സത്യം എന്തെന്നറിയാൻ

Congress Leader, Hassan, MM Hassan Kerala Pradesh Congress Commitee  President #RameshChennithala #MM #KPCCITCell #KPCC #KeralaPCC #OommenChandi #MMHassan #KPCCPresident #FormerCM #KERALACM #ChiefMinister #IndianNationalCongress #India #RahulGandhi #KERALA Kerala pradesh congress committee, KPCC, KPCC IT cell, MM Hassan KPCC President, MM Indian National Congress

ഇക്കഴിഞ്ഞ ഞായറാഴ്ച (26.3.2017) ന് തിരുവനന്തപുരത്ത് യുവജനക്ഷേമബോർഡ് സംഘടിപ്പിച്ച യുവമാധ്യമ ക്യാമ്പിൽ ‘മാധ്യമങ്ങളും രാഷ്ട്രീയവും’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. സി.പി.എം. നേതാവ് എം.വി.ഗോവിന്ദന്മാസ്റ്ററുമുണ്ടായിരുന്നു.
മാധ്യമങ്ങൾ വർഗ്ഗിയതയെ എതിർക്കണമെന്ന ഗോവിന്ദന്മാസ്റ്ററുടെ അഭിപ്രായത്തെപ്പറ്റി യുവമാധ്യമപ്രവർത്തകൻ നടത്തിയ പരാമർശം ഇങ്ങനെയായിരുന്നു: “ഹിന്ദുസ്ത്രീകൾക്ക് ആർത്തവസമയത്ത് ശബരിമലയിൽ പ്രവേശനമില്ലെന്ന് പറയുമ്പോൾ മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം നല്കുന്നതിനെ നിങ്ങൾ രാഷ്ട്രീയക്കാർ അനുകൂലിക്കുന്നത് ന്യൂനപക്ഷപ്രീണനമല്ലേ ” എന്നു ചോദിച്ചു. എന്റെ പ്രസംഗശേഷം ചോദ്യങ്ങൾ വന്നപ്പോൾ ഇതിനു ഞാൻ ഉത്തരം പറഞ്ഞു. മുസ്ലീം സ്ത്രീകൾക്ക് ആർത്തവസമയത്ത് പള്ളിയിൽ പ്രവേശിക്കാൻ പാടില്ല, ഖുർ ആൻ തൊടാൻ പാടില്ല, നോമ്പു അനുഷ്ഠിക്കാൻ പാടില്ല, ഇതാണ് വസ്തുത. ചോദ്യകർത്താവ് തെറ്റിദ്ധരിച്ചതാണെന്ന് ഞാൻ പറഞ്ഞു. ശബരിമലയിലും ഹിന്ദു സ്ത്രീകൾക്ക് പീരിയഡ് സമയത്ത് പ്രവേശനമില്ലെന്നു പറയുന്നത് അതുകൊണ്ടാണ്. ശരീരശുദ്ധിയില്ലാത്ത സമയമാണ് ഇതെന്ന കാഴ്ചപ്പാടിലാണ് ഹിന്ദു-മുസ്ലീം വിശ്വാസികൾ ഈ ആചാരം അനുഷ്ഠിക്കുന്നതെന്നും ഞാൻ പറഞ്ഞു.
ഇതിനോട് ഞാൻ അനുകൂലിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ ഇത് സാമൂഹ്യമായ ഒരവസ്ഥയാണ്, ജാതിമതവിശ്വാസവും, ആചാരങ്ങളുമായതിനാൽ ഇതൊന്നും മാറ്റിമറിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ആവില്ലെന്നും ഞാൻ മറുപടി പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് ബ്രാഹ്മണഗൃഹങ്ങളിലെ പെൺകുട്ടികളെ ഈ സമയത്ത് വീടിനു പുറകുഭാഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുന്നതു കണ്ടിട്ടുണ്ടെന്നു പറഞ്ഞ ഞാൻ പില്ക്കാലത്താണ് ഇതിന്റെ കാരണം മനസ്സിലായതെന്നുകൂടി പറഞ്ഞു.
ക്യാമ്പിന്റെ മോഡറേറ്റർ കൈരളി ടി.വി.യുടെ എക്സിക്യൂട്ടീവ് എഡിറ്റർ N.P.ചന്ദ്രശേഖരനായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും SFI അനുഭാവികളാണെന്ന് ചോദ്യങ്ങൾ കേട്ടപ്പോൾ തോന്നി.
തിങ്കളാഴ്ചയായപ്പോൾ കൈരളി ടി.വി. എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം കാണിച്ചുകൊണ്ട് ഇതിനെ ഒരു വിവാദമാക്കി. എന്റെ ഉത്തരത്തെ വളച്ചൊടിച്ച് ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തി എന്ന ആക്ഷേപവുമായി കൈരളി ടി.വി.യിലെ അവതാരകൻ ആക്രോശിക്കുന്നതു കണ്ടു.
നിലവിലുള്ള സാമൂഹ്യ ആചാരത്തെക്കുറിച്ച് പറഞ്ഞതിന് എന്നെ രാഷ്ട്രീയമായി വേട്ടയാടാൻ കൈരളി ടി.വി. ശ്രമിച്ചതിന്റെ കാരണം എനിക്കറിയാം.
മന്ത്രി ശശീന്ദ്രൻ സംഭവത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ നടത്തിയ കൈരളി ടി.വി.യുടെ ശ്രമം മറ്റു മാധ്യമങ്ങളൊന്നും കാര്യമായി ഏറ്റുപിടിച്ചില്ല. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതൊന്നും കൈരളിക്ക് വാർത്തയല്ലായിരുന്നു.
ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തുകയോ, മതമൗലികവാദം പറയുകയോ ചെയ്തുവെന്ന കൈരളിയുടെ കണ്ടുപിടിത്തം ഫെയ്സ്ബുക്കിൽ ചിലർ ഏറ്റുപിടിച്ചിരിക്കുകയാണ്. ഞാൻ ഉദ്ദേശിക്കാത്ത, പറയാത്ത കാര്യത്തിന്റെ പേരിൽ എന്നെ അധിക്ഷേപിക്കുന്നവർ സത്യം മനസ്സിലാക്കാൻ ഞാൻ ഇത് വിശദീകരിച്ചതാണ്.
രാഷ്ട്രീയവിരോധമുള്ളവർക്ക് എന്നെ വിമർശിക്കാം, ആക്ഷേപിക്കാം. അവർക്കതു കൊണ്ട് മാനസിക സംതൃപ്തി ഉണ്ടാകുമെങ്കിൽ ഉണ്ടാകട്ടെ എന്നു മാത്രം ഞാൻ കരുതുന്നു.