ജനരക്ഷാ യാത്ര

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
‘ജനരക്ഷാ യാത്ര’ കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയില്‍ നിന്ന് 2016 ജനുവരി 4 ന് ആരംഭിച്ച് 140 നിയോജകമണ്ഡലങ്ങളിലൂടെ കടന്ന് ഫെബ്രുവരി 9 ന് തിരുവനന്തപുരത്തു സമാപിക്കുന്നതാണ്. വര്‍ഗ്ഗീയ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കും അക്രമരാഷ്ട്രീയത്തിനും സാമൂഹ്യതിന്മകള്‍ക്കുമെതിരെ പ്രചരണം നടത്താനും മതേതരത്വസംരക്ഷണം, കേരളത്തിന്റെ സമഗ്രപുരോഗതി, സര്‍ഗാത്മക യുവശാക്തീകരണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുമാണ് ജനരക്ഷാ യാത്രയില്‍ ലക്ഷ്യമിടുന്നത്. ദേശീയ-രാഷ്ട്രീയ സ്ഥിതിഗതികള്‍, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ എന്നിവ വിശദീകരിക്കുക, ജനാധിപത്യ മതേതര ആശയങ്ങള്‍ പ്രചരിപ്പിക്കുക, ജനങ്ങളുടെ സാമൂഹിക ജീവിതം മെച്ചപ്പെട്ടതാക്കുന്നതിന് പ്രേരിപ്പിക്കുക, സമാധാനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും സമൂഹത്തിന്റെ നാശത്തിന് ഇടവരുത്തുന്ന ലഹരിക്കുമെതിരെ ജനമനസാക്ഷിയെ ഉണര്‍ത്തുക എന്നിവയും ‘ജനരക്ഷാ യാത്ര’യുടെ ലക്ഷ്യങ്ങളാണ്. കേരളത്തിന്റെ സമഗ്രവികസനത്തിനും പുരോഗതിയ്ക്കും ഉതകുന്ന ശക്തമായ സന്ദേശമാണ് ‘ജനരക്ഷാ യാത്ര’യിലൂടെ കെ.പി.സി.സി. പ്രസിഡന്റ് നല്‍കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനം, കിടനാശിനി വിമുക്തമായ പച്ചക്കറിക്കൃഷി, പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരായ പ്രചരണം, സാന്ത്വന പരിചരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ജീവല്‍ പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൂടുതലായി കൊണ്ടുവരുന്നതിന് പരിശ്രമിക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്.
നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യവും മതേതരസ്വഭാവും തകര്‍ക്കുന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം രാജ്യത്ത് സംജാതമാക്കിയിരിക്കുന്നു. ഫാസിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചു മോഡിസര്‍ക്കാര്‍ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്നു. ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആക്രമിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച സാഹിത്യകാരനും കന്നട സര്‍വ്വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. എം.എം. കല്‍ബുര്‍ഗി, എഴുത്തുകാരും യുക്തിവാദികളുമായ ഡോ. നരേന്ദ്രധബോള്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ സംഘപരിവാറുകാര്‍ വെടിവച്ചുകൊന്നു. മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാരോപിച്ചുകൊണ്ട് യു.പിയിലെ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലഖിനെ ക്രൂരമായി കൊലപ്പെടുത്തി. യു.പിയിലെ ഹാമില്‍ പൂരില്‍ ചിമ്മാ എന്ന ദളിത് വൃദ്ധനെ കോടാലികൊണ്ട് വെട്ടിയും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചും കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദില്‍ ഉറങ്ങിക്കിടന്ന രണ്ട് ദളിത് ബാലന്മാരെ പെട്രോളൊഴിച്ച് തീകത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി. അഗ്നിക്കിരയായ ദളിത് കുട്ടികളെ നായകളോട് ഉപമിച്ച കേന്ദ്രമന്ത്രി വി.കെ. സിംഗിന്റെ നടപടി എല്ലാവരെയും ഞെട്ടിപ്പിച്ചു.
അഭിപ്രായം പറയുന്നവരോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും നേരിടുകയും ചെയ്യുന്ന കിരാതമായ സമീപനം സംഘപരിവാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നടപടി സ്വീകരിക്കാതെ കയ്യും കെട്ടി നോക്കിനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന് അപമാനകരമാണ്. പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരി എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വെച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായ സുധീന്ദ്ര കുല്‍ക്കര്‍ണിയെ ശിവസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ അഭിഷേകം നടത്തി. ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി മടങ്ങിയ ജമ്മു കാശ്മീര്‍ എം.എല്‍.എ അബ്ദുള്‍ റഷീദ് കരി ഓയില്‍ പ്രയോഗത്തിന്റെ രണ്ടാമത്തെ ഇരയായി. മാട്ടിറച്ചി കഴിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കാശ്മീരിലെ ഉധംപൂരില്‍ ട്രക് ജീവനക്കാരന്‍ ശഹീദ് റസൂല്‍ ഭട്ടിനെ പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2014 ഒക്ടോബറിന് ശേഷം ഒരു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 630 വര്‍ഗീയ സംഘര്‍ഷങ്ങളാണ്. 86 പേരാണിതില്‍ കൊല്ലപ്പെട്ടത്.
ജനാധിപത്യത്തിന്റെ അടിസ്ഥാനമുല്യങ്ങളായ ബഹുസ്വരത,സഹിഷ്ണുത എന്നിവ കൈവിടാന്‍ അനുവദിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിരവധി തവണ പറയേണ്ടി വന്നു. തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകനേയും കര്‍ണ്ണാടകത്തിലെ ചേതന തീര്‍ത്ഥഹള്ളിയെയും ആക്രമിച്ചു. ലോകപ്രശസ്തനായ ഗസ്സല്‍ ഗായകന്‍ ഗുലാം അലിയെ പാടുന്നതില്‍ നിന്നും തടഞ്ഞു. ഭരത്പട്‌നാക്കര്‍, പ്രൊഫ. കെ.എസ്.ഭഗവാന്‍ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി. അസഹിഷ്ണുതക്കെതിരേ പ്രസ്താവനകള്‍ നടത്തിയ ലോകപ്രശക്തരായ ചലച്ചിത്ര താരങ്ങളായ ആമീര്‍ഖാന്‍, ഷാറൂഖ് ഖാന്‍ എന്നിവരെ ഭീഷണിപ്പെടുത്തി. എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കാന്‍ ശ്രമം നടക്കുന്നു.
ഗോവയില്‍ നടന്ന 46 ാംമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും അസഹിഷ്ണുതയുടെ പ്രതിഫലനങ്ങള്‍ പ്രകടമായി. പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഭീകരരെന്ന പോലെയാണ് ഗോവാ പോലീസ് നേരിട്ടത്.
രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിതശ്രമം സംഘപരിവാറിന്റെ നേതൃത്വത്തില്‍ അരങ്ങേറുകയാണ്. എങ്ങനെ ചിന്തിക്കണമെന്നും എന്ത് ഭക്ഷണം കഴിക്കണമെന്നും സംഘപരിവാറുകള്‍ തീരുമാനിക്കുന്നു എന്നുവരുന്നത് ഭീതിജനകമാണ്. നിരവധി പ്രതിഭാശാലികളായ ചിന്തകരും എഴുത്തുകാരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചുകൊണ്ട് ഫാസിസത്തിനെതിരെ ശക്തമായ പുതിയ സമരമുഖങ്ങള്‍ രാജ്യത്താകെ തുറന്നു കൊണ്ടിരിക്കുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെത്തുടര്‍ന്ന് മഹാനായ രവീന്ദ്രനാഥ് ടാഗോര്‍ തനിക്ക് ലഭിച്ച നൈറ്റ് ഗുഡ് എന്ന ബഹുമതി ഉപേക്ഷിച്ചു കൊണ്ടാണ് ഇന്ത്യയില്‍ ഇത്തരമൊരു പ്രതിഷേധരീതിക്ക് തുടക്കം കുറിച്ചത്.
ആനന്ദ് പട്‌വര്‍ധന്‍ തുടങ്ങിയ 24 ചലചിത്ര പ്രവര്‍ത്തകര്‍ രാജ്യം ആദരവായി നല്‍കിയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനന്തരവളും വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളുമായ നയന്‍ താര സെഗാള്‍ തുടങ്ങിയവര്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി. പ്രമുഖ ശാസ്ത്രജ്ഞന്‍ പി.എം. ഭാര്‍ഗവ പത്മഭൂഷണ്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചു. റൊമിലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങി രാജ്യത്തെ 53ല്‍ പരം ചരിത്രകാരന്മാര്‍, ഈ പ്രതിഷേധത്തില്‍ പങ്കാളികളായി. 150 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ ഇന്ത്യന്‍ എഴുത്തുകാരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വര്‍ഗീയ ഫാസിസത്തെയും വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയെയും നേരിടാനും പ്രതിരോധിക്കാനും കഴിയുന്ന ജനാധിപത്യ മതേതര പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.
മതേതരത്വം സംരക്ഷിക്കാന്‍ ദേശീയതലത്തില്‍ ഉണ്ടാകുന്ന വിശാലമായ മതേതരത്വ ജനാധിപത്യ സഖ്യത്തിന്റെ തുടക്കമാണ് ബീഹാറിലെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് വിജയം. ജെ.ഡി.യു., ആര്‍,ജെ.ഡി., കോണ്‍ഗ്രസ്സ് മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോട് കൂടിയാണ് അധികാരത്തില്‍ വന്നത്. ഡല്‍ഹി നിയമസഭയിലെയും, തുടര്‍ന്ന് ഇപ്പോള്‍ ബീഹാറിലും ഉണ്ടായിരിക്കുന്ന പരാജയം നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും കാത്തിരിക്കുന്ന കനത്ത തിരിച്ചടികളുടെ തുടക്കമാണ്. സംഘപരിവാര്‍, മോദി, അമിത്ഷാ കൂട്ടുകെട്ടിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തേണ്ട നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ സി.പി.എം. അടക്കമുള്ള ഇടതുപാര്‍ട്ടികള്‍, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മഹാസഖ്യത്തെ എതിര്‍ത്തുകൊണ്ട് ജനാധിപത്യ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ പ്രത്യേക മുന്നണിയായിട്ടാണ് മല്‍സരിച്ചത്. സംഘപരിവാറും മോദിയും ഉയര്‍ത്തുന്ന വര്‍ഗ്ഗീയ ഫാസിസത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ഇടതുസാന്നിധ്യം ഇല്ലാതെപോയി. മതേതരവോട്ടുകളെ ഭിന്നിപ്പിക്കാനുള്ള നിലപാടാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സി.പി.എം.അടക്കമുള്ള ഇടതുപക്ഷം കാട്ടിയത് ചരിത്രപരമായ വഞ്ചനയാണ്. വര്‍ഗ്ഗീയ, ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ സി.പി.എം. എന്നും ഇത്തരം നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 1977ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പൂര്‍വ്വരൂപമായ ജനസംഘവുമായി സി.പി.എം. ഐക്യത്തിലായിരുന്നു. 1989 ല്‍ വി.പി. സിംഗിന്റെ സര്‍ക്കാരിനെ ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ച് ചേര്‍ന്നാണ് പിന്തുണച്ചത്. ഒന്നാം യു.പി.എ. സര്‍ക്കാരിനെ ആണവകരാറിന്റെ പേരില്‍ വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ താഴെവീഴ്ത്തുവാന്‍ ശ്രമിച്ചത് ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ചായിരുന്നു. അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം വര്‍ഗ്ഗീയ ഫാസിസത്തെ പിന്തുണയ്ക്കുക എന്നത് സി.പി.എമ്മിന്റെ എക്കാലത്തെയും നയമാണ്.
ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 31 ജില്ലാ പഞ്ചായത്തുകളില്‍ 21 എണ്ണവും കോണ്‍ഗ്രസ് നേടി.230 താലൂക്കുകളില്‍ 130 ലും കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ട്. മധ്യപ്രദേശിലെ സത്‌ലം ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് വിജയിച്ചു. അസഹിഷ്ണുതയും വെറുപ്പും വിദ്വേഷവും ജീവിത ശൈലിയാക്കിയ ബീ.ജെ.പി ഭരണത്തിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാതേതര ശക്തികളുടെ ഉയര്‍ത്തെഴുന്നേപ്പാണ് ഇതെല്ലാം കാണിക്കുന്നത്.
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെയും കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രതിപക്ഷ രാഷ്ട്രീയനേതൃത്വം രാജ്യം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഡല്‍ഹിയില്‍, കേന്ദ്രഭരണകൂടം ക്രമസമാധാനം കയ്യാളുന്ന രാജ്യതലസ്ഥാനത്ത് മൂന്നും, നാലും വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞുങ്ങള്‍ കൂട്ടമാനഭംഗത്തിനിരയാകുന്നു. കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു. സ്ത്രീസുരക്ഷ അപകടത്തിലായിരിക്കുന്നു. അക്രമങ്ങളെ ഫലപ്രദമായി നേരിടുവാനും തടയുവാനും കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയെ തൂക്കിക്കൊന്ന ദിവസം ബലിദാന്‍ ദിനമായി ആചരിക്കാനുള്ള ഹിന്ദുമഹാസഭയുടെ തീരുമാനം തികച്ചും പ്രകോപനപരമാണ്. ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രമുണ്ടാക്കാനും, പ്രതിമസ്ഥാപിക്കാനുമുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തണലിലാണ് നടക്കുന്നത്.
18 മാസത്തെ ഭരണത്തില്‍ 27 വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിയ മോദി ഒരു പ്രവാസിപ്രധാനമന്ത്രിയാണ്. വിദേശരാജ്യങ്ങളില്‍ പോയി രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയത്തിലെ വിദ്വേഷം പരസ്യമായി വിളിച്ചുപറയുന്ന ലജ്ജാകരമായ സാഹചര്യമാണുള്ളത്.
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത തപാല്‍സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി അപലപനീയമാണ്. ‘ഒരേ റാങ്ക് ഒരേ പെന്‍ഷന്‍’ പദ്ധതിയുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പില്‍ നിന്നും പിന്നോട്ടുപോയതിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സൈനീകരെ വഞ്ചിച്ചിരിക്കുകയാണ്.നിത്യോപയോഗ സാധനങ്ങളുടെയും, ഭക്ഷ്യസാധനങ്ങള്‍, പരിപ്പ്, സവാള, ഉള്ളി തുടങ്ങിയവയുടെയും വിലക്കയറ്റം തടയുവാനുള്ള നടപടികള്‍ ഒന്നുംതന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. വിലക്കയറ്റം തടയാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്നു.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദിയുടെ ബി.ജെ.പി. ഗവണ്‍മെന്റ് കര്‍ഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗം അവകാശപ്പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ ഇല്ലായ്മചെയ്യുകയും തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു. യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 70000 കോടി രൂപയാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുവാനായി വിനിയോഗിച്ചത്.
ഔഷധ വ്യവസായ രംഗത്ത് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ നടപ്പാക്കിയ നിയമങ്ങളും നിയന്ത്രണങ്ങളും വിദേശ ഔഷധക്കുത്തകകളുടെ കടന്നുകയറ്റവും ആധിപത്യവും ചെറുക്കുന്നതായിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ വിലനിയന്ത്രണാധികാരം മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതോടെ അര്‍ബ്ബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവന്‍രക്ഷാ മരുന്നുകളുടെ വിലയില്‍ വമ്പിച്ച വര്‍ദ്ധനവുണ്ടായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുള്‍പ്പെടെ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ ജനക്ഷേമ സാമൂഹ്യ സുരക്ഷാ പദ്ധതികളും അട്ടിമറിക്കപ്പെട്ടു. ഇന്‍ഷ്വറന്‍സ് മേഖലയും വിദേശക്കുത്തകകള്‍ക്ക് അടിയറവച്ചു.
രാജ്യാന്തര വിപണിയില്‍ എണ്ണവിലയിടിവിന് ആനുപാതികമായ തോതില്‍ ഇന്ധനവില കുറയ്ക്കാതെ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനുപുറമേ എക്‌സൈസ് തീരുവ ഇനത്തില്‍ വമ്പിച്ച ഒരു തുകയാണ് സര്‍ക്കാര്‍ ഈടാക്കിയത്. തീവണ്ടി യാത്രക്കൂലിയും ചരക്കുകൂലിയും വര്‍ദ്ധിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണമായിത്തീര്‍ന്നത്.
കള്ളപ്പണക്കാരുടെ പേരുകള്‍ പൊതുമധ്യത്തില്‍ വെളിപ്പെടുത്തുമെന്നും അധികാരത്തിലേറി നൂറു ദിവസത്തിനകം കള്ളപ്പണം വീണ്ടെടുത്ത് രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം 15 ലക്ഷം രൂപ വീതം നല്‍കുമെന്നും പ്രഖ്യാപിച്ചവര്‍ ഒരു രൂപയുടെ കള്ളപ്പണം പോലും പൊതു ഖജനാവിലേയ്ക്ക് സ്വരൂക്കൂട്ടിയില്ല. ലണ്ടനില്‍ ഒളിച്ചുകഴിയുന്ന വിദേശവിനിമയ ചട്ടലംഘനകേസിലെ പ്രതിയായ ലളിത് മോഡിക്ക് പോര്‍ച്ചുഗലില്‍ പോകാന്‍ യാത്രാരേഖ സഹായിച്ച വിദേശകാര്യമന്ത്രി ശ്രീമതി സുഷ്മാ സ്വരാജിന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജെയുടെയും നടപടികള്‍ ഞെട്ടിപ്പിക്കുന്നതാണ്.
കള്ളപ്പണം പിടിച്ചെടുക്കുന്നതിന്റെ ആദ്യപടിയായി ലളിത് മോഡിയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്ന് നിയമനടപടികള്‍ക്ക് വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.മത്സ്യത്തൊഴിലാളികളുടെ തീരദേശത്തുള്ള നിലനില്‍പ്പുതന്നെ അപകടത്തിലാക്കി, കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കടലിനെയും കടല്‍ത്തീരത്തെയും കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാനുമുള്ള മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുകയാണ്.
നരേന്ദ്രമോഡി സര്‍ക്കാര്‍ ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ അഴിമതിയുടെ പേരില്‍ മുഖം നഷ്ടമായിരിക്കുന്നു. കേന്ദ്രമന്ത്രിമാരും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും അഴിമതി ആരോപണങ്ങളെ നേരിടുകയാണ്. പ്രധാനമന്ത്രി പ്രതികരിക്കാതെ ഒളിച്ചോട്ടം നടത്തുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് അഴിമതിയാണ് മധ്യപ്രദേശില്‍ വ്യവസായിക് പരീക്ഷാമണ്ഡല്‍ എന്ന പേരില്‍ അറിയപ്പെടുന്ന വ്യാപം തട്ടിപ്പ്.
പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അധിക്ഷേപിച്ചുകൊണ്ട് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന മതവിദ്വേഷം വളര്‍ത്താന്‍ കരുതിക്കൂട്ടിയുള്ളതായിരുന്നു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ക്രൈസ്തവദേവാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളും ഉത്തര്‍ പ്രദേശില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളും മതേതരത്വം തകര്‍ക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ വികസന രംഗത്തും ജനക്ഷേമത്തിലും അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചത്. കൊച്ചി സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം എന്നീ വന്‍കിട പദ്ധതികള്‍ 2016-ല്‍ പൂര്‍ത്തീകരിക്കുമ്പോള്‍ കേരളജനതയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു ഒട്ടും വൈകാതെ തിരുവനന്തപുരത്തും, കോഴിക്കോട്ടും ലൈറ്റ് മെട്രോയുടെ നിര്‍മാണം ആരംഭിക്കാനാവും.
അഴിമതി വിരുദ്ധ പോരാട്ടത്തിന് കൂടുതല്‍ ശക്തിയും, വേഗതയും കൈവരുത്താന്‍ ‘വിജിലന്റ് കേരള’, മയക്കുമരുന്ന് മാഫിയയില്‍ നിന്നും നമ്മുടെ വിദ്യാലയങ്ങളെയും കുട്ടികളെയും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് രൂപംകൊടുത്ത ‘ക്ലീന്‍ കാമ്പസ് സെയ്ഫ് ക്യാമ്പസ്’, റോഡുസുരക്ഷാ നടപടികള്‍ കര്‍ശനമാക്കിക്കൊണ്ടും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുംകേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുന്നതിനായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘ശുഭയാത്ര’ എന്നിവ ആഭ്യന്തരവകുപ്പ് നടപ്പിലാക്കി.
240 കുടിവെള്ള പദ്ധതികളിലൂടെ 83 ലക്ഷം പേര്‍ക്കുകൂടി പൈപ്പുവെള്ളം ലഭ്യമാക്കി. ഭൂരഹിതരായ അമ്പതിനായിരത്തിലധികം ആളുകള്‍ക്ക് 3 സെന്റ് വീതം ഭൂമി നല്‍കുകയും 1,44,252 പേര്‍ക്ക് ഇതുവരെ പട്ടയം നല്‍കുകയും ചെയ്തു.
ആദിവാസികള്‍ക്ക് ഭൂമി, എല്ലാവര്‍ക്കും വീട്, ക്ഷേമപെന്‍ഷനുകളുടെ തുക ഇരട്ടിയിലധികം വര്‍ധിപ്പിക്കല്‍, മൂലമ്പിള്ളി പാക്കേജ്, ആദിവാസി പാക്കേജ്, എന്‍ഡോ സള്‍ഫാന്‍ പാക്കേജ്, കെ.എസ്.ആര്‍.ടി.സി. പാക്കേജ്, അധ്യാപക പാക്കേജ് എന്നിവ നടപ്പാക്കിക്കൊണ്ട് വിവിധ ജനവിഭാഗങ്ങളെ ദുരിതത്തിലും കഷ്ടപ്പാടിലും നിന്ന് രക്ഷിച്ചു. ഓപ്പറേഷന്‍ കുബേരയിലൂടെയും ഓപ്പറേഷന്‍ സുരക്ഷയിലൂടെയും ചൂഷണവിധേയരായ പാവപ്പെട്ടവരെയും, അക്രമഭീഷണികൊണ്ട് ബുദ്ധിമുട്ടുന്നവരെയും സംരക്ഷിച്ചു. പ്രവാസികള്‍ക്കു വോട്ടവകാശം നല്കാനും സാധിച്ചു.
രോഗികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സഹായം ഒരു സര്‍ക്കാരിനും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ സമാനതകളില്ലാത്ത ക്ഷേമപ്രവര്‍ത്തനം സാധാരണക്കാരായ ജനങ്ങളില്‍ 13,064.36 കോടി രൂപ എത്തിച്ച് റിക്കാര്‍ഡിട്ടു. ഇത്രയും വിപുലമായ ക്ഷേമപ്രവര്‍ത്തനം നടന്ന കാലമില്ല. കാരുണ്യ ബെനവലന്റ് ഫണ്ട്, ജനസമ്പര്‍ക്ക പരിപാടി, സൗജന്യ മരുന്ന് ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പിലെയും സാമൂഹികനീതി വകുപ്പിലെയും പദ്ധതികള്‍, സാധാരണക്കാര്‍ക്ക് കൈത്താങ്ങായി
കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് 810 കോടി രൂപയാണ് 1,111,11 രോഗികളില്‍ എത്തിയത്. 2.17 ലക്ഷം പേരിലേക്ക് 600 കോടി രൂപയെത്തിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കാരുണ്യത്തിന്റെ നിറകുടമായി. 4.97 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ (പ്രതിമാസം 600 രൂപ) നല്‍കാന്‍ 1,058 കോടി രൂപ, 3.35 ലക്ഷം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ (പ്രതിമാസം 600 രൂപ) നല്‍കാന്‍ 317 കോടി രൂപ എന്നിങ്ങനെ വിതരണം ചെയ്തു.
18 വയസ്സുവരെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് 17.71 കോടി രൂപയും ജ•നാ ഹൃദയവൈകല്യം, ജനിതകരോഗം, ഇതര ഗുരുതര രോഗം എന്നിവരുടെ ചികിത്സയ്ക്കായി 18.08 കോടി രൂപയും അനുവദിച്ചു. അവിവാഹിതരായ അമ്മമാരുടെ പുനരധിവാസത്തിന് 41 കോടി രൂപയും നല്കി. ശ്രവണ-സംസാരശേഷി കൈവരുത്തുന്നതിന് 568 കുട്ടികളുടെ സൗജന്യ ശസ്ത്രക്രിയയ്ക്കായി 28.66 കോടി രൂപ ചെലവഴിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നല്‍കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ (80 വയസ്സിനു മുകളില്‍ പ്രതിമാസം 1200 രൂപ, 60-80 വയസ്സുവരെ 600 രൂപ), ഇന്ദിരഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ (80% മുകളില്‍ 1100 രൂപ, 80% താഴെ 800 രൂപ), ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ (പ്രതിമാസം 800 രൂപയ), 50 കഴിഞ്ഞ അവിവാഹിതര്‍ക്ക് പെന്‍ഷന്‍ (പ്രതിമാസം 800 രൂപ) എന്നിവ വിതരണം ചെയ്യാന്‍ സംസ്ഥാന വിഹിതമായി 4,419 കോടി രൂപ അനുവദിച്ചു.
ആരോഗ്യവകുപ്പിന്റെ കീഴില്‍ സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതം, ജീവിതശൈലി രോഗനിയന്ത്രണത്തിന് അമൃതം ആരോഗ്യം, സൗജന്യ പ്രസവചികിത്സയും കുഞ്ഞിന്റെ ആരോഗ്യപരിരക്ഷയും നടപ്പിലാക്കി.
സംസ്ഥാനത്ത് പുതിയ നാലു മെഡിക്കല്‍ കോളേജുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ഒന്‍പത് മെഡിക്കല്‍ കോളേജുകളുടെ സേവനം ലഭ്യമാകുന്നു. രാജ്യത്ത് ആദ്യമായി പട്ടികജാതി പട്ടികവകുപ്പിന്റെ കീഴില്‍ ഒരു മെഡിക്കല്‍ കോളേജ് പാലക്കാട് സ്ഥാപിച്ചു. 2015-ല്‍ ആദ്യബാച്ചിലേക്ക് 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കി.
ഒരു രൂപയ്ക്ക് അരി നല്‍കാന്‍ പ്രതിവര്‍ഷം 700 കോടി രൂപ സബ്‌സിഡി നല്‍കുന്നു. 20.63 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു രൂപ അരിയും 41.55 ലക്ഷം എ.പി.എല്‍ കുടുംബങ്ങള്‍ക്ക് രണ്ടു രൂപ അരിയും നല്‍കുന്നു. 82 ലക്ഷം വനിതകളെ കാര്‍ഡുടമകളാക്കി റേഷന്‍കാര്‍ഡ് പുതുക്കി നല്‍കുന്നു.
റബര്‍കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് 150 രൂപ താങ്ങുവില നല്കി 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കാന്‍ 300 കോടി രൂപ അനുവദിച്ചു. കര്‍ഷകരുടെയോ ഉല്പാദകസംഘങ്ങളുടെയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അന്താരാഷ്ട്രവിലയുടെ 25 ശതമാനം തുക അധികം നല്കുന്നു.
ഒരുലക്ഷം പേര്‍ക്ക് നേരിട്ട് തൊഴിലും 10,000 കോടി രൂപ കയറ്റുമതി വരുമാനവും നല്‍കുന്ന ഉയരങ്ങളിലേക്ക് ഐ.ടി.മേഖല വളര്‍ന്നു. 1,22,371 പേര്‍ക്ക് പി.എസ്.സി നിയമനം നല്‍കി റിക്കാര്‍ഡിട്ടു.
ഇന്ദിരാ ആവാസ് യോജനയില്‍ ഗൃഹനിര്‍മാണത്തിനുള്ള സഹായം പൊതുപട്ടിക വിഭാഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയായും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 2.50 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു.
14,172 മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്കി. അതിനായി 194 കോടി രൂപയാണ് ചെലവഴിച്ചത്. ഭൂരഹിതരും ഭവനരഹിതരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് 48.75 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് തുടക്കമായി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി ഭരണരംഗത്ത് ജനകീയ വിപ്ലവമായി മാറി. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഈ പരിപാടിയെ ലോകത്തിലെ ഏറ്റവും വലിയ പൊതുജനപ്രശ്‌നപരിഹാര പരിപാടിയെന്ന് യു.എന്‍. വിശേഷിപ്പിച്ചു.
വികസനത്തെ അട്ടിമിക്കാന്‍ ശ്രമിക്കുന്ന സി.പി.എം. വികസനവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. അക്രമ രാഷ്ട്രീയവും, കൊലപാതക രാഷ്ട്രീയവുംകൊണ്ട് രാഷ്ട്രീയരംഗത്തെ കലുഷിതമാക്കുന്ന സി.പി.എം. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സ്വീകരിച്ചിരിക്കുന്നത്.
ജനവിരുദ്ധ നയങ്ങളിലൂടെ ഇന്ത്യന്‍ ജനതയെ വഞ്ചിച്ച ബി.ജെ.പി. കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷത്തെ വര്‍ഗ്ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി കേരളത്തിലെ സമാധാന ജീവിതത്തെ തകര്‍ക്കുന്ന രീതിയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയും, സാമുദായിക ഐക്യം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബി.ജെ.പി.യെ ഒറ്റപ്പെടുത്താന്‍ മതേതര ജനാധിപത്യ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുന്നു.
അയിത്തം, അനാചാരം, അജ്ഞത എന്നിവയ്‌ക്കെതിരെ ഒരു ജനസമൂഹത്തെ വിമോചനപാതയിലേക്ക് നയിച്ച മഹത്തായ നവോത്ഥാന പ്രസ്ഥാനമായ എസ്.എന്‍.ഡി.പി.യെ സംഘപരിവാറുകള്‍ക്ക് അടിയറ വയ്ക്കാനുള്ള നീക്കം നടക്കുന്നു. സ്വാര്‍ത്ഥലാഭത്തിനായി ശ്രീനാരായണീയ ദര്‍ശനങ്ങള്‍ ബലികഴിക്കാന്‍ ശ്രമിക്കുന്നവരെ കേരളീയസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ബി.ജെ.പി.യുടെ നേതൃത്വത്തില്‍. കേരളത്തെ സ്വാമി വിവേകാനന്ദന്‍ ദര്‍ശിച്ച ഭ്രാന്താലയത്തിന്റെ പുത്തന്‍ പതിപ്പാക്കി മാറ്റാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.വര്‍ഗ്ഗീയധ്രുവീകരണം ഉണ്ടാക്കി വോട്ടുവര്‍ദ്ധനവിന് ബി.ജെ.പി. നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് ജനാധിപത്യ മതേതരത്വ വിശ്വാസികളുടെ കടമയാണ്.
സി.പി.എമ്മിലെ വിഭാഗീയതയും തമ്മിലടിയും ആഭ്യന്തര പ്രശ്‌നങ്ങളും അതിരൂക്ഷമായി തുടരുകയാണ്. പാര്‍ട്ടി സ്ഥാപകനേതാവ് പി.കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ത്തതും ആലപ്പുഴയിലെ സി.പി.എം. സമ്മേളന വേദിയില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇറങ്ങിപ്പോയതും ഈ വിഭാഗീയതയുടെയും ഉള്‍പ്പോരിന്റെയും ഫലമായിട്ടായിരുന്നു. ഇടമലയാര്‍ കേസ്സില്‍ അഴിമതി നടത്തിയെന്നാരോപിച്ച് സുപ്രീംകോടതിവരെ പോയി കേസ്സ് നടത്തി മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ ജയിലിലടയ്ക്കാന്‍ മുന്‍കൈയെടുത്ത പ്രതിപക്ഷ നേതാവ് ഇടുതുമുന്നണിയുടെ സമരപ്പന്തലില്‍ വച്ച് അദ്ദേഹത്തിനു ഹസ്തദാനം ചെയ്യുന്നതു കണ്ട് പൊതുസമൂഹം ഞെട്ടലോടെയാണ് കണ്ടത്. സി.പി.എമ്മിന്റെ അഴിമതിക്കെതിരായ നിലപാട് ആത്മാര്‍ത്ഥതാരഹിതവും കാപട്യം നിറഞ്ഞതുമാണെന്ന് തെളിഞ്ഞിരിക്കുന്നു.
അക്രമ, നിഷേധ രാഷ്ട്രീയമാണ് 2006 നുശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും പരാജയപ്പെടാനും നിയമസഭാ-ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നഷ്ടപ്പെടുവാനും ഇടതുപക്ഷത്തിന് വഴിയൊരുക്കിയത്. ഇടതുമുന്നണി നടത്തിയ സമരങ്ങളെല്ലാം ചരിത്രത്തിലെ നാണം കെട്ട തോല്‍വികളായിരുന്നു.
ടി.പി. ചന്ദ്രശേഖരന്റെ ക്രൂരമായ വധത്തിനുശേഷം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട സി.പി.എം. അക്രമരാഷ്ട്രീയത്തെ കൈവിട്ടിട്ടില്ല എന്നതിന്റെ സൂചനയാണ് പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനം. സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകന്റെ കൈപ്പത്തി ബോംബ് നിര്‍മ്മാണത്തിനിടയില്‍ പൊട്ടിച്ചിതറിത്തെറിച്ച സംഭവവും മുമ്പ് കണ്ണൂരിലുണ്ടായി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള സി.പി.എമ്മിന്റെ തയ്യാറെടുപ്പാണ് സ്‌ഫോടനത്തിലൂടെ പുറത്തായത്. അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ വികാരവും പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.
സാമൂഹ്യക്ഷേമം ലക്ഷ്യമാക്കി10 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി 5 സ്റ്റാറിന് താഴെയുള്ള 730 ബാറുകള്‍ അടച്ചുപൂട്ടിയ നടപടി ഒരു ചരിത്ര സംഭവമായി മാറി. ഇപ്പോള്‍ നടപ്പിലാക്കിയ മദ്യനയത്തിന്റെ ഫല മായി മദ്യത്തിന്റെ ഉപയോഗം മുന്‍വര്‍ഷത്തെക്കാള്‍ 26950709 ലിറ്റര്‍ കുറഞ്ഞതായി ബിവ റേജസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്.
2016 ജനുവരി 4 മുതല്‍ ഫെബ്രുവരി 9 വരെ കെ.പി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ‘ജനരക്ഷായാത്ര’ നടത്തുകയാണ്. ജനരക്ഷാ യാത്രയില്‍ മേല്‍വിവരിച്ച കാര്യങ്ങളുടെ ചര്‍ച്ചയും വിശദീകരണവും നടക്കുന്നതാണ്. പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധത്തിന്റെ സര്‍ഗാത്മകമായ ഐക്യമാണ് ജനരക്ഷായാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. ജനരക്ഷാ യാത്രയോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് ശേഖരണവും ഉദ്ദേശിക്കുന്നുണ്ട്.
ഈ സംരംഭങ്ങള്‍ക്ക് എല്ലാ ജനാധിപത്യവിശ്വാസികളുടെയും നിര്‍ലോഭമായ സഹായസഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപുര്‍വ്വം,

വി.എം. സുധീരന്‍
കെ.പി.സി.സി. പ്രസിഡന്റ്
തിരുവനന്തപുരം

ജനരക്ഷായാത്ര പ്രോഗ്രാം ഷെഡ്യൂള്‍