സര്‍ക്കാരിന്‍റെ യശസ്സ് ഉയര്‍ത്തിയ മണ്ഡലമകരവിളക്ക്‌

ശബരിമല തീര്‍ഥാടനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും ഭംഗിയായി സൗകര്യങ്ങള്‍ ഒരുക്കിയ സര്‍ക്കാര്‍ എന്ന സല്‍പേര്  യു.ഡി.എഫ് സര്‍ക്കാരിന്. കഴിഞ്ഞ തീര്‍ഥാടന കാലത്തിനു ശേഷം ഈ വര്‍ഷത്തെ തീര്‍ഥാടനം ഭംഗിയാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതാണ് ഇതിനുള്ള കാരണം. ഇതിനു നേതൃത്വം നല്‍കിയത് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാറും ശബരിമലയുടെ സ്വന്തം മന്ത്രിയായ റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമാണ്. 2013ല്‍ പൂര്‍ത്തിയായ കഴിഞ്ഞ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തിനു ശേഷം മൂന്നു മാസം പിന്നിടും മുന്‍പ് ഇത്തവണത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു പ്രശ്നങ്ങളുമുണ്ടാകാതെ അയ്യപ്പന്മാര്‍ മണ്ഡലമകരവിളക്ക്‌ മഹോത്സവങ്ങളില്‍ അയ്യപ്പനെ കണ്ടു തൊഴുതു മടങ്ങുകയും ചെയ്തു. വകുപ്പുകള്‍ വിശ്വാസത്തെ  അനുകൂലിച്ചും വ്യക്തിവിരോധങ്ങള്‍ ഇല്ലാതെയും ഒരു തീര്‍ഥാടന കാലം പൂര്‍ത്തിയാക്കണമെങ്കില്‍ അതിന്‍റെ പൂര്‍ണ്ണമായ അംഗീകാരം സംസ്ഥാന സര്‍ക്കാരിന് തന്നെയാണ്. ആഭ്യന്തരം,റവന്യൂ,ദേവസ്വം,വനം,ആരോഗ്യം,പൊതുമരാമത്ത്,പൊതുഭരണം,ഗതാഗതം തുടങ്ങി സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളും അന്തര്‍ദേശീയ ശ്രദ്ധയാകര്‍ശിച്ച ഈ ഉത്സവകാലത്ത് ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ സൗകര്യമൊരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഭക്തജന തിരക്കിനെത്തുടര്‍ന്ന് മുന്‍കാലങ്ങളില്‍ ഉണ്ടായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പമ്പയിലും ,സന്നിധാനത്തും എരുമേലി മുതലുള്ള പരമ്പരാഗത വഴികളിലും പുല്‍മേട്ടിലും വന്‍ സുരക്ഷാ സംവിധാനം ഒരുക്കുകയും ചെയ്തു. ദേവസ്വം മന്ത്രിയായ വി.എസ്. ശിവകുമാര്‍ ചുമതലയേറ്റ ശേഷം ക്രിയാത്മകമായ നിരവധി പദ്ധതികള്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഗുണകരമായ രീതിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. അടുത്ത തീര്‍ഥാടന കാലത്തിനു മുന്‍പായി 136 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു.

22.87 കോടി രൂപ ചെലവില്‍ പണി കഴിക്കുന്ന മലിനജല സംസ്കരണ പ്ലാന്‍റ് നിര്‍മ്മാണം ഈ മണ്ഡലകാലത്ത് ആരംഭിച്ചു. നിലയ്ക്കലില്‍ 77 കോടി രൂപ മുടക്കി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ജലവിതരണ പദ്ധതിയുടെ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ പൂര്‍ത്തിയായി. അടുത്ത തീര്‍ഥാടനകാലത്തിനു മുന്‍പ് ഇത് പൂര്‍ത്തിയാക്കും. ആറരക്കോടി രൂപ ചെലവില്‍ മാളികപ്പുറത്ത് ക്ഷേത്ര സമുച്ചയം നിര്‍മ്മിക്കും.പ്രസാദം കോംപ്ലെക്സ്,പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് അന്നദാനം സംവിധാനങ്ങള്‍ വേണ്ട വിധത്തില്‍ വിപുലപ്പെടുത്തും.

പമ്പയില്‍ നിന്ന് സന്നിദാനത്തേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ റോപ് വേ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്ന പദ്ധതികള്‍ അവസാന ഘട്ടത്തിലാണ്. സീറോ വേസ്റ്റ് പദ്ധതി പ്രകാരം ശബരിമലയ്ക്ക് അഞ്ചുകോടി രൂപ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.മരക്കൂട്ടം മുതല്‍ സന്നിദാനം വരെ 27കോടി രൂപ ചെലവില്‍ ക്യൂ കോംപ്ലെക്സ് പണിയും. 1200 ഭക്തര്‍ക്ക്‌ സൗകര്യമൊരുക്കാന്‍ കഴിയുന്ന തരത്തില്‍ വലിയ നടപ്പന്തല്‍ ഇരുപതു കോടി രൂപ ചെലവില്‍ രണ്ടു നിലയിലാക്കും. പ്ലാസ്റ്റിക്‌ മാലിന്യം പൊടിച്ചു മാറ്റുന്നതിന് ഏഴു ലക്ഷം രൂപ ചെലവില്‍ പ്ലാന്‍റ് സ്ഥാപിക്കും. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്ന ഉന്നതധികാര സമിതിയും ചേര്‍ന്നാണ് വികസന പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറും മറ്റു മന്ത്രിമാരും രാപ്പകല്‍ വ്യതാസമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാണ് സത്യസന്ധമായ ശബരിമല തീര്‍ത്ഥാടനം സമാപിച്ചത്.