടുതല്‍ നിക്ഷേപം എന്ന ലക്ഷ്യത്തോടെ മത്സ്യഉല്പാദന വര്‍ധനവിനും മത്സ്യവിപണനത്തിനുമായി അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.
ചെറുകിട വ്യവസായം, സ്വയം തൊഴില്‍ സംരംഭങ്ങള്‍
* ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മിനി വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കും.
* കോമണ്‍ ഫെസിലിറ്റി സെന്ററുകളും വ്യവസായ ക്ലസ്റ്ററുകളും അനുയോജ്യമായ സ്ഥലങ്ങളില്‍ ആരംഭിക്കും.
* ഫുഡ് പ്രോസസിങ്, കാര്‍ഷിക ഉല്പന്നങ്ങളെ അധിഷ്ഠിതമാക്കിയുള്ള മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്പാദനം എന്നിവ പ്രോത്സാഹിപ്പിക്കും.
* യുവസംരംഭകര്‍ക്ക് പരിശീലനവും സാങ്കേതിക സഹായങ്ങളും നല്കി പ്രോത്സാഹിപ്പിക്കും.
പരമ്പരാഗത ഗ്രാമ- കുടില്‍ വ്യവസായം
* അന്യംനിന്നുപോകാനിടയുള്ള മണ്‍പാത്രം, നെയ്ത്ത്, തഴപ്പായ നിര്‍മാണം, മുളയുടെ ഉല്പന്നങ്ങള്‍ തുടങ്ങിയ കുടില്‍ വ്യവസായങ്ങളെ ആധുനികവത്ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും തൊഴിലാളികളുടെ പങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിക്കാനും നടപടി സ്വീകരക്കും.
* വ്യവസായവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെ ഇത്തരം ഉല്പന്നങ്ങളുടെ വിപണനത്തിന് സംവിധാനമൊരുക്കും.
മണ്ണ്- ജലസംരക്ഷണ പദ്ധതി
* ഗ്രാമസഭകള്‍ക്കും അയല്‍സഭകള്‍ക്കും അതാതു പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനുമുള്ള ഇടപെടല്‍ നടത്തുന്നതിന് ചുമതലയും ഉത്തരവാദിത്വവുമുണ്ട്. ഈ ചുമതലകള്‍ നിറവേറ്റാന്‍ ഗ്രാമസഭകള്‍ക്കും അയല്‍സഭകള്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കും.
* മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി സാധ്യതകള്‍ ഉപയോഗപ്പെടുത്തി അതാത് പ്രദേശത്തെ മണ്ണിനെയും ജലത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കും.
* കൃഷിക്കാവശ്യമായ ചെറുകിട ജലസേചനപദ്ധതികള്‍ വികസിപ്പിക്കും.
* സാമൂഹ്യവനവത്ക്കരണം വ്യാപിപ്പിക്കും.
ദാരിദ്ര്യ ലഘൂകരണം
* അയല്‍സഭകളുടെ നേതൃത്വത്തില്‍ വരുമാനവര്‍ധനവിനുള്ള ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കും.
* കുടുംബശ്രീയുടെയും ഇതര സ്വയംസഹായ സംഘങ്ങളുടെയും നേതൃത്വത്തില്‍ തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ആവശ്യമായ പിന്തുണ നല്കി നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കും.
* കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ ആശ്രയപദ്ധതിയിലൂടെ മുഴുവന്‍ അഗതികുടുംബങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ നല്കും.
വിദ്യാഭ്യാസം
* സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തും.
* സ്മാര്‍ട്ട് ക്ലാസുകളും സ്മാര്‍ട്ട് സ്‌കൂളുകളും സജ്ജമാക്കും.
* വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൗതികസൗകര്യങ്ങല്‍ വര്‍ധിപ്പിക്കാനും അയല്‍സഭകള്‍, വാര്‍ഡുവികസന സമിതികള്‍, ഗ്രാമസഭകള്‍, പിടിഎ എന്നിവയുടെ സേവനം കാര്യക്ഷമമായി ഉപയോഗപ്പെടുത്തും.
* ഗുണനിലവാരം പരിശോധിക്കാന്‍ ആവശ്യമായ പഠനങ്ങള്‍ നടത്തും.
* പഠനനിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
* വിദ്യാലയങ്ങളെ ഹരിതക്യാമ്പസുകളാക്കി മാറ്റും.
* ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യവും യാത്രാസൗകര്യവും ഏര്‍പ്പെടുത്തും.
ആരോഗ്യം
* അയല്‍സഭകളും വാര്‍ഡ് വികസന സമിതികളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ എന്നിവ ഏറ്റെടുത്ത് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കും.
* അയല്‍സഭകളുടെ പങ്കാളിത്തത്തോടെ പാലിയേറ്റീവ് കെയര്‍ ഗൃഹസന്ദര്‍ശനം കാര്യക്ഷമമാക്കും.
* മാനസിക രോഗികളുടെ പരിചരണത്തിനും പുനരധിവാസത്തിനും പദ്ധതി ഏര്‍പ്പെടുത്തും.
* തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും.
* പ്രതിരോധകുത്തിവയ്പ് സമ്പൂര്‍ണത നേടും.
* കിടത്തി ചികിത്സാ സംവിധാനമുള്ള ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും.
* ആയുര്‍വേദം, സിദ്ധ, ഹോമിയോ, യുനാനി ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് പ്രോത്സാഹനം നല്കും.
കുടിവെള്ളം
* എല്ലാ ജലസ്രോതസ്സുകളും ഉപയോഗപ്പെടുത്തി ശാസ്ത്രീയമായ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കും.
* കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും ഗുണഭോക്തൃ സമിതികള്‍ ശക്തിപ്പെടുത്തി കുടിവെള്ള വിതരണം കാര്യക്ഷമമാക്കും.
* ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ശുചിത്വം, മാലിന്യ പരിപാലനം

ഖര-ദ്രവ്യ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കും.
* അയല്‍സഭകള്‍, വാര്‍ഡുവികസന സമിതികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായത്തോടെ ഉറവിട മാലിന്യപരിപാലനം ഉറപ്പാക്കും. ഒന്നില്‍ക്കൂടുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് സംയുക്തമായ മാലിന്യനിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്കും.
* സ്‌കൂള്‍ പിടിഎകള്‍, അംഗന്‍വാടി വെല്‍ഫെയര്‍ കമ്മറ്റികള്‍, ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റികള്‍, പാഠശേഖരസമിതികള്‍, അയല്‍സഭകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവരുടെ സഹായത്തോടെ പൊതുസ്ഥലം, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ശുചിത്വം ഉറപ്പാക്കും.
പാര്‍പ്പിടം
* കേന്ദ്ര-സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍ ഉപയോഗപ്പെടുത്തിയും തദ്ദേശസ്ഥാപനങ്ങളുടെ പരമാവധി വിഭവം വകയിരുത്തിയും വീടില്ലാത്ത മുഴുവന്‍പേര്‍ക്കും വാസയോഗ്യമായ വീട് ലഭ്യമാക്കും.
* അര്‍ഹതയുള്ള ആവശ്യക്കാരെ കണ്ടെത്തി അയല്‍സഭകള്‍ മുഖേന ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വീട് നല്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കും.
* ലക്ഷംവീടുകള്‍ പൂര്‍ണമായും ഒറ്റവീടുകളാക്കി പുനരുദ്ധരിക്കും.
സാമൂഹ്യനീതി
* തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്ത്രീസൗഹൃദമാക്കും.
* വനിതാവികസനത്തിനായി കുടുംബശ്രീയുടെ സഹായത്തോടെ സാമ്പത്തിക- സാമൂഹിക-ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.
* സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുടെയും സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരുടെയും ക്ഷേമം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
* ജാഗ്രത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും.
* ഗ്രാമങ്ങളിലും നഗരങ്ങളിലും വയോജനസൗഹൃദം ഉറപ്പാക്കും.
* വയോജനക്ലബ്ബുകള്‍ രൂപീകരിക്കും.
* ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കാന്‍ വൃദ്ധസദനം ആരംഭിക്കും.
* യുവജനക്ഷേമത്തിനായി അവരുടെ പങ്കാളിത്തത്തോടെ പരിപാടികള്‍ സംഘടിപ്പിക്കും.
* വനിതാ-ശിശു, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
പട്ടികജാതി-പട്ടികവര്‍ഗ വികസനം
* കോളനികളുടെ നവീകരണത്തിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും.
* വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്കുള്ള പരിപാടികള്‍ നടപ്പിലാക്കും.
കല, കായികം, സംസ്‌കാരം
* അയല്‍സഭകള്‍, വാര്‍ഡ് വികസന സമിതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാ-സാംസ്‌കാരിക സമിതികള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ ഇവയെല്ലാം ഏകോപിപ്പിച്ച് കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തും.
* കായികരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ആധുനിക സ്റ്റേഡിയവും, ഓഡിറ്റോറിയവും നിര്‍മിക്കാനും നടപടികള്‍ സ്വീകരിക്കും.
* സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് കായിക പരിശീലനങ്ങള്‍ സംഘടിപ്പിക്കും.
* പരമ്പരാഗത കലാരൂപങ്ങളെ പരിപോഷിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
* പട്ടികജാതി ആദിവാസി വിഭാഗങ്ങളുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്കും.
വൈദ്യുതി, ഊര്‍ജം
* സോളാര്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജ ഉല്പാദനത്തിനും ഉപയോഗത്തിനും പദ്ധതികള്‍ ആവിഷ്‌കരിക്കും.
* എല്‍ഇഡി ബള്‍ബുകളുടെ പ്രചാരണം സംഘടിപ്പിക്കും.
* ലഭിക്കുന്ന വൈദ്യുതിയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. പുതിയ ലൈനുകളും ട്രാസ്‌ഫോമറുകളും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
* പ്രധാന നിരത്തുകളില്‍ തെരുവി വിളക്കുകള്‍ സ്ഥാപിക്കും.
ഗതാഗതം
* നിലവിലുള്ള ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഗുണനിലവാരം ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കും.
* കേന്ദ്ര സംസ്ഥാന ആവിഷ്‌കൃത പദ്ധതി ഫണ്ടുകള്‍, എംപി, എംഎല്‍എ ഫണ്ടുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട ഗതാഗത സംവിധാനം ഉറപ്പാക്കും.
* ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് സ്റ്റാന്റ് നിര്‍മിക്കും.
* റോഡപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സേഫ്റ്റി നിയമങ്ങള്‍ പാലിക്കുന്നതിനെപ്പറ്റി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
പൊതുസൗകര്യങ്ങള്‍, സേവനങ്ങള്‍
* ശാസ്ത്രീയ അറവുശാലകള്‍ സ്ഥാപിക്കും
* ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതുശ്മശാനങ്ങള്‍ സ്ഥാപിക്കും.
* ശുചിത്വമുള്ള പൊതുസ്ഥലങ്ങള്‍, എല്ലായിടത്തും സ്ട്രീറ്റ് ലൈറ്റ്, പൊതുടാപ്പുകളില്‍ ശുദ്ധജലം എന്നിവ ഉറപ്പാക്കും.
സുതാര്യവും കാര്യക്ഷമവുമായ ഭരണം
* തദ്ദേശസ്ഥാപനങ്ങളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കലും പദ്ധതി നല്‍കലും പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കും.
* ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്യും.
* തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കുകയും വിട്ടുകൊടുത്ത അധികാരങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് നല്കുകയും ചെയ്യും.
* ഭരണം കാര്യക്ഷമമവും സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിന് കാര്യക്ഷമതയോടെയും ജനപങ്കാളിത്തത്തോടെയും നടപടികള്‍ സ്വീകരിക്കും.
* ഓരോ തദ്ദേശസ്ഥാപനങ്ങളിലും പരാതിപരിഹാരത്തിന് സംവിധാനങ്ങളുണ്ടാക്കും.
* തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തുന്ന എല്ലാ ഭരണവികസന ക്ഷേമപ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കാനായി സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

‪#‎UDF4DevelopmentAndCare‬