Press Release

ബ്രൂവറി ഫയല്‍ എവിടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി

ബ്രൂവറിയും ഡിസ്റ്റിലറിയുംഅനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഇടപാട് നിഗൂഢത നിറഞ്ഞതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സിയില്‍ ഔദ്യോഗികമായി ഓഫീസ് ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം.
മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍  മന്ത്രിസഭയിലോ ഘടക കക്ഷികളുമായോ ചര്‍ച്ച നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. മറിച്ച് തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ആ ഫയല്‍ എവിടെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.
വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണ് ബ്രൂവറി ഫാക്ടറികള്‍. നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വ്യാവസായിക സംരംഭമല്ല ബ്രൂവറി. വന്‍തോതില്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടി വരും. മലമ്പുഴ എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരേ ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം പ്ലാച്ചിമട സമരംപോലെ മുന്നോട്ടുപോകും.
കോടതിവിധികളെ മാനിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയേയും മാനിക്കുന്നു. അതോടൊപ്പം സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങളെ വിസ്മരിക്കാനാവില്ല.ബഹുസ്വരതയുടെ  നാടാണ് നമ്മുടേത.്  നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരുരാത്രി കൊണ്ട് അവസാനി പ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. വിശ്വാസത്തെ വ്രണ പ്പെടുത്തുന്ന സമീപനം ഉണ്ടാകാന്‍ പാടില്ല. അയ്യപ്പ ഭക്തന്‍മാര്‍ ക്കിടയിലും ഭിന്നാഭിപ്രായങ്ങളുണ്ട്. അത് പരിഹരിക്കാനും യുക്തമായ നടപടി സ്വീകരിക്കാനും പുനഃപരിശോധന ഹര്‍ജിയിലൂടെ കഴിയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുക എന്നതാണ്  ഏറ്റവും വലിയ ദൗത്യം. അതിന്റെ അദ്യഘട്ടമായി ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കും. യു.ഡി.എഫിനെ കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകും. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തു വന്നിരുന്ന കുറെ വിഭാഗങ്ങള്‍ പലകാരണങ്ങളാല്‍ സമീപകാലത്ത്  അകലം പാലിക്കുന്നു. അവരെ തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഒരു കണ്ണാടിയായിട്ടാണ് കാണുന്നതെന്ന്മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
more

മറ്റുള്ളവരുടെ വേദന പ്രധാനമന്ത്രി അറിയുന്നുണ്ടോ: മുല്ലപ്പള്ളി രാമചന്ദ്രന്‍

മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നവനാണ് നല്ല മനുഷ്യനെന്ന് ഗാന്ധി ദിനത്തില്‍ അനുസ്മരിച്ച പ്രധാനമന്ത്രി, സ്വന്തം മനഃസാക്ഷിയിലേക്ക് തിരിഞ്ഞു നോക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ദിരാഭവനില്‍ മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനയ്ക്കും പ്രാര്‍ത്ഥനാ സംഗമത്തിനും ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ സ്മരണ  ഇല്ലായ്മ ചെയ്യാനുള്ള സംഘടിത ശ്രമം നടക്കുന്നു. ഗാന്ധിയെ കുറിച്ചുള്ള പാഠ്യഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നീക്കുന്നതും ഗാന്ധിഘാതകനായ ഗോഡ് സെക്കായി ക്ഷേത്രം പണിയുന്നതും ഗാന്ധി പ്രതിമകള്‍ തകര്‍ക്കുന്നതും അതിന്റെ ഭാഗമാണ്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിയുടെ ചിത്രത്തിന് എതിര്‍വശത്തായി സവര്‍ക്കറുടെ ചിത്രം തൂക്കുന്നു.
ഗാന്ധിജിയെ പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ട സമയമാണിത്. രാജ്യമിന്ന്  നേരിടുന്ന എല്ലാ സമസ്യകള്‍ക്കും ഉത്തരം ഗാന്ധിജിയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുമാണ്. അധിനിവേശ ശക്തികള്‍ക്കെതിരെ ഒറ്റയ്ക്കു പോരാടിയ ഗാന്ധിജിയാണ് നമ്മുടെ വഴികാട്ടി. അറിയേണ്ടതെല്ലാം നമ്മെ പഠിപ്പിച്ച ഗുരുനാഥന്‍ കൂടിയാണ് അദ്ദേഹം. ധാര്‍മികമായി ശരിയല്ലാത്തതൊന്നും തന്നെ രാഷ്ട്രീയമായി ശരിയല്ലെന്നും പറഞ്ഞ മഹാന്‍ കൂടിയാണ് ഗാന്ധിജി. അവശത അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച വ്യക്തിയാണ് ഗാന്ധിജി. 1924 ലെ മഹാപ്രളയകാലത്ത് ഒരു ലക്ഷം രൂപ സ്വരൂപിച്ച് പ്രളയ ബാധിതര്‍ക്കു നല്‍കാന്‍  തയ്യാറായ മഹാത്മാഗാന്ധിജിയുടെ ഉജ്ജ്വല മാതൃക ചൂണ്ടിക്കാട്ടാവുന്നതാണ്.
രാമനും റഹിമും നൈനികതയുടെ ഇരുവശങ്ങളാണെന്നും എന്റെ രാമന്‍ മര്യാദ പുരുഷോത്തമനാണെന്നും ഗാന്ധിജി വ്യക്തമാക്കി യിട്ടുണ്ട്. ആ ശ്രീരാമന്റെ പേരിലാണ് ഇവിടെ വര്‍ഗീയ ലഹളകള്‍ക്ക് ആസൂത്രിത ശ്രമം നടക്കുന്നത്. ഹിന്ദു മുസ്ലീം മൈത്രിക്കായി ജീവന്‍ ബലിനല്‍കിയ രക്തസാക്ഷിയാണ് ഗാന്ധിജി. ഗാന്ധിജിയെ സ്വന്തം മനസിലും ജനമനസുകളിലും എത്തിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും  പ്രതിജ്ഞയെടുക്കണം. പ്രളയാനന്തരം  നവകേരള നിര്‍മാണത്തില്‍ ഗാന്ധിജിയുടെ ഹരിത ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ കെ.മുരളീധരന്‍, എം.എം.ഹസന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, എം.എല്‍.എമാരായ  വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എന്‍.ശക്തന്‍, മണക്കാട് സുരേഷ്, പഴകുളം മധു തുടങ്ങിയവര്‍ പങ്കെടുത്തു.
more

അനുശോചനക്കുറിപ്പ്

വയലിന്‍ ചക്രവര്‍ത്തി ബാലഭാസ്‌കറുടെ അകാല നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ സംഗീത ലോകത്തേയും യുവാക്കളേയും വേദനയിലാഴ്ത്തി. സംഗീത പ്രേമികളില്‍ അദ്ദേഹം അമരനായിരിക്കുമെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍ ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകള്‍ മലയാള സിനിമയ്ക്ക് മറക്കാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
more

ശുഹൈബ് വധവുമായി ബന്ധപ്പെട്ട് സത്യസന്ധമായി റിപോർട്ടിങ് നടത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്ന വാർത്ത ഞെട്ടിക്കുന്നതാണ്

ശുഹൈബ് വധവുമായി ബന്ധപ്പെട്ട് സത്യസന്ധമായി റിപോർട്ടിങ് നടത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള അതിക്രമമാണ് ഇത് . ശുഹൈബ് വധവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ തന്നെ വിവരങ്ങൾ പ്രതികൾക്ക് ചോർത്തി നൽകി എന്ന കണ്ണൂർ എസ് പിയുടെ വാക്കുകൾ ഇതോടോപ്പം കൂട്ടിവായിക്കേണ്ടതാണ്.
ഇത്തരം പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ക്രമസമാധാനം പരിപാലിച്ച് അക്രമം തടയേണ്ട പോലീസ് തന്നെ അക്രമത്തിന് ഒത്താശ ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഈ ഗൂഢാലോചനക്ക് നേതൃത്വം നൽകിയ പോലീസുകാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം

https://www.facebook.com/mmhassan.inc/posts/766627973539639

more

പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഷുഹൈബിന്റെ കൊലപാതകത്തില്‍ കലാശിച്ചത് : ഉമ്മന്‍ചാണ്ടി

തുടര്‍ച്ചയായ സിപിഎം- ബിജെപി സംഘട്ടനം കോണ്‍ഗ്രസിലേക്കു കൂടി വ്യാപിപ്പിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് ഷുഹൈനുവിന്റെ ക്രൂരമായ കൊലപാതകമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അവിടെയുണ്ടായിരുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍  ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് അനങ്ങിയില്ല. ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ അക്രമങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായി. ഇതൊക്കെ  സര്‍ക്കാരിന്റെ മൗനസമ്മതത്തോടു കൂടി മാത്രം നടക്കുന്ന കാര്യങ്ങളാണ്.
കേരളം വീണ്ടും രക്തച്ചൊരിച്ചിലിലേക്കു വഴുതിവീണിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു വര്‍ഷം തികയുംമുമ്പേ രാഷ്ട്രീയകൊലപാതകങ്ങളില്‍ 22 പേരാണു മരിച്ചത്. പോലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിനു കഴിയുന്നില്ല.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനാധിപത്യവിശ്വാസികളായ എല്ലാവരും രംഗത്തുവരണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.
more

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കേരളമനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് തമ്പാനൂര്‍ രവി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം കേരളമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി.
കൊലപാതക രാഷ്ട്രീയത്തിലൂടെ മാത്രമേ പ്രസ്ഥാനത്തെ വളര്‍ത്താന്‍ കഴിയൂയെന്ന സി.പി.എമ്മിന്റെ ഹീനചിന്താഗതിയാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ ദിനംപ്രതി കേരളത്തില്‍ വര്‍ധിക്കുന്നത്. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്ന ചിന്തയാണ് സി.പി.എമ്മിന്റേത്. സംസ്ഥാന ഭരണം കയ്യാളുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. സി.പി.എമ്മിന്റെ കയ്യിലെ കളിപ്പാവയായി പോലീസ് മാറി. അതിനാലാണ് അക്രമങ്ങളും കൊലപാതകങ്ങളും തടയുന്നതില്‍ പോലീസ് നിഷ്‌ക്രിയമായത്.
സംസ്ഥാന ഭരണം നടത്തുന്ന സി.പി.എമ്മും കേന്ദ്രഭരണം നടത്തുന്ന ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഓരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഷുഹൈബിന്റെ കൊലപാതികളെ കണ്ടെത്തി മാതൃകാപരവും നിയമപരവുമായ ശിക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലായെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യപാകമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്താന്‍  ഡി.സി.സികള്‍ക്കും ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ സമാധാനപരമായിരിക്കണമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.
more

ഷുഹൈബിന്റെ കൊലപാതകം സി.പി.എം ഭീകരത: എ.കെ.ആന്റണി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. ഷുഹൈബിനെ ബോബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സി.പി.എം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി. സി.പി.എം ഭീകരതയ്ക്ക് മുമ്പില്‍ സംസ്ഥാന പോലീസ് തികച്ചും നിഷ്‌ക്രീയരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നതാണ് സി.പി.എം മാനോഭാവം. സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധം. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിക്കുന്നു.  സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറിയിരിക്കുകയാണ്.
ക്രമസമാധാനം സംരക്ഷിക്കാന്‍ കഴിയാത്ത ഈ പോലീസിന് കീഴില്‍ ഷുഹൈബ് വധകേസിലെ പ്രതികളെ കണ്ടത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നകാര്യത്തില്‍ സംശയമുണ്ട്. യഥാര്‍ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പഴുതില്ലാത്ത നിലയില്‍ ശിക്ഷ ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റ് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നും എ.കെ.ആന്റണി പറഞ്ഞു.
കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയും കേരളത്തിലെ ഭരണകക്ഷിയായ സി.പി.എമ്മും മത്സരിച്ചു നടത്തുന്ന കൊലപാതകങ്ങള്‍ കേരളത്തില്‍ സമാധാന പരമായ ജനജീവിതം അസാധ്യമാക്കിയിരിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ബി.ജെ.പിയുടേത് വര്‍ഗ്ഗീയ ഫാസിസവും അസഹിഷ്ണുതയുമാണെങ്കില്‍ സി.പി.എമ്മിന്റേത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. കണ്ണൂരിനെ ചോരക്കളമാക്കുന്നതില്‍ പ്രധാന റോള്‍ സി.പി.എമ്മിനുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
more

സൈന്യത്തെ അപമാനിച്ച പ്രസ്താവന പിന്‍വലിച്ച് മോഹന്‍ ഭാഗവത് മാപ്പ് പറയണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സൈന്യത്തെയും രാജ്യത്തെ ജനങ്ങളെയും അപമാനിച്ച് നടത്തിയ പ്രസ്താവന പിന്‍വലിച്ച്  ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇസഡ് കാറ്റഗറി സുരക്ഷയില്‍ ഇരുന്നു കൊണ്ടാണ് രാജ്യസുരക്ഷയ്ക്ക് ആര്‍.എസ്.എസുകാരെ രംഗത്തിറക്കാമെന്ന് മോഹന്‍ഭാഗവത് വീമ്പിളക്കുന്നത്. മൂന്നല്ല, മൂന്ന് വര്‍ഷം പരിശീലിപ്പിച്ചാലും  രാജ്യത്തിന് വേണ്ടി ആര്‍.എസ്.എസിന് ഒന്നം ചെയ്യാന്‍ കഴിയില്ല. 1925 കാലത്ത് രൂപീകരിച്ച ആര്‍.എസ്.എസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബ്രിട്ടീഷുകാരെ പുകഴ്ത്തുകയും പലവട്ടം മാപ്പെഴുതികൊടുത്ത് തലയൂരുകയും ചെയ്ത സര്‍വര്‍ക്കറുടെ പിന്‍മുറക്കാര്‍ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. ആയുധ പരിശീലനം അടക്കം നല്‍കി സമാന്തര സേന രൂപീകരിച്ച് രാജ്യത്തിന്റെ സമാധാനത്തെ വെല്ലുവിളിക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്.
ആര്‍.എസ്.എസ് നേടിയെടുത്ത കായിക ബലവും ഹൂങ്കും കൊണ്ട് ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് കലാപം തുടങ്ങിയ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. നിര്‍മ്മാണാത്മകവും രാജ്യത്തിന് ക്ഷേമകരമായ ഒരു കാര്യവും  ചെയ്തു പാരമ്പര്യമില്ലാത്ത ആര്‍.എസ്.എസ് ഇപ്പോള്‍ ജനങ്ങളെയും സൈന്യത്തെയും ഒരു പോലെ വെല്ലുവിളിക്കുകയും അപമാനിക്കുകയുമാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

more

സി.പി.എം. നേതൃത്വത്തിലുള്ള അക്രമങ്ങള്‍ക്ക് പോലീസ് ഒത്താശ: എം.എം.ഹസന്‍

വടകര ഓര്‍ക്കാട്ടേരിയില്‍ സി.പി.എം നേതൃത്വത്തിലുള്ള അക്രമങ്ങള്‍ക്ക്  പോലീസ് ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആര്‍.എം.പി നേതാക്കളുടെ വീട് അടിച്ചു തകര്‍ക്കുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കാറുകള്‍ തല്ലിപ്പൊളിച്ച് തീവയ്ക്കുകയും ചെയ്തിട്ടും അക്രമം തടയാന്‍ പോലീസിന്  കഴിഞ്ഞില്ല. അധികാരത്തിന്റെ തണലില്‍  സി.പി.എം അക്രമപരമ്പരകള്‍ നടത്തുമ്പോള്‍ പോലീസ് നിഷ്‌ക്രിയമാണ്. ആര്‍.എം.പി  പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ സി.പി.എം അക്രമം അപലപനീയമാണ്. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടി അടിയന്തരമായി എടുക്കണമെന്നും എം.എം.ഹസന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് ഭരണത്തില്‍  സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. കൊയിലാണ്ടിയില്‍ സി.പി.എമ്മും ആര്‍.എസ്.എസും അക്രമം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സമാധാനജീവിതം ഉറപ്പുവരുത്താന്‍ തയ്യാറാകണം. ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് സി.പി.എമ്മിന്റേതും ആര്‍.എസ്.എസിന്റേതുമെന്നും ഹസന്‍ പറഞ്ഞു.
more

വര്‍ഗീയശക്തികളില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം : തുഷാര്‍ ഗാന്ധി

Thusahr Gandhi, KPCC Programme, Gandhijayanthi

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി.  ഗാന്ധിജിയുടെ 70-ാം രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഗാന്ധിജിയിലേക്ക് മടങ്ങുക’ എന്ന ഒന്‍പത് മാസം നീണ്ടുനില്‍ക്കുന്ന ഗാന്ധിസ്മൃതി സംഗമ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശയപരമായ യുദ്ധമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ഐക്യമുള്ള രാജ്യത്തേയും ജനതയേയും പടത്തുയര്‍ത്തുകയാണ്  കോണ്‍ഗ്രസിന്റെ ലക്ഷ്യമെങ്കില്‍ രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് നാഥുറാം ഗോഡ്‌സെ അനുയായികളുടെ ആശയം. ഗാന്ധിയന്‍ ആശയങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് വര്‍ഗീയ ശക്തികള്‍ക്കെതിരേ പൊരുതാനുള്ള   നവയൗവനം നല്‍കും. വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ ദിനംപ്രതി ജനങ്ങളെ ഭക്ഷണത്തിന്‍േയും സിനിമയുടെയും പേരില്‍ ഭിന്നിപ്പിക്കാന്‍ സംഘടിതശ്രമം നടക്കുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരം നടത്തേണ്ടിയിരിക്കുന്നൂവെന്നും തുഷാര്‍ഗാന്ധി പറഞ്ഞു.
ഒരുരാജ്യം ഒരൊറ്റജനത എന്ന ആശയം പടുത്തുയര്‍ത്താനുള്ള പോരാട്ടത്തിന് നേതൃത്വം വഹിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ അത് തെളിയിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതെന്നും അഭിമാനത്തോടെ പറയാന്‍ കഴിയും.  കോണ്‍ഗ്രസ് നേതാക്കളായ ജവര്‍ലാല്‍ നെഹ്രവുംസര്‍ദാര്‍ പട്ടേലും  രാജ്യത്തെ എല്ലാ ജനങ്ങളേയും ഒരുമിച്ച് നിര്‍ത്തിക്കൊണ്ടാണ് മഹത്തായ ഇന്ത്യയെ കെട്ടിപ്പെടുക്കുവാന്‍ പരിശ്രമിച്ചത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ശരിയായ ദിശയിലേക്ക്  നയിക്കാന്‍ കോണ്‍ഗ്രസിന് കരുത്ത് നല്‍കിയതും ആ ആശയങ്ങള്‍ തന്നെയാണ്. വര്‍ഗീയതയുടേയും അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാന്‍ ഓരോ പൗരനും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് തുഷാര്‍ഗാന്ധി ആവശ്യപ്പെട്ടു.
ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഗാന്ധിഘാതകനായ ഗോഡ്‌സയെ അവതാരപുരുഷനായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ഗാന്ധിജിയില്‍ നിന്നും അകന്നതുമൂലമാണ്  രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും വെല്ലുവിളി  നേരിടുന്നതെന്ന് എം.എം.ഹസന്‍ പറഞ്ഞു.
അസഹിഷ്ണുതയേയും വെറുപ്പിന്റെ രാഷ്ട്രീയത്തേയും ചെറുത്തു തോല്‍പ്പിക്കാന്‍ ഗാന്ധിയന്‍ ആശയങ്ങളിലൂടെ കഴിയുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനായി വര്‍ഗീയത പടര്‍ത്തുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോകരാഷ്ട്രങ്ങള്‍ ഗാന്ധിജിയെ ആദരിക്കുമ്പോള്‍ ബി.ജെ.പി ഗന്ധിജിയെ അപമാനിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വര്‍ഗീയ ശക്തികള്‍ക്കെതിരേ പോരാടാന്‍ നമുക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും നല്‍കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന കാവ്യാര്‍ച്ചനയില്‍  സുഗതകുമാരി ടീച്ചര്‍, ബിച്ചു തിരുമല, മുരുകന്‍ കാട്ടാക്കട തുടങ്ങി പ്രമുഖര്‍ കവിത ചൊല്ലി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി 70 ഗാന്ധി സ്മൃതി ദീപങ്ങള്‍ തെളിയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, റ്റി ശരത് ചന്ദ്രപ്രസാദ്, എം.എല്‍.എമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.റ്റി.തോമസ്, വി.ഡി.സതീശന്‍,  വി.എസ്.ശിവകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പന്തളം സുധാകരന്‍, സജീവ് ജോസഫ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ്, ആര്‍.വത്സലന്‍,  ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍, എം.ആര്‍.തമ്പാന്‍, കെ.വിദ്യാധരന്‍,  കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
more