ഓഖി ദുരന്തം; സംസ്ഥാന ദുരന്തനിവാരണ സമിതിയിലെ ഉദ്യോഗസ്ഥരുടെ തല പരിശോധിക്കണം; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

Congress Leader, Hassan, Kerala pradesh congress committee, KPCC, KPCC IT cell, Ramesh Chennithala KPCC President, MM Indian National Congress"

നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ അടിയന്തരപ്രമേയം സംബന്ധിച്ച പ്രസംഗം

ഗവണ്‍മെന്റ് ദുരന്തമുണ്ടായ സാഹചര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുമെന്നാണ് ഞാന്‍ കരുതിയത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ കേരളം ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുകയാണ്. കേരളം കണ്ട എറ്റവും വലിയ ദുരന്തമായിരുന്നു. ‘ഓഖി’ ദുരന്തം. ഈ ദുരത്തില്‍പ്പെട്ട് മരിച്ചവരും പരിക്കുപറ്റിയതുമായ ആളുകളുണ്ട്. ഇവര്‍ക്കൊക്കെ ആശ്വാസം നല്‍കത്തക്കവിധത്തില്‍ ഈ സഭ ഒരു ചര്‍ച്ച നടത്തണമെന്ന് എം. വിന്‍സെന്റ് എം.എല്‍.എ. ആവശ്യപ്പെട്ടതിനോട് യോജിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. ദുരന്തങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന നടപടിയോട് ഞങ്ങളാരും യോജിക്കുന്നില്ല. പക്ഷേ, ഈ സംഭവമുണ്ടായപ്പോള്‍ ആദ്യമായി ഓടിയെത്തിയത് ഞാനും മുന്‍മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുമായിരുന്നു. ഞങ്ങള്‍ ആരും ഈ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ, കഴിവുകെട്ട ഒരു ഭരണകൂടം നാടിന് എത്രമാത്രം ആപത്താണെന്ന കാര്യമാണ് ഇവിടെ നാം കണ്ടത്. ഞാന്‍ കരുതിയത് മുഖ്യമന്ത്രി എത്രപേര്‍ മരിച്ചിട്ടുണ്ടെന്നും എത്രപേര്‍ കാണാതായിട്ടുണ്ടെന്നും എത്രപേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ടെന്നുമുള്ള കണക്ക് വ്യക്തമാക്കുമെന്നാണ്. റെവന്യു വകുപ്പു മന്ത്രിയും മത്സ്യത്തൊഴിലാളി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയും ഓരോരോ കണക്കുകള്‍ പറയുന്നു. ലത്തീന്‍ രൂപത വേറൊരു കണക്ക് പറയുന്നു. ദീപിക ദിനപത്രത്തില്‍ കാണാതായ മുഴുവന്‍ ആളുകളുടെയും ഫോട്ടോയുണ്ട്. 108 പേരെയാണ് കാണാതായത്. 108 പേരുടെ കുടുംബങ്ങള്‍ വലിയ വേദനയിലാണ് കഴിയുന്നത്. ഉത്തരവാദിത്വമുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെന്ന നിലയില്‍ വേദന അടക്കിപ്പിടിച്ചു കഴിയുന്ന ആ ജനസമൂഹത്തിന് സാന്ത്വനം നല്‍കാന്‍ നമുക്ക് കഴിയേണ്ടതല്ലേ; അവരുടെ തീരാദുഃഖത്തിന് നമ്മളും പങ്കു ചേരേണ്ടതല്ലേ; ഓഖി ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്കുവേണ്ടി ഈ നിയമസഭ ഏകകണ്ഠമായി ഒരു പ്രമേയം പാസ്സാക്കേണ്ടതായിരുന്നു. നമ്മള്‍ അതും ചെയ്തില്ല. ഇവിടെ ഈ വിഷയമുന്നയിക്കാന്‍ ഞങ്ങള്‍ എത്ര പാടുപെട്ടിട്ടാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. അതിനായി ഞങ്ങള്‍ക്ക് ഒരുപാട് വാദമുഖങ്ങള്‍ ഉന്നയിക്കേണ്ടിവന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു മനുഷ്യദുരന്തമുണ്ടായിട്ടില്ല.  ക േംമ െമ ാമി ാമശറ റശമെേെലൃ  എന്നെനിക്ക് പറയേണ്ടിവരും. ഞാന്‍ ഈ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അതുകൊണ്ടാണ്.

മുന്നറിയിപ്പുകളെക്കുറിച്ച് മുഖ്യമന്ത്രി ഇവിടെ പറയുകയുണ്ടായി. ഞാനതിന്റെ വിശദാംശങ്ങളിലേയ്ക്ക് പോകുന്നില്ല. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം കേരളത്തിന്റെ വാദങ്ങള്‍ തള്ളിയിട്ടുണ്ട്. ചുഴലിക്കാറ്റ് സംബന്ധിച്ച് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനുള്ള മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദത്തോട് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് യോജിപ്പില്ല. കാലാവസ്ഥ മുന്നറിയിപ്പുള്ള ബുള്ളറ്റിന്‍ തിരുവനന്തപുരത്തെ കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തോടൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിക്കും ലഭ്യമായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ സ്ഥിരം കൈകാര്യം ചെയ്യുന്നതിനാല്‍ സാങ്കേതിക സൂചനകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. മുഖ്യമന്ത്രി ഇവിടെ ഉന്നയിച്ചതെല്ലാം സാങ്കേതിക കാര്യങ്ങളാണ്. 29 -ാം തീയതി മുന്നറിയിപ്പുണ്ടായിരുന്നു. എത്ര തവണ മുന്നറിയിപ്പുണ്ടായിരുന്നു എന്നതിന്റെ രേഖകള്‍ എല്ലാ മാധ്യമങ്ങളിലും വന്നതാണ്. 29 -ാം തീയതിയില്‍ രാവിലെ 11.50 നുള്ള പ്രത്യേക ബുള്ളറ്റിനില്‍ ന്യൂനമര്‍ദ്ദം അതിന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിലെ ഉദ്യോഗസ്ഥ•ാരുടെ തല പരിശോധിക്കണം എന്നെനിക്ക് തോന്നുന്നു. അവരുടെ ഉത്തരവാദിത്വമെന്താണ്? ഇങ്ങനെ ഒരു മെസേജ് വന്നാല്‍ അത് ഇന്റര്‍പ്രട്ട് ചെയ്യാനുള്ള കഴിവും ശാസ്ത്രീയ ബോധവും ഇല്ലാത്ത ആളുകളാണോ ദുരന്ത നിവാരണ അതോറിറ്റിയിലുള്ളത്? കടല്‍ പ്രക്ഷുബ്ദമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുതെന്നുമുള്ള നിര്‍ദ്ദേശം ഗൗരവത്തിലെടുത്ത് മുന്നറിയിപ്പ് നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. ഭൗമശാസ്ത്ര മന്ത്രാലയം പറയുന്ന കാര്യമാണ്. 29 -ാം തീയതി ഉച്ചയ്ക്ക് 2.15 ന് നല്‍കിയ മുന്നറിയിപ്പില്‍ ന്യൂനമര്‍ദ്ദത്തിന്റെ ഉപഗ്രഹചിത്രത്തില്‍ റലുൃലശൈീി എന്ന് രേഖപ്പെടുത്തിയിരുന്നത് അടിയന്തര നടപടികള്‍ എടുക്കാനുള്ള വ്യക്തമായ നിര്‍ദ്ദേശമാണ്. കാലാവസ്ഥ ബുള്ളറ്റിനിലെ നിറവ്യത്യാസങ്ങളുടെ അര്‍ത്ഥമെന്താണെന്നും റെഡ് ലൈന്‍ നിവാരണ അതോറിറ്റിക്കും ചീഫ് സെക്രട്ടറിക്കും കഴിയുന്നില്ല. അതോടൊപ്പംതന്നെ, സാധാരണ കാലാവസ്ഥ അറിയിപ്പുകള്‍ക്ക് പകരമായി 29 -ാം തീയതി നാല് പ്രത്യേക ബുള്ളറ്റിനുകള്‍ ഇറക്കി. 30 -ാം തീയതി രാവിലെ 8.30 ന് അയച്ച ആറാം ബുള്ളറ്റിനിലെ ഉപഗ്രഹ ചിത്രങ്ങള്‍ ചുഴലിക്കാറ്റിനെ സൂചിപ്പിക്കുന്ന റലലുറലുൃലശൈീി എന്ന ചുവന്ന അക്ഷരത്തിലാണ് രേഖപ്പെടുത്തിയത്. ഇങ്ങനെ തുടരെത്തുടരെയായി മുന്നറിയിപ്പ് വരുമ്പോള്‍ ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതല്ലേ; ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഗവണ്‍മെന്റില്‍നിന്ന് ഫാക്‌സ് അയയ്ക്കുന്നു. ഫ്ക്‌സ് തന്റെ ഓഫീസിലാണെന്നും താനത് കണ്ടില്ലെന്നും ചീഫ് സെക്രട്ടറി പറയുന്നു. എന്ത് നിരുത്തരവാദപരമായ പ്രസ്താവനയാണ്.

എം. വിന്‍സെന്റ് എം.എല്‍.എ. തമിഴ്‌നാടിന്റെ കാര്യം പറഞ്ഞു. തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ മുഴുവന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. അവരുടെ റവന്യു വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും അവിടെ ക്യാമ്പ് ചെയ്തു. അറേബ്യന്‍ സമുദ്രത്തില്‍ പവിഴമാലകള്‍ പോലെ കിടക്കുന്ന ദ്വീപ് സമൂഹങ്ങളില്‍ ഒരാള്‍ പോലും ഓഖിമുലം മരിച്ചില്ലെന്ന് നമ്മള്‍ കാണണം. കേരളത്തില്‍ എത്ര പേരാണ് മരിച്ചതെന്ന വിവരം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കൈയില്‍ ഇപ്പോഴും റിപ്പോര്‍ട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതും അപമാനകരവുമായ കാര്യമാണ്.

മുന്നറിയിപ്പുകള്‍ കിട്ടിയപ്പോള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് അങ്ങ് പറയുന്നു. നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചത്? നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല. 2013 ല്‍ ഒറീസ തീരത്ത് സൂപ്പര്‍ സൈക്ലോണ്‍ അടിച്ചപ്പോള്‍ കേവലം 10 പേര്‍ മാത്രമാണ് മരിച്ചത്. പതിനായിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മുന്നറിയിപ്പുള്‍ ഉണ്ടാകുമ്പോള്‍ അവയെ ഗൗരവത്തിലെടുത്തുകൊണ്ട് നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. അത് നിറവേറ്റുന്ന കാര്യത്തില്‍ ഈ ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുന്നു.

ലോകത്ത് എല്ലായിടത്തും കാലാവസ്ഥകളെ സംബന്ധിച്ച് നല്‍കുന്ന വിവരങ്ങള്‍ വിശദമായി അപഗ്രഥിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഉദ്യോഗസ്ഥന്‍മാരെ വയ്ക്കും. ഈ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി പിരിച്ച് വിട്ട് പുതിയ ആളുകളെവച്ച് പുനസംഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്.

ക്രൈസിസ് ഉണ്ടായാല്‍ ഒരു ക്രൈസിസ് മാനേജ്‌മെന്റ് ഉണ്ടാകേണ്ടതല്ലേ? ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവിടെ കണ്‍ട്രോള്‍ റൂം തുടങ്ങിയിരുന്നില്ല. ഞാനാണ് ഫിഷറീസ് വകുപ്പുമന്ത്രിയെയും മറ്റുള്ളവരെയും ബന്ധപ്പെട്ടത്. ഇവിടെ ഒരു റെവന്യു വകുപ്പുമന്ത്രിയുണ്ടോ? ഇത്രയും വലിയ സംഭവമുണ്ടായിട്ട് റെവന്യു വകുപ്പുമന്ത്രി അവിടേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. അഞ്ച് ദിവസം കഴിഞ്ഞ് മുഖ്യമന്ത്രിയോടൊപ്പമാണ് അദ്ദേഹം അവിടെപ്പോയത്. മുഖ്യമന്ത്രിക്ക് അവിടെ നേരിടേണ്ടിവന്ന സാഹചര്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അത് വിശദീകരിക്കേണ്ട ആവശ്യമില്ല. രണ്ട് മന്ത്രിമാരെ ഡെപ്യൂട്ട് ചെയ്യിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി, തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍നിന്ന് പൂവാറിലേയ്‌ക്കോ വിഴിഞ്ഞത്തേയ്‌ക്കോ പോകാന്‍ അര മണിക്കൂര്‍ പോലും എടുക്കുമായിരുന്നില്ലല്ലോ. അങ്ങ് എന്തുകൊണ്ട് പോയില്ല? അങ്ങ് പോകാന്‍ ബാധ്യസ്ഥനായിരുന്നു. ആറു ദിവസം കഴിഞ്ഞിട്ടാണ് അങ്ങവിടേയ്ക്ക് പോയത്. പിന്നീട് പ്രധാനമന്ത്രിയുടെ എസ്.പി.ജി. കവറേജ് ഉണ്ടായിരുന്ന സാഹചര്യത്തിലാണ് അങ്ങ് അവിടേയ്ക്ക് പോയത് എന്നുള്ള കാര്യം ഓര്‍മ്മിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

രാഹുല്‍ ഗാന്ധിയും നിര്‍മ്മല സീതാരാമനും അവിടെ പോയിരുന്നു. അവര്‍ക്ക് ജനങ്ങള്‍ നല്‍കിയ സ്വീകരണവും പരിഗണനയും എന്തുകൊണ്ടാണ് നമ്മുടെ മുഖ്യമന്ത്രിക്ക് കിട്ടാതിരുന്നത്? നമ്മുടെ മുഖ്യമന്ത്രിക്ക് അത് കിട്ടണമായിരുന്നു എന്നാണ് ഞാനാഗ്രഹിക്കുന്നത്. പിണറായി വിജയനല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹം അവിടെ ചെന്നപ്പോള്‍ കിട്ടിയത് എന്തായിരുന്നു; സ്വന്തം കാറില്‍ കയറാന്‍ കഴിയാതെ മറ്റൊരു മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെടേണ്ടിവന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എന്നതാണ് സത്യം.

ഓഖി ദുരന്തം സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് ചെയ്യാത്തത്? പുറ്റിങ്ങല്‍ ദുരന്തമുണ്ടായപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ഈ ഗവണ്‍മെന്റ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തത്? ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ യഥാര്‍ത്ഥ കള്ളി പുറത്തുവരും. വസ്തുതകളും കുറ്റക്കാരുടെ കാര്യങ്ങളും പുറത്തുവരും. ഗവണ്‍മെന്റ് മെഷിനിറിയുടെ പരാജയം പുറത്തുവരും. ഇപ്പോള്‍ ചെയ്തത് വളരെ രസകരമായ കാര്യമാണ്. ഇക്കാര്യങ്ങള്‍ പഠിക്കാനായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അധിപനായ രമണ്‍ ശ്രീവാസ്തവയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ് കാലാവസ്ഥ നിരീക്ഷണവും രമണ്‍ ശ്രീവാസ്തവയും തമ്മിലുള്ളത്.

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നതിനും വിമാനത്തില്‍ സഞ്ചരിക്കുന്നതിനും ഇവിടെ ആര്‍ക്കും പരാതിയില്ല. എല്ലാ മുഖ്യമന്ത്രിമാരും അങ്ങനെ സഞ്ചരിക്കാറുണ്ട്. പക്ഷേ, അതിന്റെ പണം കൊടുക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്നായിരുന്നില്ല എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ വിമര്‍ശനം. മുഖ്യമന്ത്രി തൃപ്രയാറില്‍നിന്നും തിരുവനന്തപുരത്തേക്ക് കേന്ദ്ര സംഘത്തെ കാണാന്‍ വന്നത് തെറ്റല്ല. തിരിച്ചുപോയത് പാര്‍ട്ടി പരിപാടിക്കാണ്. അതു തെറ്റല്ല, വിമാനമുപയോഗിക്കുന്നതോ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതോ തെറ്റല്ല. എന്നാല്‍ പാവപ്പെട്ട ആളുകള്‍ക്ക് ദുരന്തമുണ്ടായപ്പോള്‍ അവരെ സഹായിക്കാനുള്ള ദുരന്ത നിവാരണ ഫണ്ടില്‍നിന്നും പണം ചിലവഴിച്ചത്. അപഹാസ്യമായിപ്പോയി എന്നാണ് എനിക്ക് പറയാനുള്ളത്. പാര്‍ട്ടി പണം കൊടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു, പാര്‍ട്ടി കൊടുത്തോ; ഇല്ലല്ലോ? പാര്‍ട്ടി കൊടുക്കണമെന്ന് ഞാന്‍ പറയുന്നില്ല. കാരണം കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എവിടെയും എപ്പോഴും സഞ്ചരിക്കാന്‍ ഹെലികോപ്ടറോ വിമാനമോ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റും ആരും പറയുന്നില്ല. പക്ഷേ, ആ പണം കൊടുത്ത രീതി ദൗര്‍ഭാഗ്യകരമായ സംഭവമായിപ്പോയി എന്നാണ് എനിക്ക് പറയാനുള്ളത്.

സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ച തീരപ്രദേശവും എന്റെ നിയോജകമണ്ഡലത്തിലായിരുന്നു. അവിടെ അക്കാലത്ത് ഗവണ്‍മെന്റ് നടത്തിയ നടപടികള്‍ ശ്ലാഘനീയമായിട്ടാണ് ഇന്നും ജനങ്ങള്‍ കാണുന്നത്. ദുരന്തമുണ്ടായപ്പോള്‍ കേരളത്തിലെ ഗവണ്‍മെന്റ് അന്നെടുത്ത നടപടികളെ എല്ലാവരും ശ്ലാഘിച്ചതാണ്. റവന്യുവകുപ്പു മന്ത്രി അടിയന്തര ക്യാബിനറ്റ് മീറ്റിംഗ് കൂടി, എല്ലാ ദിവസവും ക്യാബിനറ്റ് ചേര്‍ന്നു, മന്ത്രിമാരെ ഡെപ്യൂട്ട് ചെയ്തു. ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിമാര്‍ക്ക് ചുമതലയുണ്ടായിരുന്നു. അവര്‍ ആ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി കോ-ഓര്‍ഡിനേറ്റ് ചെയ്തു. ഇക്കാര്യങ്ങളൊന്നും നിങ്ങള്‍ ഇപ്പോള്‍ ചെയ്യാതിരുന്നത് ഞങ്ങള്‍ക്ക് പറയാതിരിക്കാന്‍ കഴിയുമോ; ഇതെല്ലാം പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. ഇതുപോലൊരു ദുരന്തമുണ്ടാകുമ്പോള്‍ നിഷ്‌ക്രിയമായി നോക്കിനിന്ന ഒരു സര്‍ക്കാരിന്റെ ദയനീയമായ ചിത്രമാണ് കേരളം കണ്ടത്. ഇനിയും തിരിച്ചെത്താത്ത ആ നൂറ്റിയെട്ട് പേരുടെ കാര്യത്തില്‍ ആരാണ് സമാധനം പറയുക; അവര്‍ എവിടെപ്പോയി? മത്സ്യത്തൊഴിലാളി കുടിലുകളില്‍ തീ പുകഞ്ഞിട്ട് ദിവസങ്ങളായി. ആ പാവപ്പെട്ട നൂറ്റിയെട്ടു പേരുടെ ജീവനെ സംബന്ധിച്ച് നമുക്ക് എന്ത് പറയാന്‍ കഴിയും? എല്ലാവരും ക്രിസ്തുമസിന് മടങ്ങിവരുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞു. ക്രിസ്തുമസിന് തലേദിവസം ഞാന്‍ തുമ്പയിലും മറ്റു മത്സ്യത്തൊഴിലാളി പ്രദേശങ്ങളിലും പോയിരുന്നു. മന്ത്രി പറഞ്ഞല്ലോ, ക്രിസ്തുമസിന് തിരിച്ചുവരുമെന്ന്, അതുകൊണ്ട് അവരെല്ലാം കാത്തിരിക്കുകയായിരുന്നു. ഒരാളും ക്രിസ്തുമസിന് ശേഷം തിരിച്ചുവന്നില്ല. ഗുജറാത്തില്‍ മൃതശരീരം കണ്ടു. ആ മൃതശരീരം ഇവിടെയെത്തിക്കാന്‍ എത്ര ദിവസം വേണ്ടിവന്നു. അതുകൊണ്ടാണ് ആളുകള്‍ പ്രക്ഷുബ്ദരായത്. ഞാന്‍ അവസാനിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയം ഇക്കാര്യത്തില്‍ കാണാന്‍ കഴിയും. നൂറ്റിയെട്ട് മനുഷ്യ ജീവനുകളെ സംബന്ധിച്ച് യാതൊരു വിവരവും സര്‍ക്കാരിന്റെ കൈയിലില്ല. ഈ ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ മറുപടി പറയാനുള്ള ഉത്തരവാദിത്തമില്ലേ? ലത്തീന്‍ രൂപത ഒന്നു പറയും, റെവന്യു വകുപ്പ് മറ്റൊന്നും പറയും, മത്സ്യത്തൊഴിലാളി വകുപ്പ് ഇതില്‍നിന്നും വ്യത്യസ്തമായി വേറൊന്ന് പറയും, മനുഷ്യജീവന് വില  കല്പ്പിക്കാത്ത ഈ സര്‍ക്കാര്‍ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.