സി.പി.എം. നേതൃത്വത്തിലുള്ള അക്രമങ്ങള്‍ക്ക് പോലീസ് ഒത്താശ: എം.എം.ഹസന്‍

വടകര ഓര്‍ക്കാട്ടേരിയില്‍ സി.പി.എം നേതൃത്വത്തിലുള്ള അക്രമങ്ങള്‍ക്ക്  പോലീസ് ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആര്‍.എം.പി നേതാക്കളുടെ വീട് അടിച്ചു തകര്‍ക്കുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കാറുകള്‍ തല്ലിപ്പൊളിച്ച് തീവയ്ക്കുകയും ചെയ്തിട്ടും അക്രമം തടയാന്‍ പോലീസിന്  കഴിഞ്ഞില്ല. അധികാരത്തിന്റെ തണലില്‍  സി.പി.എം അക്രമപരമ്പരകള്‍ നടത്തുമ്പോള്‍ പോലീസ് നിഷ്‌ക്രിയമാണ്. ആര്‍.എം.പി  പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ സി.പി.എം അക്രമം അപലപനീയമാണ്. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടി അടിയന്തരമായി എടുക്കണമെന്നും എം.എം.ഹസന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് ഭരണത്തില്‍  സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. കൊയിലാണ്ടിയില്‍ സി.പി.എമ്മും ആര്‍.എസ്.എസും അക്രമം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സമാധാനജീവിതം ഉറപ്പുവരുത്താന്‍ തയ്യാറാകണം. ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് സി.പി.എമ്മിന്റേതും ആര്‍.എസ്.എസിന്റേതുമെന്നും ഹസന്‍ പറഞ്ഞു.