നിര്‍ഭയകേരളം സുരക്ഷിതകേരളം പദ്ധതി

സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന  പദ്ധതിയാണ് എ.ഐ.സി.സി പ്രസിഡന്റ്് രാവിലെ 11.30ന് സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ പ്രത്യേക വേദിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് പ്രാമുഖ്യം നല്കുന്നതുമാണ് നിര്‍ഭയകേരളം സുരക്ഷിതകേരളം പദ്ധതി. നിര്‍ഭയകേരളം സുരക്ഷിതകേരളം പദധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍രവി, പ്രൊഫ. കെ.വി തോമസ്. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ഹൈബി ഈഡന്‍ എം.എല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിന്റെ  നിര്‍ഭയ ഫണ്ടില്‍നിന്നുള്ള വിഹിതം പദ്ധതിക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 7.5 കോടി പദ്ധതിക്കായിമാറ്റിവെച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സാമുഹ്യക്ഷേമവകുപ്പുമായി  സഹകരിച്ചാണ് സംസ്ഥാന പൊലീസ് ഈ പദ്ധതി നടപ്പാക്കുന്നത്. ശ്രീലേഖ ഐ പി എസ് ആണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. വിവിധ പ്രദേശങ്ങളില്‍ നിര്‍ഭയ വളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് അവരിലുടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളില്‍ പത്തുപേരും, മുന്‍സിപ്പാലിറ്റികളില്‍ 30ഉം കോര്‍പ്പറേഷനുകളില്‍ 100 നിര്‍ഭയ വളണ്ടിര്‍മാരാണുണ്ടാവുക. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനശ്രീ, കുടുംബശ്രീ,  മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയില്‍നിന്നുള്ള വനിതകളെയായിരിക്കും നിര്‍ഭയ വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് യാതൊരുവിധ പ്രതിഫലവും ഉണ്ടായിരിക്കില്ലെന്നും തികച്ചും സേവനത്തില്‍ അടിസഥാനമായിരിക്കും ഇവരുടെപ്രവര്‍ത്തനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതാത് പ്രദേശങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിര്‍ഭയവളണ്ടിയര്‍മാര്‍ ആ മേഖലയിലെ ഏല്ലാ വീടുകളുമായിബന്ധപ്പെട്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ആവശ്യമെങ്കില്‍ പൊലീസ് സഹായവും, ചികിത്സാസഹായങ്ങളും ലഭ്യമാക്കുന്നതാണ് പദ്ധതി. വളണ്ടിയര്‍മാര്‍ക്ക് പ്രതിഫലമുണ്ടാവില്ലെങ്കിലും ഇവര്‍ക്ക് ഫോണ്‍ പോലുള്ള സംവിധാനങ്ങളും യൂണിഫോമുകളും നെയിംപ്ലേറ്റും പദ്ധതിയുടെ ഭാഗമായിനല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ഭയ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുമെന്നും ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ പദവി ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനായി  നോഡല്‍ ഓഫീസറുടെ കീഴില്‍ പ്രത്യേക സംവിധാനങ്ങള്‍ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട വനിത സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയാണ് പദ്ധതിക്ക് രൂപം നല്കിയിരിക്കുന്നതെന്നും പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സുരക്ഷ സജ്ജമാക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ താല്ക്കാലിക താമസസൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനും പുനരധിവാസം ഉറപ്പാക്കുന്നതിനും സാമുഹ്യക്ഷേമവകുപ്പുമായി ചേര്‍ന്ന് സംവിധാനങ്ങള്‍ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.