സൈന്യത്തെ അപമാനിച്ച പ്രസ്താവന പിന്‍വലിച്ച് മോഹന്‍ ഭാഗവത് മാപ്പ് പറയണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സൈന്യത്തെയും രാജ്യത്തെ ജനങ്ങളെയും അപമാനിച്ച് നടത്തിയ പ്രസ്താവന പിന്‍വലിച്ച്  ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇസഡ് കാറ്റഗറി സുരക്ഷയില്‍ ഇരുന്നു കൊണ്ടാണ് രാജ്യസുരക്ഷയ്ക്ക് ആര്‍.എസ്.എസുകാരെ രംഗത്തിറക്കാമെന്ന് മോഹന്‍ഭാഗവത് വീമ്പിളക്കുന്നത്. മൂന്നല്ല, മൂന്ന് വര്‍ഷം പരിശീലിപ്പിച്ചാലും  രാജ്യത്തിന് വേണ്ടി ആര്‍.എസ്.എസിന് ഒന്നം ചെയ്യാന്‍ കഴിയില്ല. 1925 കാലത്ത് രൂപീകരിച്ച ആര്‍.എസ്.എസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബ്രിട്ടീഷുകാരെ പുകഴ്ത്തുകയും പലവട്ടം മാപ്പെഴുതികൊടുത്ത് തലയൂരുകയും ചെയ്ത സര്‍വര്‍ക്കറുടെ പിന്‍മുറക്കാര്‍ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. ആയുധ പരിശീലനം അടക്കം നല്‍കി സമാന്തര സേന രൂപീകരിച്ച് രാജ്യത്തിന്റെ സമാധാനത്തെ വെല്ലുവിളിക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്.
ആര്‍.എസ്.എസ് നേടിയെടുത്ത കായിക ബലവും ഹൂങ്കും കൊണ്ട് ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് കലാപം തുടങ്ങിയ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. നിര്‍മ്മാണാത്മകവും രാജ്യത്തിന് ക്ഷേമകരമായ ഒരു കാര്യവും  ചെയ്തു പാരമ്പര്യമില്ലാത്ത ആര്‍.എസ്.എസ് ഇപ്പോള്‍ ജനങ്ങളെയും സൈന്യത്തെയും ഒരു പോലെ വെല്ലുവിളിക്കുകയും അപമാനിക്കുകയുമാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.